5 വർഷത്തോളം ജനങ്ങളെ വലച്ചു; ഒടുവിൽ MVD ഉദ്യോഗസ്ഥരെ ‘വാഹൻ’ പഠിപ്പിക്കാൻ സർക്കാർ

തിരുവനന്തപുരം: അഞ്ചുവർഷത്തോളം ജനങ്ങളെ വലച്ചശേഷം മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ‘വാഹൻ സാരഥി’ സോഫ്റ്റ്‌വേറിൽ പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചു. 2020-21-ൽ പുതിയ സംവിധാനത്തിലേക്ക് മാറിയപ്പോൾമുതൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്ന് നിർദേശം ഉയർന്നിരുന്നെങ്കിലും നടപ്പായില്ല.
സോഫ്റ്റ്‌വേറിലെ സങ്കീർണതകളും ഉദ്യോഗസ്ഥരുടെ പരിചയക്കുറവുംകാരണം അപേക്ഷകർ പിന്തിരിയുന്നത് ഇടനിലക്കാർക്കുള്ള അവസരമായി ഉദ്യോഗസ്ഥതലപ്പത്തെ ചിലർ മാറ്റിയെടുക്കുകയായിരുന്നു. കംപ്യൂട്ടർ ഉപയോഗിക്കാനറിയാത്ത ചില ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം സോഫ്റ്റ്‌വേറിൽ വരുന്ന അപേക്ഷകൾ കൈകാര്യംചെയ്യുക ബുദ്ധിമുട്ടായിരുന്നു.
ചില ഓഫീസ് മേധാവികൾ കീഴുദ്യോഗസ്ഥരെയും ഇടനിലക്കാരെയും സോഫ്റ്റ്‌വേർ കൈകാര്യം ചെയ്യാൻ ഏൽപിച്ചിരിക്കുന്നതായും കണ്ടെത്തി. സോഫ്റ്റ്‌വേറിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസൃതമായി മാറാൻ പല ഉദ്യോഗസ്ഥർക്കും കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥരിൽ പലർക്കും അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം പോലുമില്ലെന്നും തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പരിശീലനം.
മോട്ടോർ വാഹനവകുപ്പിന്റെ കീഴിൽ മലപ്പുറം എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച്, പാപ്പനംകോട് ശ്രീചിത്രതിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ് എന്നിവയാകും പരിശീലനകേന്ദ്രങ്ങൾ. ഓഫീസ് പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ പല ബാച്ചുകളായിട്ടാകും പരിശീലനം. സോഫ്റ്റ്‌വേറിലേക്ക് ഓഫീസ് നടപടികൾ മാറിയെങ്കിലും ഒരോ അപേക്ഷകളിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർഗനിർദേശങ്ങൾ ഇറങ്ങിയിട്ടില്ലാത്തതും പൊതുജനങ്ങളെ വലയ്ക്കുന്നതാണ്.
Content Highlights: After 5 years of public inconvenience, Kerala Govt to train MVD officials on `VAHAN Sarathi` software. Training to be held at Edappal & Thiruvananthapuram.