ട്രാഫിക് ചെലാനുകൾക്ക് പകുതി പിഴ; ആനുകൂല്യം ഇന്ന് അവസാനിക്കും,പോലീസിന് ലഭിക്കാനുള്ളത് 250 കോടി രൂപ

#ടി.കെ. ബാലനാരായണന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: അഖില്‍ ഇ.എസ്, അജിത്ത് ശങ്കരന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: അഖില്‍ ഇ.എസ്, അജിത്ത് ശങ്കരന്‍

കോഴിക്കോട്: വിവിധ ട്രാഫിക് ചെലാനുകൾക്കുള്ള പിഴത്തുക പകുതി അടയ്ക്കാനുള്ള സൗകര്യം വ്യാഴാഴ്ചയോടെ അവസാനിക്കും. 2024-നും അതിനു മുൻപുമുള്ള ചെലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാനവ്യാപകമായി 2025 ഡിസംബർ 31 വരെ 1,02,53,151 വ്യത്യസ്ത വാഹനങ്ങളിലായി 932,64,90,623 രൂപ പിഴത്തുകയിനത്തിൽ സർക്കാരിന് ലഭിക്കാനുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആനുകൂല്യം നൽകാൻ തീരുമാനിച്ചത്. പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും മൊത്തംപിഴത്തുകയുടെയും കണക്കാണിത്.

ഒട്ടേറെ വാഹന ഉടമകൾ ഉടമസ്ഥാവകാശം പോലും മാറ്റാതെയും പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും പുതുക്കാതെയും വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പിഴ ചെലാനുകൾ വർധിച്ചുവരുന്നതായി അധികൃതർ പറഞ്ഞു. ഇവയിൽ ഒരേ വാഹനത്തിനുതന്നെ വിവിധ പിഴകൾ ഉണ്ടായിട്ടും അവ ഒടുക്കാതിരിക്കുന്നവരുമുണ്ട്. ചില വാഹനങ്ങൾക്ക് വൻതുകയാണ് പിഴസംഖ്യയായുള്ളത്. ഇതോടെ കോടതികളിലെത്തിയ ചെലാനുകളും വർധിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർ പിഴത്തുക 50 ശതമാനമാക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ ആനുകൂല്യത്തോടെ പിഴയൊടുക്കിയാൽ പോലീസിന് മാത്രമായി 250 കോടി രൂപ കിട്ടാനുണ്ട്. എന്നാൽ, ബുധനാഴ്ച രാവിലെ ആറ്ുമണിവരെ നാലുകോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ.

2014 മുതൽ അതിവേഗം കണ്ടുപിടിക്കാനായി പോലീസ് 100 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈയിനത്തിൽമാത്രം 100 കോടി രൂപ പോലീസിന് ലഭിക്കാനുണ്ട്. ഒരു വാഹന ഉടമയ്ക്കും പിഴയിളവ് ആനുകൂല്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ വ്യക്തിപരമായ സന്ദേശം മൊബൈൽ ഫോണിലോ, രേഖാമൂലമോ അയച്ചിട്ടില്ല. അതിനാൽ പലരും ഇത്തരമൊരു ആനുകൂല്യം ഉണ്ടെന്ന കാര്യം വാർത്താമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വഴി മാത്രമാണ് അറിഞ്ഞത്.

services.mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ചാൽ വാഹനത്തിന്റെ പിഴയുടെയും വാഹനത്തിന്റെ നമ്പറും ചേയ്സ് നമ്പറും മൊബൈൽ നമ്പറും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭിക്കും. ഇത്തരത്തിൽ ചെലാനുകളുടെ പിഴസംഖ്യ അടച്ചാൽ തുടർനിയമനടപടികളിൽനിന്ന് ഒഴിവാകാം. പോർട്ടലിൽ യഥാർഥ പിഴത്തുകയുടെയും ഇളവ് ലഭിച്ച തുകയുടെയും വിശദാംശങ്ങൾ ലഭിക്കും. നിലവിൽ കോടതികളിൽ പരിഗണനയിലുള്ള ചെലാനുകൾക്ക് ആനുകൂല്യം ലഭിക്കാൻ അതാത് ജില്ലാ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെടണം.

Content Highlights: 50% discount on traffic challans issued up to 2024 expires today., Total outstanding fines across Kerala exceed 932 crore rupees., Vehicle owners must visit services.mvd.kerala.gov.in to check and pay