പഴയ വാഹനങ്ങളുടെ ഹരിതനികുതി; കേരളം പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ

കണ്ണൂര്‍: പഴയ വാഹന ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ ചുമത്തുന്ന ഹരിതനികുതിയിലൂടെ കേരളം നേടിയത് 100 കോടിയിലധികം രൂപ. 2016-17 മേയ് മുതല്‍ 2024-25 (നവംബര്‍ 30 വരെ) വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയാണിത്. 2021-22 മുതലാണ് നികുതി 10 കോടി കടന്നത്. 2021-22 -ല്‍ 11.01 കോടി ആയിരുന്നു സമാഹരിച്ച തുക. എന്നാല്‍ 2022-23 ല്‍ അത് 21.22 കോടിയായി ഉയര്‍ന്നു. 2023-24 ല്‍ 22.40 കോടി പിരിച്ചു. 2024-25 ല്‍ (2024 നവംബര്‍ 30 വരെ) 16.32 കോടിയായിരുന്നു വരുമാനം. എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇതുള്ളത്.
ഹരിതനികുതി
15 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 600 രൂപ ഹരിതനികുതി (തുടര്‍ന്നുള്ള ഓരോ അഞ്ചുവര്‍ഷത്തേക്കും) ഈടാക്കുന്നുണ്ട്. 10 വര്‍ഷം കഴിഞ്ഞുള്ള പൊതുഗതാഗത വാഹനങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന ഓരോ വര്‍ഷവും 300 രൂപ (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍), 450 രൂപ (മീഡിയം), 600 രൂപ (ഹെവി) അടയ്ക്കണം.
ഓട്ടോ ഒഴികെ പുതിയ ഡീസല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1000 രൂപ ഹരിതനികുതി നല്‍കണം. മീഡിയം, ഹെവി വണ്ടികള്‍ക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നല്‍കണം. 2022 മുതലാണ് പുതിയ ഡീസല്‍ വണ്ടികള്‍ ഹരിത നികുതി ഏര്‍പ്പെടുത്തിയത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള (സ്‌ക്രാപ്പ്) നിയമം പ്രാവര്‍ത്തികമായിട്ടില്ല. നിശ്ചിത പരിധിക്കുമുകളില്‍ മലിനീകരണ തോത് ഉയര്‍ന്ന വാഹനങ്ങള്‍ പൊളിക്കേണ്ടിവരുമെന്ന് കേന്ദ്ര സ്‌ക്രാപ്പേജ് നയത്തില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Kerala collected over ₹100 crore as green tax from old vehicles since 2017. The tax aims to discour