യാത്രാവാഹനങ്ങൾ കൂടുതൽ വിറ്റത് ഗ്രാമങ്ങളിൽ, പെട്രോൾ വാഹന വിൽപ്പന കുറഞ്ഞു; കാരണമെന്ത്?

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഇന്ത്യയിൽ 2025-ലെ പാസഞ്ചർ വാഹന വിൽപ്പനയിൽ നഗരങ്ങളെക്കാൾ മുന്നിലെത്തി ഗ്രാമീണ മേഖല. ഓട്ടോമൊബൈൽ ഡീലർമാരുടെ സംഘടനകളുടെ (Fada) കൂട്ടായ്മ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം നഗരങ്ങളിലെ പാസഞ്ചർ വാഹന വിൽപനയിൽ എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഗ്രാമീണ മേഖലകളിൽ ഇത് 12 ശതമാനമായിരുന്നു.

രാജ്യത്ത് 2024-ൽ 41 ലക്ഷമായിരുന്ന മൊത്തം പാസഞ്ചർ വാഹന വിൽപ്പന 2025-ൽ 44.7 ലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്. മുഴുവൻ ഓട്ടോ സെക്ടറുകളും ഏറ്റവും മികച്ച വാർഷിക റീട്ടെയിൽ വിൽപ്പന രേഖപ്പെടുത്തി. ഏകദേശം 28.2 ലക്ഷം യൂണിറ്റുകളാണ് വിൽപ്പന. ഇത് മുൻ വർഷത്തേക്കാൾ 7.71 ശതമാനം വർധനവാണ്.

കഴിഞ്ഞ വർഷത്തെ പാസഞ്ചർ വാഹന (PV) വിൽപ്പനയുടെ മൂന്നിലൊന്ന് ഭാഗവും കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG), ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ ബദൽ ഇന്ധന ഓപ്ഷനുകളിൽ നിന്നാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊബിലിറ്റി രംഗത്തെ വലിയ മാറ്റത്തിന്റെ സൂചന നൽകുന്നതാണിത്.

മൊത്തം പാസഞ്ചർ വാഹന വിൽപ്പനയിൽ സിഎൻജി വാഹനങ്ങളുടെ വിൽപ്പന 18 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഉയർന്നു. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 2.4 ശതമാനത്തിൽ നിന്ന് (4 ശതമാനം) ഇരട്ടിയായി. അതിനിടെ ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന മുൻ വർഷത്തെ 8.7 ശതമാനത്തിൽ നിന്ന് 8.2 ശതമാനമായി കുറഞ്ഞു. പെട്രോൾ വാഹനങ്ങൾ വിൽപ്പനയുടെ 49 ശതമാനം സംഭാവന നൽകി. ഇത് 2024-ലെ 52 ശതമാനത്തിൽ നിന്നുള്ള കുറവാണ്. അതേസമയം ഡീസൽ വിഭാഗത്തിന്റെ ഓഹരി 18 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നു.

ഡിസംബർ മാസത്തിലും നഗരങ്ങളെ മറികടന്ന് 32.40 ശതമാനം വളർച്ച ഗ്രാമീണ മേഖലയിൽ രേഖപ്പെടുത്തി. മെട്രോപൊളിറ്റൻ പ്രദേശങ്ങൾക്ക് പുറത്തുള്ള വാഹന ഉപയോഗം വർധിക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഡിസംബറിൽ റീട്ടെയിൽ പിവി വിൽപ്പന 379,671 യൂണിറ്റായിരുന്നു, ഇത് 2024 ഡിസംബറിലെ 299,799 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണ്.

ഗ്രാമീണ മേഖലയിൽ പാസഞ്ചർ വാഹന വിൽപ്പന ഉയരാൻ പലകാരണങ്ങളുണ്ടെന്നാണ് ഈ രംഗത്തുള്ളവർ വിലയിരുത്തുന്നത്. പോയവർഷം കൊയ്ത്തുകാലം നല്ലതായിരുന്നു. തുടർന്ന് നല്ല മഴയും ലഭിച്ചു. സർക്കാർ താങ്ങുവിലയും ഗ്രാമീണ മേഖലയിലെ വാങ്ങൽ ശേഷി വർധിപ്പിച്ചു. ഇതിനോടൊപ്പം ചരക്ക്, സേവന നികുതി (GST) പുനഃക്രമീകരണം, പുതുക്കിയ ആദായനികുതി സ്ലാബുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാല് തവണയുള്ള പലിശ നിരക്ക് കുറയ്ക്കൽ എന്നിവയും ഗ്രാമീണ വിൽപ്പന വർദ്ധിപ്പിച്ചുവെന്നാണ് Fada പ്രസിഡന്റ് സി.എസ് വിഗ്നേശ്വർ പറയുന്നത്.

കയറ്റുമതിയിലും റെക്കോർഡ്

അതിനിടെ, ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ, സെഡാനുകൾ, എസ്യുവികൾ, എംപിവികൾ എന്നിവയുടെ വിദേശ കയറ്റുമതി 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ 8 മാസങ്ങളിൽ ഏകദേശം 600,000 യൂണിറ്റിലെത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. SIAM കയറ്റുമതി വിൽപ്പന ഡാറ്റ അനുസരിച്ച്, 599,276 പാസഞ്ചർ വാഹനങ്ങൾ ഈ കാലയളവിൽ പ്രധാന ആഗോള വിപണികളിലേക്ക് അയച്ചു. ഇത് ശക്തമായ 20 ശതമാനത്തിന്റെ വർധനയാണ് (ഏപ്രിൽ-നവംബർ 2024: 498,763 യൂണിറ്റ്), ഇത് 100,513 അധിക യൂണിറ്റുകളാണ്.

നിലവിലെ സാമ്പത്തിക വർഷത്തിൽ മാസങ്ങൾ ബാക്കി നിൽക്കേ ഈ പ്രകടനം പാസഞ്ചർ വാഹന വ്യവസായത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കയറ്റുമതിയുടെ തൊട്ടടുത്ത് എത്തിക്കുന്നതാണ്. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്ക്കും സൗദി അറേബ്യയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ പിവി കയറ്റുമതി വിപണിയായ മെക്‌സിക്കോ 2026 ജനുവരി 1 മുതൽ ഇന്ത്യയിൽ നിർമ്മിച്ച പിവികൾക്ക് ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ തീരുമാനിച്ചത് കയറ്റുമതിക്ക് തിരിച്ചടിയാകും. 2024 സാമ്പത്തിക വർഷത്തിൽ മെക്‌സിക്കോ ഇന്ത്യയിൽ നിന്ന് ഏകദേശം 194,000 കാറുകളും എസ്യുവികളും ഇറക്കുമതി ചെയ്തിരുന്നു.

Content Highlights: Discover how rural Indian markets outpaced urban centers in passenger vehicle sales in 2025. Explore growth drivers, EV adoption, and sector trends.