സാരഥിയില്‍ 'ഡ്യൂപ്ലിക്കേറ്റ്' കുരുക്ക്; ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാനാകുന്നില്ല

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് രൂപംകൊടുത്ത കേന്ദ്രീകൃത സോഫ്ട്‌വേറായ 'സാരഥി'യിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതിലെ പിഴവുകാരണം പലര്‍ക്കും ലൈസന്‍സ് പുതുക്കാനാകുന്നില്ല. 

ഒന്നിലധികം ആര്‍.ടി. ഓഫീസുകളില്‍ ഒരേ ലൈസന്‍സ് വിവരങ്ങള്‍ അതേപടി നിലനില്‍ക്കുന്നതാണ് പ്രശ്‌നം. ലൈസന്‍സ് ആവശ്യങ്ങള്‍ക്ക് വിവിധ ഓഫീസുകളില്‍ സഹായം തേടിയവരാണ് വലയുന്നത്.

പ്രശ്‌നത്തിന് ഉദാഹരണം

കോട്ടയം ആര്‍.ടി. ഓഫീസില്‍നിന്ന് ഒരാള്‍ ലൈസന്‍സെടുത്തു. തിരുവനന്തപുരത്തുനിന്ന് ഇത് പുതുക്കി. ഇപ്പോള്‍ വീണ്ടും കാലാവധി എത്തിയപ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയുന്നില്ല. 'ലൈസന്‍സ് ഈസ് ഡ്യൂപ്ലിക്കേറ്റിങ്' എന്ന സന്ദേശമാണ് കിട്ടുന്നത്. രണ്ട് ഓഫീസിലും ഒരേ വിവരങ്ങള്‍ നിലനില്‍ക്കുന്നതാണ് പ്രശ്‌നം. 

അവസാനം ഏത് ഓഫീസില്‍നിന്നാണോ സേവനം തേടിയത്, അവിടേക്ക് വിളിച്ച് വിവരങ്ങള്‍ ഒന്നിച്ചാക്കാത്തതാണ് പ്രശ്‌നമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. കോട്ടയം ജില്ലയില്‍ 40 ശതമാനം ലൈസന്‍സുകള്‍ ഇങ്ങനെ പുതുക്കാന്‍ കഴിയുന്നില്ലെന്നാണ് കണക്ക്. ഹെവി ലൈസന്‍സ് ബാഡ്ജുള്ള ഡ്രൈവര്‍മാര്‍ക്കാണ് ഇത് കൂടുതല്‍ ദുരിതമായിരിക്കുന്നത്.

അപേക്ഷിക്കണം

ഇവര്‍ക്ക് ഫീസടച്ച് ലൈസന്‍സ് പുതുക്കണമെങ്കില്‍ ലൈസന്‍സുമായി ആര്‍.ടി. ഓഫീസിലെത്തി അപേക്ഷിക്കണം. ഇപ്പോള്‍ ഈ പ്രശ്‌നം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് പരിഹരിക്കുന്നത്. നിലവില്‍ സാരഥി സോഫ്ട്‌വേര്‍ എല്ലാ ജില്ലകളിലും പൂര്‍ണതോതിലായിട്ടില്ല.

വേണ്ടത് 'വാഹനി'ലെ മാതൃക

വാഹനങ്ങളുടെ രജിസ്‌ട്രേഷനുള്ള 'വാഹന്‍' സോഫ്ട്‌വേറില്‍ ഈ പ്രശ്‌നമില്ല. കാരണം പല ആര്‍.ടി. ഓഫീസുകളിലെ വിവരങ്ങള്‍ അവസാനം സേവനം തേടിയ ഓഫീസിലേക്ക് കൂട്ടിച്ചേര്‍ത്താണ് ഡേറ്റാ പോര്‍ട്ടിങ് നടത്തിയിരിക്കുന്നത്.

Content Highlights: Driving Licence Renewal Under Crisis Duo To Sarathi Software Issue 

Content Highlights: