സുരക്ഷയ്ക്ക് AI, വൈറ്റ് ലൈൻ ഫീവർ പ്രതിരോധിക്കും; മാറ്റത്തിന് തുടക്കമിട്ട് ഗംഗാ എക്‌സ്പ്രസ് വേ

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
വ്യോമസേനാ വിമാനം ഗംഗാ എക്‌സ്പ്രസ് വേയില്‍ ഇറക്കുന്നു. Photo - AP
വ്യോമസേനാ വിമാനം ഗംഗാ എക്‌സ്പ്രസ് വേയില്‍ ഇറക്കുന്നു. Photo - AP

ഇന്ത്യയിലെ വർധിച്ചു വരുന്ന റോഡപകടങ്ങൾക്കും മരണങ്ങൾക്കും മോശം റോഡ് രൂപകൽപ്പനയും കാരണമാകുന്നുവെന്ന് പറഞ്ഞത് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ്. ഇക്കാര്യത്തിൽ സിവിൽ എഞ്ചിനീയർമാരെയും കൺസൾട്ടന്റുമാരെയും അദ്ദേഹം വിമർശിച്ചിരുന്നു. ആസൂത്രണത്തിലും രൂപകൽപ്പനയിലും ഉള്ള തെറ്റുകൾ അപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. റോഡ് രൂപകൽപ്പനയിൽ മാറ്റംവരുത്തിയാൽ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമോ? ഹൈവേകൾ രൂപകൽപ്പന ചെയ്യുന്ന രീതിയിൽ ഒരു സുപ്രധാന മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യു.പിയിലെ ഗംഗാ എക്‌സ്പ്രസ്‌വേ.

ഡ്രൈവർമാരുടെ ക്ഷീണവും മയക്കവുംമൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ പ്രതിരോധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഗംഗ എക്‌സ്പ്രസ് വേ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള റോഡപകടങ്ങളുടെ ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടപ്പെടാൻ ഇടയാകുന്നതിന്റെ കാരണങ്ങളിൽ ഒന്നാണ് ഉറക്കച്ചടവോടെയുള്ള ഡ്രൈവിങ്. ഇന്ത്യയിലെ ദൈർഘ്യമേറിയ എക്‌സ്പ്രസ് വേകളിൽ വർഷങ്ങളായി നിരവധി അപകടങ്ങൾ സംഭവിച്ചിക്കുന്നുണ്ട്. ഡ്രൈവർമാർ മയങ്ങിപ്പോകുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ടടുന്നതും അതിവേഗവും അടക്കമുള്ളവയാണ് അപകട കാരണങ്ങളെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഗ എക്‌സ്പ്രസ് വേയിൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

'വൈറ്റ് ലൈൻ ഫീവർ' പോലുള്ള പ്രതിഭാസങ്ങളെ നേരിടാൻ കഴിയുംവിധം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എക്‌സ്പ്രസ്വേയിലെ സുരക്ഷാ സംവിധാനങ്ങൾ. ഡ്രൈവർമാർ ദൈർഘ്യമേറിയ ഡ്രൈവിനിടയിൽ തുടർച്ചയായ ലെയ്ൻ അടയാളങ്ങളാലും ഒരേതരത്തിലുള്ള റോഡ് ഉപരിതലങ്ങളാലും ഹിപ്‌നോട്ടൈസ് ചെയ്യപ്പെടുന്ന ഒരു അവസ്ഥയാണിത്. ക്ഷീണത്തിനും ശ്രദ്ധ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുന്നു.

ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനം

ഗംഗ എക്‌സ്പ്രസ് വേയുടെ ഇരുവശത്തും റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനം എക്‌സ്പ്രസ് വേയുടെ വശങ്ങളിലേക്ക് നീങ്ങാൻ തുടങ്ങിയാൽ ഈ റംബിൾ സ്ട്രിപ്പുകൾ ഉച്ചത്തിലുള്ളതും അരോചകവുമായ ശബ്ദം ഉണ്ടാക്കുകയും സ്റ്റിയറിങ് വീലിൽ വിറയൽ അനുഭവപ്പെടുകയും ചെയ്യും. ഇത് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാൻ പര്യാപ്തമാണെന്ന് വിദഗ്ധർ പറയുന്നു.

എഐ നിരീക്ഷണം

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഗംഗ എക്‌സ്പ്രസ് വേയിൽ നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഹെ-റെസല്യൂഷൻ എഐ ക്യാമറകൾ വാഹനനീക്കം ട്രാക്ക് ചെയ്യാനും അസാധാരണമായ ഡ്രൈവിങ് കണ്ടെത്താനും തെറ്റായ ദിശയിലുള്ള ഡ്രൈവിങ്, വാഹനം പെട്ടെന്ന് നിർത്തുന്നത് പോലെയുള്ള സംഭവങ്ങൾ എന്നിവ കണ്ടെത്താനും ഉപയോഗിക്കുന്നു. എഐ സംവിധാനത്തിന് തൽക്ഷണം കൺട്രോൾ റൂമുകളിലേക്ക് മുന്നറിയിപ്പ് നൽകാൻ കഴിയും. ഇതോടെ പട്രോൾ യൂണിറ്റുകളിൽ നിന്നും അടിയന്തര പ്രതികരണമുണ്ടാകും. കാലക്രമേണ ഈ എഐ നിരീക്ഷണം അപകട സാധ്യതയുള്ള ഡ്രൈവിങ് രീതികൾ തിരിച്ചറിയാനും ഡ്രൈവർമാരുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും അധികാരികളെ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

എക്‌സ്പ്രസ് വേയിലെ എയർ സ്ട്രിപ്പ്

ഒരു എയർ സ്ട്രിപ്പും ഗംഗ എക്‌സ്പ്രസ് വേയിൽ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര ലാൻഡിങ്ങുകൾക്കും സുരക്ഷാസേനയ്ക്ക് ഉപയോഗിക്കുന്നതിനുംവേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണിത്. വ്യോമസേനാ വിമാനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിലും ദുരന്ത പ്രതികരണ സാഹചര്യങ്ങളിലും റൺവേകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കാം. മറ്റ് എക്‌സ്പ്രസ് വേകളിലെ ഇത്തരം എയർ സ്ട്രിപ്പുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സൈനിക അഭ്യാസങ്ങളിലും ഏറെ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള രക്ഷാദൗത്യത്തെയടക്കം പിന്തുണയ്ക്കാൻ കഴിവുള്ള ഒരു സുപ്രധാന അടിസ്ഥാന സൗകര്യവും ഈ എക്‌സ്പ്രസ് വേ ഒരുക്കുന്നുണ്ട്.

ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്പ്രസ് വേ ആയ ഗംഗാ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗ എക്‌സ്പ്രസ് വേ മീററ്റിനും പ്രയാഗ്രാജിനും ഇടയിലുള്ള യാത്രാസമയം വെറും 6 മണിക്കൂറായി കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ്.

Content Highlights: Implementation of rumble strips to combat driver fatigue and white line fever., Integration of AI-based high-resolution cameras for real-time traffic monitoring and violation detection., Strategic inclusion of a dedicated air strip for Indian Air Force emergency operations., Infrastructure project reducing Meerut to Prayagraj travel time to 6 hours., Minister Nitin Gadkari's call for improved road design standards and accountability.