മസ്‌ക് ടെസ്‌ല വിട്ടേക്കാം, ശമ്പള പാക്കേജ് അംഗീകരിക്കാന്‍ ഓഹരി ഉടമകളെ പേടിപ്പിച്ച് ബോര്‍ഡ് മേധാവി

ഇലോൺ മസ്‌ക് | Photo - AP
ഇലോൺ മസ്‌ക് | Photo - AP

ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല മുന്നോട്ടുവെച്ച പുതിയ പ്രതിഫല പാക്കേജിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇലോണ്‍ മസ്‌ക് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും. തിങ്കളാഴ്ച ടെസ്‌ല മോട്ടോഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ റോബിന്‍ ഡെന്‍ഹോം ഓഹരിയുടമകള്‍ക്ക് നല്‍കിയ കത്തിലാണ് ഈ മുന്നറിയിപ്പ്. നവംബര്‍ ആറിന് നടക്കാനിരിക്കുന്ന വാര്‍ഷികയോഗത്തിന് മുന്നോടിയായാണ് ബോര്‍ഡ് മേധാവി ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

ഓഹരി ഉടമകളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ടെസ്‌ലയുടെ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം ഉയരുകയും മസ്‌കിന്റെ അമിത സ്വാധീനവും സ്വാതന്ത്ര്യവും മേല്‍നോട്ടവും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ടെസ്‌ല ബോര്‍ഡ് മുന്നോട്ട് വെച്ച പുതിയ പ്രതിഫല പാക്കേജ് ഇങ്ങനെ

നിര്‍ദേശിക്കപ്പെട്ട പ്രതിഫല പാക്കേജിലൂടെ മസ്‌കിന് ടെസ്‌ലയുടെ ആകെ ഓഹരികളുടെ 12 ശതമാനം ലഭിക്കും. ഇത് ഏകദേശം 42.57 കോടി അധിക ഓഹരിയാകും. പ്രതിഫലമെല്ലാം ടെസ്‌ലയുടെ ഓഹരികളായാണ് നല്‍കുക. ഇതുവഴി ആദ്യ ട്രില്യണയര്‍ എന്ന നേട്ടത്തിനും മസ്‌ക് അര്‍ഹനാകും. എന്നാല്‍ വരും വര്‍ഷങ്ങളില്‍ കമ്പനി ചില ലക്ഷ്യങ്ങള്‍ കൈവരിച്ചെങ്കില്‍ മാത്രമേ മസ്‌കിന് ഈ പ്രതിഫല പാക്കേജ് ലഭിക്കുകയുള്ളു.

  • ടെസ്‌ലയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ ഏകദേശം 1.1 ലക്ഷം കോടിയില്‍ (1.1 ട്രില്യണ്‍) നിന്ന് 8.5 ലക്ഷം കോടിയായി (8.5 ട്രില്യണ്‍) ഉയര്‍ത്തണം.
  • പത്ത് ലക്ഷം റോബോ ടാക്സികള്‍ വാണിജ്യ ഉപയോഗത്തിന് എത്തിക്കണം.
  • പത്ത് ലക്ഷം ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിക്കണം
  • ടെസ്ലയുടെ വാര്‍ഷിക വരുമാനം 1700 കോടി ഡോളറില്‍ നിന്ന് 40000 കോടി ഡോളറായി ഉയര്‍ത്തണം.
  • വര്‍ഷം 2 കോടി വാഹനങ്ങള്‍ വില്‍ക്കുകയെന്ന നേട്ടം കൈവരിക്കണം.

കുറഞ്ഞത് ഏഴ് വര്‍ഷക്കാലം ടെസ്‌ലയ്ക്ക് നേതൃത്വം നല്‍കാന്‍ മസ്‌കിനെ പ്രേരിപ്പിക്കുന്നതിനും അദ്ദേഹത്തെ കമ്പനിയില്‍ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഈ പ്രകടനാധിഷ്ഠിത (Performance Based) പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ഡെന്‍ഹോം കത്തില്‍ പറയുന്നു.

ടെസ്ലയുടെ വിജയത്തിന് മസ്‌കിന്റെ നേതൃത്വം 'നിര്‍ണ്ണായകമായിരുന്നു' എന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തിന് ശരിയായ പ്രോത്സാഹനം നല്‍കുന്ന ഒരു പദ്ധതി ഇല്ലെങ്കില്‍ കമ്പനിക്ക് അദ്ദേഹത്തിന്റെ 'സമയം, കഴിവ്, കാഴ്ചപ്പാട്' എന്നിവ നഷ്ടപ്പെടുമെന്ന് ഡെന്‍ഹോം മുന്നറിയിപ്പ് നല്‍കി. നിര്‍മിത ബുദ്ധിയിലും ഓട്ടോണമസ് സാങ്കേതികവിദ്യയിലും മുന്‍നിരയിലെത്താന്‍ ശ്രമിക്കുന്ന ടെസ്‌ലക്ക് മസ്‌കിന്റെ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ശമ്പള പാക്കേജ് അംഗീകരിക്കാന്‍ ഓഹരിഉടമകളെ നിര്‍ബന്ധിതരാക്കും വിധമാണ് ഡെന്‍ഹോമിന്റെ കത്തുകള്‍. മസ്‌കുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന ടെസ്‌ല ബോര്‍ഡ് വര്‍ഷങ്ങളായി കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. 2018 ലും മസ്‌കിന്റെ പ്രതിഫല പദ്ധതി സമാനമായിരുന്നു. ഇത് വലിയ നിയമപ്രതിസന്ധികള്‍ നേരിടേണ്ടി വരികയും കോടതി അത് റദ്ദാക്കുകയും ചെയ്തതാണ്.

Content Highlights: Tesla Board Head Robin Denholm warns shareholders that Elon Musk may resign if his new, massive performance-based pay package is not approved.