ബസിൽ ലഗേജുകൾ കൊണ്ടുപോകുന്നതിന് ചെലവ് കൂടും; ലഗേജ് ചാർജ് 15 ശതമാനം ഉയർത്തി കർണാടക RTC

ബെംഗളൂരു: കർണാടക ആർ.ടി.സി. ബസുകളിൽ ഇനി ലഗേജുകൾ കൊണ്ടുപോകുമ്പോൾ കൂടുതൽ പണം നൽകണം. ലഗേജ് ചാർജ് വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ഉത്തരവിറക്കി. 15 ശതമാനമാണ് വർധന. ഇത് തിങ്കളാഴ്ച നിലവിൽ വരും. 30 കിലോഗ്രാമിലധികം തൂക്കമുള്ള ലഗേജിനാണ് ചാർജ് ഈടാക്കുക. സ്റ്റേജ് അടിസ്ഥാനമാക്കിയാണ് ലഗേജ് ചാർജും ഈടാക്കുക.
ആറ് കിലോമീറ്റർ വ്യത്യാസത്തിലാണ് സ്റ്റേജുകൾ നിജപ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതൽ അഞ്ചുവരെ സ്റ്റേജുകളിലേക്ക് ആറ് രൂപയാണ് ലഗേജിന് ഈടാക്കുക. ആറ് മുതൽ പത്ത് വരെ സ്റ്റേജുകളിലേക്ക് 12 രൂപയും 11 മുതൽ 15 വരെ സ്റ്റേജുകളിലേക്ക് 20 രൂപയും 16 മുതൽ 20 വരെ സ്റ്റേജുകളിലേക്ക് 25 രൂപയും ലഗേജ് ചാർജ് ഈടാക്കും.
21 മുതൽ 50 വരെ സ്റ്റേജുകളിലേക്ക് 28 രൂപ മുതൽ 50 രൂപവരെയായിരിക്കും ഈടാക്കുക. 51 മുതൽ 55 വരെ സ്റ്റേജുകൾക്ക് 54 രൂപ ഈടാക്കും. സ്റ്റേജ് 156 മുതൽ 160 വരെയാകുമ്പോൾ 145 രൂപ ലഗേജ് ചാർജായി നൽകണം.
കേരളത്തിലേക്കുൾപ്പെടെയുള്ള ദീർഘദൂരയാത്രക്കാരുടെ ലഗേജുകൾക്കായിരിക്കും ഇത്രയും തുക നൽകേണ്ടിവരുക. ലഗേജ് ചാർജ് വർധിപ്പിക്കുന്നതിനനുസരിച്ച് യാത്രാ ടിക്കറ്റ് ചാർജ് വർധിപ്പിച്ചിട്ടില്ല.
കഴിഞ്ഞ വർഷം നവംബറിലാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. അന്ന് ലഗേജ് ചാർജ് വർധിപ്പിച്ചിരുന്നില്ല. അതിനാലാണ് ഇപ്പോൾ ലഗേജ് ചാർജ് മാത്രമായി വർധിപ്പിക്കുന്നത്. 2021 ഡിസംബറിലാണ് ഏറ്റവുമൊടുവിൽ ലഗേജ് ചാർജ് വർധിപ്പിച്ചത്.
Content Highlights: Karnataka RTC buses will now charge more for luggage. KSRTC has increased luggage charges by 15%, effective Monday. Learn about the new rates for cargo exceeding 30kg.