ബോഡി റാപ്പിങ് മുതൽ അലോയി വീൽവരെ എന്തൊക്കെ അനുവദിക്കാം, വാഹന മോഡിഫിക്കേഷനിൽ ജനങ്ങളുടെ ‘മൂഡ്’ തേടി MVD

കാക്കനാട്: വാഹനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും രൂപമാറ്റങ്ങളും സംബന്ധിച്ച് വാഹനപ്രേമികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ്. നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്താതെയും സുരക്ഷ ഉറപ്പാക്കിയും ഏതൊക്കെ തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കാം എന്ന് പഠിക്കാൻ നിയോഗിച്ച പ്രത്യേക സമിതിയാണ് ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത്. വാഹനവകുപ്പിന്റെ വെബ്സൈറ്റ് വഴിയും ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകൾ വഴിയും ഇതിനായി അഭിപ്രായശേഖരണം നടത്തുന്നുണ്ട്.
എന്തൊക്കെ അനുവദിക്കാം? ചർച്ചകൾ സജീവം
നിയമപരമായി പൂർണമായും നിരോധിക്കേണ്ടതില്ലാത്തതും എന്നാൽ നിലവിലെ ചട്ടങ്ങളിൽ വ്യക്തതയില്ലാത്തതുമായ മാറ്റങ്ങൾ അനുവദിക്കുന്നതിനെക്കുറിച്ചാണ് ആർ.ടി.ഒ.മാരും മോട്ടോർ വാഹനവകുപ്പിലെ സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന സമിതി പരിശോധിക്കുന്നത്. ബോഡി റാപ്പിങ്, സ്നോർക്കൽ പൈപ്പുകൾ, അലോയ് വീലുകൾ, സീറ്റുകളുടെ എണ്ണം കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങൾ സമിതിയുടെ പരിഗണനയിലുണ്ട്. വാഹനങ്ങളുടെ പെയിന്റ് മാറ്റുന്നതിന് പകരമായി നിലവിൽ വലിയ പ്രചാരത്തിലുള്ള 'ബോഡി റാപ്പിങ്' നിശ്ചിത മാനദണ്ഡങ്ങളോടെ അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്.
നികുതിഘടനയെ ബാധിക്കാത്ത രീതിയിൽ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള (ഉദാഹരണത്തിന് 10 സീറ്റുള്ള വാഹനം 8 സീറ്റാക്കുക) അപേക്ഷകൾ ചട്ടങ്ങൾ പാലിച്ച് അനുവദിച്ചേക്കും. ഓഫ്-റോഡ് വാഹനങ്ങളിൽ വെള്ളം കയറുന്നത് തടയുന്നതിനായി ഘടിപ്പിക്കുന്ന 'സ്നോർക്കൽ പൈപ്പുകൾ' പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കും അനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ട്.
അലോയ് വീലുകൾക്ക് കർശന മാനദണ്ഡം
നിലവാരംകുറഞ്ഞ അലോയ് വീലുകൾ അപകടങ്ങൾക്ക് കാരണമാകുന്നത് സമിതി ഗൗരവത്തോടെയാണ് കാണുന്നത്. അതിനാൽ അംഗീകൃത ടെസ്റ്റിങ് ഏജൻസികളുടെ ഗുണനിലവാര സർട്ടിഫിക്കറ്റുള്ളതും വാഹനത്തിന്റെ നിർദിഷ്ട അളവുകൾക്ക് അനുയോജ്യമായതുമായ അലോയ് വീലുകൾ മാത്രമേ അനുവദിക്കൂ.
ടയറിന്റെ വലുപ്പത്തിൽ മാറ്റം വരുത്തുന്നത് വാഹനത്തിന്റെ സ്പീഡോമീറ്റർ റീഡിങ്ങിനെയും എൻജിൻ പെർഫോമൻസിനെയും ബാധിക്കുമെന്നതിനാൽ കർശന നിയന്ത്രണമുണ്ടാകും. അതുപോലെ സുരക്ഷ മുൻനിർത്തി ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളിൽ മാറ്റം വരുത്താനോ സൈലൻസറുകളിൽ മാറ്റം വരുത്തി ശബ്ദം വർധിപ്പിക്കാനോ അനുവാദമുണ്ടാകില്ല.
പൊതുജനങ്ങളിൽനിന്നും വാഹന നിർമാതാക്കളിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായി വിശകലനം ചെയ്ത ശേഷമായിരിക്കും സമിതി അന്തിമ മാർഗരേഖ സർക്കാരിന് സമർപ്പിക്കുക.
Content Highlights: Kerala MVD seeks public opinion on vehicle modifications., Committee is reviewing rules for body wrapping, snorkels, and alloy wheels., Strict regulations will apply to poor quality alloy wheels and modified silencers., Final guidelines will be submitted to the government after analyzing public and manufacturer feedback.