'ഭാരത്' കേരളത്തിൽ നടപ്പില്ല, കേന്ദ്രത്തിന്റെ 'നമ്പറില്‍' സംസ്ഥാനത്തിന് നഷ്ടം പ്രതിവർഷം 300 കോടി

ഒറ്റ രജിസ്ട്രേഷനില്‍ സ്വകാര്യവാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാന്‍ കഴിയുന്ന ഭാരത് രജിസ്ട്രേഷനില്‍ കടുത്ത എതിര്‍പ്പുമായി കേരളം. ഇത് നടപ്പാക്കിയാല്‍ വര്‍ഷം 300 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍.
റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്രം നിശ്ചയിച്ച കുറഞ്ഞനിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാരിന് നല്‍കിയ മറുപടിയില്‍ പറയുന്നു. സാമ്പത്തികനഷ്ടത്തിന്റെ കണക്ക് ആദ്യമായിട്ടാണ് പുറത്തുവിടുന്നത്. അധികാരമില്ലാത്ത മേഖലയിലേക്ക് കേന്ദ്രത്തെ കൈകടത്താന്‍ അനുവദിക്കേണ്ടതില്ലെന്ന രാഷ്ട്രീയതീരുമാനവും ബി.എച്ചിന് വിലക്കേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചു.
ഭാരത്: നേട്ടം ഇങ്ങനെ
ബി.എച്ചിലാണെങ്കില്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് രണ്ടുവര്‍ഷത്തെ നികുതി അടച്ചാല്‍ മതിയാകും. ഒരു സംസ്ഥാനത്തെ രജിസ്ട്രേഷനുള്ള വാഹനം മറ്റൊരു സംസ്ഥാനത്ത് ആറുമാസത്തില്‍ കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ അവിടത്തേക്ക് രജിസ്ട്രേഷന്‍ മാറ്റി നികുതി അടയ്ക്കേണ്ടിവരും
ബി.എച്ചില്‍ വാഹനവിലയുടെ (ജി.എസ്.ടി. ഇല്ലാതെ) 12 ശതമാനം നികുതി രണ്ടുവര്‍ഷ തവണയായി അടച്ചാല്‍ മതിയാകും. എന്നാല്‍, ജി.എസ്.ടി. ഉള്‍പ്പെടെ വാഹനവിലയുടെ 21 ശതമാനംവരെ നികുതി സംസ്ഥാനത്ത് ഈടാക്കുന്നുണ്ട്.
ഭാരത് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍
കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, അഞ്ചു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ബി.എച്ച്. രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത രജിസ്ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയത്.
15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്കുപകരം രണ്ടുവര്‍ഷത്തേക്ക് നികുതിയടയ്ക്കാം. വിലയുടെ എട്ടുമുതല്‍ 12 വരെ ശതമാനമാണ് നികുതി. മറ്റു സംസ്ഥാനങ്ങളിലേക്ക് താമസം മാറേണ്ടിവന്നാല്‍ വാഹന രജിസ്‌ട്രേഷന്‍ മാറ്റേണ്ടതില്ല. അടുത്തതവണത്തെ നികുതി അവിടെ അടച്ചാല്‍മതി. 2021 സെപ്റ്റംബര്‍ 15-നാണ് ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനമായ ഭാരത് രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
കേരളത്തിന്റെ എതിര്‍പ്പ്
റോഡുനികുതി നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബി.എച്ച്. രജിസ്‌ട്രേഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ ആരോപണം. വാഹനവിലയുടെ 21 ശതമാനംവരെ നികുതി ഈടാക്കുന്ന കേരളത്തിന് ബി.എച്ച്. രജിസ്‌ട്രേഷന്‍ വന്‍ നികുതിനഷ്ടമുണ്ടാക്കുമെന്ന നിഗമനത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. കേരളത്തില്‍ 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 21 ശതമാനം റോഡ് ടാക്‌സ് ഉണ്ടെങ്കില്‍ ബി.എച്ച്. രജിസ്‌ട്രേഷനില്‍ ഇത് 12 ശതമാനമാണ്.
ബി.എച്ച്. വാഹനങ്ങളോട് എതിര്‍പ്പില്ല
ഭാരത് രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ബി.എച്ച്. രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ സംസ്ഥാനത്ത് ഓടാന്‍ തടസ്സമില്ലെന്ന് മുന്‍ വര്‍ഷങ്ങളില്‍ തന്നെ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. നികുതിനഷ്ടമില്ലാതെ ബി.എച്ച്. രജിസ്‌ട്രേഷന്‍ അനുവദിക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഉപരിതല ഗതാഗതമന്ത്രാലയവും സര്‍ക്കാരും തമ്മില്‍ ആശയവിനിമയം മുന്‍പ് തന്നെ നടത്തിയിരുന്നു.
പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്.
പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു ആദ്യഘട്ടങ്ങളില്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ നേടുന്നതിന് യോഗ്യതയുണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ മാറ്റം വരുത്തി നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കും ബി.എച്ചിലേക്ക് മാറുന്നുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിനുപുറമെ, ബി.എച്ച്. സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യാനും സാധിക്കുമെന്നാണ് പുതുതായി ഇറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.
വാഹനത്തില്‍ ബി.എച്ച്. രജിസ്ട്രേഷന്‍ നല്‍കാന്‍ ഉദേശിക്കുന്നവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ അപേക്ഷിക്കാന്‍ കഴിയും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്. രജിസ്ട്രേഷന്‍ നേടാം.
Content Highlights: Kerala state not allowed bharath registration in state