സർവീസ് റോഡുകൾ തകർച്ചയുടെ വക്കിൽ; പുതിയ ഹൈവേ പൂർത്തിയായ റീച്ചുകൾ തുറന്നുകൊടുക്കും

#പി.പി.ലിബീഷ് കുമാര്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍/ മാതൃഭൂമി

കണ്ണൂർ: ദേശീയപാതയിലെ സർവീസ് റോഡുകൾ തകരുന്നത് ഒഴിവാക്കാൻ ആറുവരിപ്പാത നിർമാണം വേഗത്തിലാക്കുന്നു. പൂർത്തിയായ മുറയ്ക്ക് അതത് ഭാഗങ്ങളിൽ ആറുവരിപ്പാത തുറന്നുകൊടുക്കും. നിലവിൽ ഭൂരിഭാഗം റീച്ചുകളിലും സർവീസ് റോഡ് പൂർത്തിയായിട്ടില്ല. ഒരു ലെയർകൂടി ബാക്കിയുണ്ട്. ഭാരവാഹനങ്ങളടക്കം ഓടുന്നതിനാൽ പലയിടങ്ങളിലും സർവീസ് റോഡിന് ബലക്ഷയം നേരിടുന്നുണ്ട്.

വശങ്ങളിൽ ഓവുചാലിന്റെ സ്ലാബുകളിൽ വാഹനം കയറുമ്പോഴാണ് കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്നത്. ഭാരവാഹനങ്ങൾ ഉൾപ്പെടെ ആറുവരിപ്പാതയിലൂടെ കടത്തിവിട്ട് മാത്രമേ സർവീസ് റോഡുകളുടെ പണി പൂർത്തീകരിക്കാനുമാകൂ. കേരളത്തിലെ ഭൂരിഭാഗം റീച്ചുകളും പൂർത്തീകരിക്കേണ്ടത് മാർച്ചിലാണ്. എന്നാൽ പലയിടത്തും ഡിസംബറിലേക്ക് നീളും. അതിന് കാത്തുനിൽക്കാതെ പൂർത്തീകരിക്കുന്ന റീച്ചുകൾ ഘട്ടംഘട്ടമായി മാർച്ച്, ഓഗസ്റ്റ് മാസങ്ങളിൽ കൈമാറും.

പല റീച്ചുകളിലും സർവീസ് റോഡുകളുടെ മാതൃക ഭാരവാഹനത്തിന് യോജിച്ചതല്ല. ചെറുവാഹനങ്ങളുടെ ഗതാഗതത്തിന് യോജിച്ച രീതിയിലാണ് നിർമാണം. ആറുവരിപ്പാത താത്കാലികമായി തുറന്നുകൊടുക്കാത്ത ഇടങ്ങളിലൂടെ ഭാരവാഹനങ്ങൾ ധാരാളം പോകുന്നുണ്ട്. അതിനാൽ ബലക്ഷയം നേരിടുന്നു. സർവീസ് റോഡ് പലയിടത്തും തകരുന്നുമുണ്ട്.

മൂന്ന് റീച്ചുകൾ ഫെബ്രുവരിയിൽ

ദേശീയപാതയുടെ പൂർത്തിയാകാൻ ബാക്കിയുള്ള 17 റീച്ചുകളിൽ തലപ്പാടി-ചെങ്കള (39 കിമി) മാത്രമാണ് ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയത്. 99 ശതമാനം പ്രവൃത്തി പൂർത്തിയാക്കിയ മൂന്ന് റീച്ചുകൾ ഫെബ്രുവരി 28-ന് കൈമാറും. വെങ്ങളം-രാമനാട്ടുകര, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് എന്നിവയാണിത്.

നിലവിൽ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് ഉൾപ്പെടെ 13 റീച്ചുകളുടെ പ്രവൃത്തിനില 85 ശതമാനം കഴിഞ്ഞു. എന്നാൽ പാതയുടെ മുഴുവൻ കൈമാറ്റം ഡിസംബറിൽ മാത്രമാണ് നടക്കുക. അതിനിടയിൽ ആറുവാരിപ്പാത മാർച്ച്, ഓഗസ്റ്റ് മാസങ്ങളിൽ കൈമാറാനാണ് നീക്കം.

തളിപ്പറമ്പ്-മുഴപ്പിലങ്ങാട് (50 കിമീ) റീച്ചിൽ മാർച്ചിൽ തളിപ്പറമ്പ്-പാപ്പിനിശ്ശേരി ഭാഗവും അതിനുശേഷം ചാല മുതൽ മുഴപ്പിലങ്ങാട് വരെയും കൈമാറാനാണ് പദ്ധതി. അതിനുശേഷം പാപ്പിനിശ്ശേരി-കിഴുത്തള്ളി ബൈപ്പാസ് ഭാഗം (വളപട്ടണം പാലം, വയഡക്ടുകൾ വരുന്ന ഭാഗം) രണ്ട് സ്റ്റേജായി കൈമാറും. ഡിസംബറിൽ പൂർണമായി പൂർത്തീകരിച്ച് കൈമാറും.

ദേശീയപാത-66:

• കാസർകോട് തലപ്പാടി-തിരുവനന്തപുരം: 644 കിമി.

• ആകെ 22 റീച്ച്. പൂർത്തിയാകാൻ ബാക്കി 16 റീച്ചുകൾ.

• 2025 ഒക്ടോബറിൽ കൈമാറിയ റീച്ച്-തലപ്പാടി-ചെങ്കള (39 കിമി).

• ഫെബ്രുവരി 28-ന് പൂർത്തിയായി കൈമാറുന്നത്-മൂന്ന് റീച്ചുകൾ -(വെങ്ങളം-രാമനാട്ടുകര (99%), രാമനാട്ടുകര-വളാഞ്ചേരി (99.2%) വളാഞ്ചേരി-കാപ്പിരിക്കാട് (99.2%)

• നേരത്തേ പൂർത്തിയായവ: തലശ്ശേരി-മാഹി ബൈപ്പാസ്. പള്ളിക്കര-നീലേശ്വരം റെയിൽവേ മേൽപ്പാലം. പാലോളി പാലം മുതൽ മൂരാട് വരെ. കഴക്കൂട്ടം-ടെക്‌നോപാർക്ക് നാലുവരി എലിവേറ്റഡ് പാത. മുക്കോല ജങ്ഷൻ-കേരള തമിഴ്‌നാട് അതിർത്തി.

Content Highlights: Kerala`s NH service roads are weakening due to heavy traffic. The new 6-lane bypass is being opened in phases to alleviate pressure and ensure completion.