അഡാസ് സുരക്ഷ കൂടുതൽ വാഹനങ്ങളിലേക്ക്, ഡ്രൈവറില്ലാ കാറിനും സാധ്യത; നിർണായക നീക്കവുമായി കേന്ദ്രം

#Auto Desk
പ്രതീകാത്മക ചിത്രം | Photo: MG Select
പ്രതീകാത്മക ചിത്രം | Photo: MG Select

പുതുതലമുറ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സുരക്ഷ സംവിധാനങ്ങൾക്കുള്ള റഡാർ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ചട്ടങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. ഇതോടെ അഡാസ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ കൂടുതൽ വാഹനങ്ങളിലേക്ക് നൽകുന്നതിന് വഴിയൊരുങ്ങും. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങൾ എത്തിക്കുന്നതിൽ ഈ നീക്കം നിർണായക പങ്ക് വഹിക്കും.

ഓട്ടോമോട്ടീവ് റഡാറുകൾ, കണക്ടഡ് കാർ സാങ്കേതികവിദ്യകൾക്ക് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസി ബാൻഡുകൾക്കുമുള്ള ലൈസൻസിങ് നിബന്ധനകളാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഈ നടപടിയിലൂടെ വാഹനങ്ങളിലെ സുരക്ഷ സംവിധാനങ്ങൾക്ക് പുറമെ, ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പോലും പച്ചക്കൊടി വീശുന്ന നീക്കമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

വാഹനങ്ങളിൽ അഡാസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ്-സ്‌പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ സുരക്ഷ ഫീച്ചറുകളിൽ പ്രവർത്തിക്കുന്ന 77 GHZ മുതൽ 81 Ghz വരെ ബാൻഡ് ഫ്രീക്വൻസിയുള്ള ഓട്ടോമോട്ടീവ് റഡാർ സംവിധാനങ്ങളെയാണ് ലൈസൻസിങ്ങിൽനിന്ന് ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾക്കും ഇത് അത്യാവശ്യ ഘടകമാണ്.

ഇതുകൂടാതെ വാഹനങ്ങളും സിഗ്നലുകളുമുൾപ്പെടെ ട്രാഫിക് സംവിധാനങ്ങളുമായി ആശയവിനിമയം സുഗമമാക്കുന്ന 5.9 GHz ബാൻഡിനെയും ലൈസൻസിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഈ സ്‌പെക്ട്രം ലേലം ചെയ്യണമെന്നും നെറ്റ്‌വർക്ക് അധിഷ്ഠിത മോഡൽ നടപ്പാക്കണമെന്നും മൊബൈൽ സേവനദാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് സ്‌പെക്ട്രം സൗജന്യമാക്കാൻ സർക്കാർ തീരുമാനിച്ചത്.

യുഎസ്, യൂറോപ്പ് തുടങ്ങിയുള്ള രാജ്യങ്ങളിലേതിന് സമാനമായാണ് ഇന്ത്യയിലും ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഈയൊരു നീക്കത്തിലൂടെ ലോകത്ത് എവിടെനിന്നും വികസിപ്പിച്ചിട്ടുള്ള റഡാർ സംവിധാനങ്ങൾ പ്രത്യേക മാറ്റങ്ങൾ വരുത്താതെ തന്നെ വാഹന നിർമാതാക്കൾക്ക് ഉപയോഗിക്കാനാകും. ഇത് ചെലവ് കുറയ്ക്കാനും ഇത്തരം സാങ്കേതികവിദ്യകൾ കൂടുതൽ വ്യാപിക്കാനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

കേന്ദ്ര സർക്കാർ നൽകിയ ഈ ഇളവിലൂടെ മെഴ്‌സിഡീസ്, ബിഎംഡബ്ല്യു പോലെയുള്ള അത്യാഡംബര വാഹനങ്ങൾ വിദേശ രാജ്യങ്ങളിലെ മോഡലുകളിൽ നൽകിയിട്ടുള്ള സുരക്ഷ സംവിധാനങ്ങൾ ഇന്ത്യയിലെ മോഡലുകളിലും നൽകാൻ സാധിക്കും. മാരുതി, മഹീന്ദ്ര, ടാറ്റ പോലെയുള്ള ആഭ്യന്തര വാഹന നിർമാതാക്കൾക്ക് അഡാസ് സംവിധാനമുള്ള വാഹനങ്ങൾ കൂടുതലായി വിപണിയിൽ എത്തിക്കാനും സാധിക്കും.

Content Highlights: Exemption of licensing for 77-81 GHz radar frequency bands., Removal of licensing for 5.9 GHz bands to support vehicle-to-infrastructure communication., Enables global manufacturers to introduce advanced ADAS features in India without modifications., Paves the way for future autonomous driving technology in the Indian market., Prioritizes road safety by making advanced safety tech more affordable and accessible.