പ്രൈവറ്റ് ബസുകള്‍ തമ്മില്‍ 10 മിനിറ്റ് മാത്രം ഗ്യാപ്;ട്രിപ്പ് തീരാന്‍ ഒരുദിവസം മതിയാകില്ലെന്ന് ഉടമകൾ

Representational Image | Photo: G Sivaprasad|Mathrubhumi Archives
Representational Image | Photo: G Sivaprasad|Mathrubhumi Archives

തിരുവനന്തപുരം: ഒരേപാതയിലെ സ്വകാര്യബസുകള്‍ തമ്മില്‍ നഗരത്തില്‍ അഞ്ചുമിനിറ്റും ഗ്രാമപ്രദേശങ്ങളില്‍ പത്തുമിനിറ്റും സമയവ്യത്യാസം നിര്‍ബന്ധമാക്കിയ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) തീരുമാനം യാത്രാക്ലേശത്തിനിടയാക്കുമെന്ന് സ്വകാര്യബസ് ഉടമകള്‍. മത്സരയോട്ടം കുറയ്ക്കാന്‍വേണ്ടിയാണ് സമയപുനഃക്രമീകരണമെന്ന് ഗതാഗതവകുപ്പ് അവകാശപ്പെടുമ്പോഴും അപ്രായോഗികമായ നിര്‍ദേശമാണിതെന്നാണ് പരാതി.

യാത്രക്കാര്‍ കൂടുതലുള്ള സമയത്തും കുറഞ്ഞസമയത്തും ഒരേ രീതിയില്‍ ബസുകള്‍ വിന്യസിക്കുന്നത് ഗുണകരമാകില്ലെന്നാണ് സ്വകാര്യബസുകാരുടെ പരാതി. നിലവില്‍ നഗരപ്രദേശങ്ങളില്‍ ഒന്നോ രണ്ടോ മിനിറ്റ് വ്യത്യാസത്തിലാണ് ബസുകളുള്ളത്. രാവിലെ എട്ടിനും പത്തിനും ഇടയ്ക്കും വൈകീട്ട് നാലിനും ആറിനും ഇടയ്ക്കും യാത്രക്കാര്‍ ഏറെയുണ്ടാകും. ഈ സമയത്ത് കൂടുതല്‍ ബസുകള്‍ അനുവദിക്കുകയും തിരക്കൊഴിയുമ്പോള്‍ ബസുകള്‍ കുറയ്ക്കുകയും ചെയ്യുന്നതാണ് ശാസ്ത്രീയ ക്രമീകരണം.

രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെയുള്ള സമയത്താണ് സ്വകാര്യബസുകള്‍ നിരത്തിലുള്ളത്. അഞ്ചും പത്തും മിനിറ്റ് അകലംനല്‍കി പുനഃക്രമീകരിച്ചാല്‍ നിലവിലെ ട്രിപ്പുകള്‍ ഓടിത്തീര്‍ക്കണമെങ്കില്‍ ഒരു ദിവസം മതിയാകില്ല. യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ ബസുകള്‍ തമ്മില്‍ 15 മുതല്‍ 30 മിനിറ്റുവരെ അകലം മിക്കസ്ഥലങ്ങളിലുമുണ്ട്. പുതിയ ക്രമീകരണപ്രകാരമാണെങ്കില്‍ യാത്രക്കാരില്ലാത്ത സമയത്തും നിശ്ചിത ഇടവേളകളില്‍ ബസുകള്‍ ഓടിക്കേണ്ടിവരും. ഇത് നഷ്ടത്തിനിടയാക്കുമെന്നാണ് പരാതി.

നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കുള്ള ബസുകള്‍ സിറ്റി ബസുകള്‍ക്കൊപ്പമാണ് പുറപ്പെടുന്നത്. നഗരത്തില്‍ ഇരുബസുകളും ഒരുമിച്ചാകും ഓടിപ്പോകുക. ഇവ തമ്മില്‍ അകലം പാലിക്കേണ്ടിവന്നാല്‍ ഗ്രാമപ്രദേശങ്ങളിലേക്കുള്ള യാത്രാസമയം തെറ്റും. ഗ്രാമപ്രദേങ്ങളിലുള്ളവര്‍ക്കും ആവശ്യത്തിന് ബസ് ഉണ്ടാകില്ല.

മത്സരയോട്ടം കുറയ്ക്കാനാണെങ്കില്‍ ജിയോ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മതിയാകും. ജിപിഎസ് നിര്‍ബന്ധമായതിനാല്‍ യാത്രാവിവരം തത്സമയം മോട്ടോര്‍വാഹനവകുപ്പിന് ലഭിക്കുന്നുണ്ട്. സമയനിബന്ധന പുതിയ പെര്‍മിറ്റുകള്‍ക്ക് മാത്രമാക്കണമെന്ന് സ്വകാര്യബസുകാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: New STA rule mandates 5-10 minute gaps between private buses, causing concerns among owners