അമിതവേഗം; ക്യാമറയില്‍ സഞ്ചരിക്കാനെടുത്ത ദൂരം നോക്കി പിഴവരും, ബെംഗളൂരു-മൈസൂരു പാതയില്‍ ഇനി ITMS

ബെംഗളൂരു-മൈസൂരു അതിവേഗപാത | Photo: Facebook/PM Modi
ബെംഗളൂരു-മൈസൂരു അതിവേഗപാത | Photo: Facebook/PM Modi

ബെംഗളൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്.) നടപ്പാക്കാനൊരുങ്ങി ട്രാഫിക് പോലീസ്. ജൂലായ് ഒന്നുമുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബെംഗളൂരു-മൈസൂരു പാതയിലുടനീളവും മൈസൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളും ഉള്‍പ്പെടുത്തി ഐ.ടി.എം.എസ്. സംയോജനം പൂര്‍ത്തിയായതായി ട്രാഫിക് ആന്‍ഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാര്‍ പറഞ്ഞു. 

ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്‌നിഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകളും റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ (ആര്‍.എല്‍.വി.ഡി.) ക്യാമറകളും ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. 2022-ല്‍ ബെംഗളൂരുവില്‍ ഐ.ടി.എം.എസ്. സംവിധാനം ആരംഭിച്ചിരുന്നു. നഗരത്തിലെ 50 ജങ്ഷനുകളിലായി 250 ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകളും 80 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകളും ഉള്‍പ്പെടുന്നതായിരുന്നു സംവിധാനം. 

ഇപ്പോള്‍ ഈ സംവിധാനം ബെംഗളൂരു-മൈസൂരു പാതയിലേക്കും മൈസൂരു നഗരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മൈസൂരു ജില്ലയില്‍വരുന്ന ഹുന്‍സൂര്‍, എച്ച്.ഡി. കോട്ടെ, നഞ്ചന്‍കോട്, ടി. നരസിപുര എന്നിവിടങ്ങളിലും ഈ സംവിധാനം വരും. ഭാവിയില്‍ വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രധാനപാതകളിലെല്ലാം ഐ.ടി.എം.എസ്. കൊണ്ടുവരാനാണ് ട്രാഫിക് പോലീസ് ലക്ഷ്യമിടുന്നത്. 

തുമകൂരു റോഡ്, കനകപുര റോഡ്, ഹൊസൂര്‍ റോഡ് എന്നിവിടങ്ങളിലാകും സംവിധാനം നടപ്പാക്കുക. അധിക ക്യാമറകളിലൂടെ ബെംഗളൂരു-മൈസൂരു പാതയില്‍ സുരക്ഷാപരിശോധന ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായി വിവിധ നടപടി സ്വീകരിച്ചുവരികയാണ് ട്രാഫിക് പോലീസ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ 800 ആല്‍ക്കോമീറ്ററുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

ബെംഗളൂരു-മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചത്. രണ്ട് കിലോമീറ്റര്‍ ഇടവിട്ട് ആകെ 60 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ പത്തു കിലോമീറ്റര്‍ കൂടുമ്പോള്‍ ക്യാമറ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, നിയമലംഘനം കൂടുന്നതിനാല്‍ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

പാതയില്‍ രണ്ടു പോയിന്റുകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുത്ത സമയം ക്യാമറകള്‍ കണക്കുകൂട്ടും. അനുവദിക്കപ്പെട്ട സമയത്തേക്കാള്‍ കുറവാണെങ്കില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കും. ട്രാക്ക് തെറ്റിക്കുന്നതും എതിര്‍ദിശയില്‍ വാഹനം ഓടിക്കുന്നതുമാണ് പ്രധാന നിയമലംഘനങ്ങള്‍. വലിയ അപകടങ്ങള്‍ക്ക് കാരണമാകാവുന്ന ലംഘനമാണിത്. പാതയില്‍ ഒട്ടേറെ അപകടങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

Content Highlights: Karnataka traffic police implement Intelligent traffic management system in Mysore-Bangalore Road