രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ രൂപം ഇങ്ങനെ; ഡിസൈൻ പുറത്തുവിട്ട് റെയിൽവേ

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈന്‍ | Photo - ANI
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈന്‍ | Photo - ANI

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയ ആസ്ഥാനത്ത് ട്രെയിനിന്റെ ചിത്രം പ്രദർശിപ്പിച്ചു. മുംബൈക്കും അഹമ്മദാബാദിനും ഇടയിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്. റെയിൽവേ മന്ത്രാലയത്തിലെ ഗേറ്റ് നമ്പർ 4 -ലാണ് ചിത്രം സ്ഥാപിച്ചിട്ടുള്ളതെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പ്രോജക്റ്റ് മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര, നഗർ ഹവേലി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ, താനെ, വിരാർ, ബോയിസാർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകൾ ഈ റൂട്ടിലുണ്ടാകും.

MAHSR പ്രോജക്റ്റിനായി ഗുജറാത്തിലെ എട്ട് സ്റ്റേഷനുകളിലെ (വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരുച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബർമതി) പ്രാരംഭ ജോലികൾ പൂർത്തിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ താനെ, വിരാർ, ബോയിസാർ എന്നിവിടങ്ങളിൽ ജോലികൾ പുരോഗമിക്കുകയാണ്. അതേസമയം ബന്ദ്ര കുർള കോംപ്ലക്‌സ് (ബികെസി) സ്റ്റേഷനിലെ ഖനനം പൂർത്തീകരണത്തിനടുത്തെത്തിയിട്ടുണ്ട്.

റൂട്ടിലെ പതിനേഴ് പാലങ്ങൾ പൂർത്തിയായി, ഗുജറാത്തിലെ നർമ്മദ, മൈഹി, ടാപ്തി, സബർമതി എന്നിവിടങ്ങളിലെ നാല് പ്രധാന പാലങ്ങളുടെ നിർമാണ ജോലികൾ പുരോഗമിക്കുന്നു. മഹാരാഷ്ട്രയിലെ നാല് പാലങ്ങളുടെ നിർമ്മാണവും നടക്കുകയാണ്.

'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലാവും ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ബാംഗ്ലൂരിലെ BEML ലിമിറ്റഡും സംയുക്തമായി 280 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ സെറ്റുകൾ വികസിപ്പിക്കും. പദ്ധതിക്ക് ആവശ്യമായ 1,389.5 ഹെക്ടർ ഭൂമി മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു. ജാപ്പനീസ് റെയിൽവേയുടെ സഹായത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Content Highlights: Unveiling of the first indigenous bullet train design., Target rollout date scheduled for April 2027., 508-km route connecting 12 stations across Maharashtra and Gujarat., 100% land acquisition completed for the project., Indigenous development via ICF Chennai and BEML Bengaluru.