2030-ൽ കേരളം ഇ-സ്പീഡിലേക്ക്; EV-കൾ ചാർജാക്കാൻ വർഷം വേണ്ടത് 12 ദിവസം കേരളമാകെ ഉപയോഗിക്കുന്ന വൈദ്യുതി

തിരുവനന്തപുരം: കേരളത്തിൽ ഇ-വാഹനങ്ങളുടെ എണ്ണം 2030-ൽ 10.3 ലക്ഷംവരെ ഉയരാമെന്ന് കെഎസ്ഇബിയുടെ പഠനം. അങ്ങനെയെങ്കിൽ അന്ന് ഇ-വാഹനങ്ങൾ ചാർജുചെയ്യാൻ വർഷം 110.9 കോടി യൂണിറ്റ് വൈദ്യുതി വേണ്ടിവരും. ഇന്നത്തെനിലയ്ക്ക് ഏകദേശം 12 ദിവസം കേരളമാകെ ഉപയോഗിക്കുന്ന വൈദ്യുതിക്കു തുല്യം.
കെഎസ്ഇബിയുടെ ഇവി ആക്സിലറേറ്റർ സെല്ലും വേൾഡ് റിസോ ഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ കേരളത്തിലെ ഇ-വാഹന വ്യാപനത്തിന്റെ മൂന്ന് സാഹചര്യങ്ങളാണ് വിലയിരുത്തുന്നത്. ഇ-വാഹനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് ഉത്പാദനവും കൂടുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം.
2015-നുശേഷം കേരളത്തിൽ രജിസ്റ്റർചെയ്ത ഇരുചക്രവാഹനങ്ങളിൽ 13 ശതമാനവും കാറുകളിൽ ആറുശതമാനവും ഓട്ടോറിക്ഷകളിൽ 15 ശതമാനവും ഇ-വാഹനങ്ങളാണ്. എന്നാൽ, ഇ-ബസുകൾ 190 എണ്ണം മാത്രമേയുള്ളൂ. ഇ-ഓട്ടോറിക്ഷകൾ 11,297.
ഇപ്പോഴത്തെ നില തുടർന്നാൽ
മാർച്ച് 31 വരെ കേരളത്തിൽ രജിസ്റ്റർചെയ്ത ഇ-വാഹനങ്ങൾ 2.53 ലക്ഷം. ഇവയിൽ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങൾക്കുള്ള ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. ഇ-റിക്ഷകളും വാണിജ്യാവശ്യത്തിനുള്ള ഇ-വാഹനങ്ങളും കേരളത്തിൽ താരതമ്യേന കുറവാണ്.
വിപണിയുടെ സ്വഭാവം ഇങ്ങനെ തുടരുകയും ഇ-വാഹനപ്പെരുപ്പം ഇന്നത്തെ തോതിലായിരിക്കുകയും ചെയ്താൽ 2030-ൽ ആകെ വാഹനങ്ങളുടെ എണ്ണം 6.2 ലക്ഷമാകാൻ സാധ്യത. ആവശ്യമായിവരുന്നത് വർഷം 43 കോടി യൂണിറ്റ്.
ബസ്-ചരക്കുവാഹനങ്ങൾ വൈദ്യുതിയിലാവുമ്പോൾ
സ്വകാര്യവാഹനങ്ങൾക്കുപുറമേ, ഇ-ഓട്ടോറിക്ഷകളുടെ എണ്ണവും ഗണ്യമായി ഉയരണം. ബസുകൾ, പൊതുഗതാഗത വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവയും മിതമായതോതിൽ വൈദ്യുതിയിലേക്കു മാറണം. അങ്ങനെയെങ്കിൽ 2030-ൽ ഇ-വാഹനങ്ങളുടെ എണ്ണം 7.6 ലക്ഷമായി ഉയരാം. വേണ്ടിവരുന്ന വൈദ്യുതി 66.2 കോടി യൂണിറ്റ്.
മാറ്റം പൂർത്തിയായാൽ
പൊതുഗതാഗതമേഖലയിലും ചരക്കുഗതാഗതത്തിലും ഉൾപ്പെടെ എല്ലാ മേഖലയിലും വലിയതോതിൽ ഇ-വാഹനങ്ങൾ വ്യാപിക്കുന്ന സാഹചര്യം.ഇതിനുപുറമേ, അംബുലൻസുകൾ, ട്രാക്ടറുകൾ എന്നിവയിലും ഇ-വാഹനങ്ങൾ കൂടിയാൽ 2030-ൽ എണ്ണം 10.3 ലക്ഷവും വൈദ്യുതി ആവശ്യകത 110.9 കോടി യൂണിറ്റായും ഉയരാം.
Content Highlights: KSEB study forecasts 10.3 lakh electric vehicles in Kerala by 2030, requiring 110.9 crore units of electricity annually. Explore EV adoption scenarios.