ആറുവരിപാതയിലെ അഴിഞ്ഞാട്ടം, 'കൃതിക'യെ തൂക്കി MVD; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് തെറിച്ചു | Video

കൊയിലാണ്ടി: ദേശീയപാതയിൽ അഞ്ചു കിലോമീറ്ററോളം തെറ്റായദിശയിൽ ഓടിയ സ്വകാര്യബസ് ജീവനക്കാർക്കെതിരേ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസുകൾ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും പെർമിറ്റ് ചട്ടലംഘനത്തിനെതിരേ ബസിന് പിഴയിടുകയും ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'കൃതിക' ഗ്രൂപ്പിന്റെ കെ.എൽ. 08 എ.സെഡ്. 6696 ബസാണ് പൂക്കാടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഗതാഗതനിയമങ്ങൾ കാറ്റിൽപ്പറത്തി ദേശീയപാതയിൽ തെറ്റായ ദിശയിലൂടെ ഓടിയത്. അഞ്ചുകിലോമീറ്ററോളം ബസ് എതിർദിശയിൽ ഓടി. ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് മോട്ടോർവാഹനവകുപ്പ് ഇടപെട്ടത്.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ കൊയിലാണ്ടി പൂക്കാട് നിന്നാണ് ബസ് എതിർദിശയിലേക്ക് പ്രവേശിച്ചത്. തിരുവങ്ങൂർ-പൂക്കാട് ഭാഗത്ത് റോഡ് നിർമാണത്തെ തുടർന്ന് സർവീസ് റോഡിലുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസ് എതിർദിശയിൽ ഓടിച്ചതെന്നാണ് വിവരം. ഇതുതന്നെയാണ് ജീവനക്കാർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരോടും വിശദീകരിച്ചതും.
കഴിഞ്ഞയാഴ്ച തിക്കോടിയിൽ യാത്രക്കാരിയെ ദേശീയപാതയിലെ മേൽപ്പാലത്തിൽ ഇറക്കിവിട്ട സംഭവത്തിൽ ഉടമയുടെപേരിൽ മോട്ടോർവാഹന വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് ഇതേ ഗ്രൂപ്പിന്റെ മറ്റൊരുബസും ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തിരുവങ്ങൂർ-പൂക്കാട് റോഡിൽ റോഡ് പണി നടക്കുന്നതിനാൽ സർവീസ് റോഡിൽ ഗതാഗത തടസ്സമുണ്ടായിരുന്നു. കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലൂടെയാണ് ബസ് അതിവേഗത്തിൽ അപകടമുണ്ടാക്കുംവിധം ഓടിയത്. എതിർഭാഗത്തുനിന്ന് ധാരാളം വാഹനങ്ങൾ ഈ സമയം കോഴിക്കോട് ഭാഗത്തേക്ക് പോകുന്നുണ്ടായിരുന്നു. എതിരേവരുന്ന ബസുകളും മറ്റുവാഹനങ്ങളും വഴിമാറിക്കൊടുത്തത് കൊണ്ടുമാത്രമാണ് അപകടമുണ്ടാകാതിരുന്നത്. ഈ രീതിയിൽ ചില ബസുകൾ മുൻപും എതിർദിശയിൽ ഓടിയിരുന്നു. ഇത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.