കേരളാ പോലീസിന്റെ വാഹന വ്യൂഹത്തിന് അലങ്കാരമായെത്തിയത് അഞ്ച് ഥാർ റോക്‌സ്; ഒന്ന് കാഞ്ഞാറിന്

#Auto Desk
പ്രതീകാത്മക ചിത്രം | AI Generated
പ്രതീകാത്മക ചിത്രം | AI Generated

മൂലമറ്റം: കാഞ്ഞാർ ജനമൈത്രി പോലീസിന് ഇനി ഓഫ് റോഡ് ആഡംബര വാഹനമായ ഥാർ റോക്‌സിന്റെ പ്രൗഢിയും. സംസ്ഥാനത്ത് അനുവദിച്ച അഞ്ച് ഥാറുകളിലൊന്നാണ് കാഞ്ഞാറിന് കിട്ടിയത്. ജില്ലയിലെ പോലീസിന് ലഭിച്ച ഏക ഥാർ വാഹനവുമാണിത്. പഴയ ഥാറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഥാർ റോക്സ്.

സൺ റൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ടിങ്, ഫോർ വീൽ ഡ്രൈവ്, ഫൈവ് ഡോർ തുടങ്ങിയ പ്രത്യേകതകളാണ് ഈ വാഹനത്തിനുള്ളത്. 22 ലക്ഷം രൂപയിലേറെയാണ് വില. ഫോഴ്‌സ് ഗൂർഖയുടെ മൂന്ന് വണ്ടികളും രണ്ട് സ്‌കോർപ്പിയോകളും അടക്കം ഇടുക്കി ജില്ലയ്ക്ക് ആറ് വാഹനങ്ങളാണ് ലഭിച്ചത്.

കരിമണ്ണൂർ, വെള്ളത്തൂവൽ, വണ്ടന്മേട് സ്റ്റേഷനുകളിലാണ് ഗൂർഖകളെത്തുക. ഹൈവേ പോലീസിനാണ് സ്‌കോർപ്പിയോകൾ. സർക്കാരിന്റെ സേനാ നവീകരണത്തിന്റെ ഭാഗമായാണ് വാഹനങ്ങൾ അനുവദിച്ചത്. മലകളും കുന്നുകളുമൊക്കെയുള്ള പ്രദേശമെന്ന പരിഗണനയിലാണ് കാഞ്ഞാർ സ്റ്റേഷന് ഥാർ റോക്‌സ് ലഭിച്ചത്.

വാഹനം അനുവദിച്ചെങ്കിലും കാഞ്ഞാർ സ്റ്റേഷനിലേക്ക് ഇനിയും എത്തിയിട്ടില്ല. ശനിയാഴ്ച ജില്ലാ പോലീസ് സൂപ്രണ്ട് ഫ്‌ളാഗ് ഓഫ് ചെയ്തതിനുശേഷമാകും കാഞ്ഞാറിന് അലങ്കാരമായി ഥാർ എത്തുക. ഥാർ റോക്‌സിന്റെ ഏത് വേരിയന്റ് ആണ് കാഞ്ഞാറിന് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

177 എച്ച്പി പവറും 380 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ എൻജിനും 175 എച്ച്പി പവറും 400 എൻഎം ടോർക്കുമേകുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനുമാണ് ഥാർ റോക്‌സിന് കരുത്തേകുന്നത്.രണ്ട് എഞ്ചിനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. ഫോർ-വീൽ ഡ്രൈവ് ഡീസൽ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ.

Content Highlights: Kanjirappally Janamaithri Police receives a new Mahindra Thar Rocks, an upgraded off-road SUV with advanced features. One of five allocated in Kerala, it`s a significant addition.