ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശനമാക്കണം, സുരക്ഷയും പഠിപ്പിക്കണം; നിര്‍ദേശവുമായി ട്രാന്‍.കമ്മീഷണര്‍

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിപ്പിക്കുമ്പോള്‍ തന്നെ കാല്‍നട യാത്രക്കാര്‍ക്കും റോഡിലെ മറ്റ് വാഹനങ്ങള്‍ക്ക് നല്‍കേണ്ട പരിഗണനയെ കുറിച്ചും ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍ പഠിതാക്കളെ ബോധപ്പെടുത്തണമെന്നാണ് ഗതാഗത വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഡ്രൈവിങ് പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണമെന്നും ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ നിരവധി കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരെ ഹൈക്കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡ്രൈവിങ് ടെസ്റ്റില്‍ തന്നെ സുരക്ഷ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് എംവിഡി മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വാഹന പരിശീലനത്തിന്റെ ഭാഗമായി കൊണ്ടുവരാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് വരെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
ഡ്രൈവിങ് പരിശീലനത്തിന്റെ ഭാഗമായി റോഡ് സുരക്ഷ അവബോധം നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ഡ്രൈവിങ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍പ്രൈസ് ചെക്കിങ്ങുകളും നടത്തണമെന്നും, ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നുമാണ് എംവിഡി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍ദേശം.
കാല്‍നട യാത്രക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ എന്നിവരാണ് റോഡില്‍ ഉയര്‍ന്ന പരിഗണന ലഭിക്കേണ്ട വിഭാഗങ്ങള്‍. ഇവര്‍ക്ക് കൃത്യമായ പരിഗണന ബസുകളും ലോറികളും പോലെയുള്ള വലിയ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ മുതല്‍ കാറുകള്‍ ഓടിക്കുന്നവര്‍ വരെയുള്ള ആളുകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇത്തരത്തിലുള്ള ഒരു റോഡ് സംസ്‌കാരം രൂപപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.
Content Highlights: Kerala Transport Dept mandates stricter driving tests & safety training, emphasizing pedestrian and road user consideration. Compliance checks & license revocation for non-compliant driving schools.