ഇന്ധനം ലാഭിക്കണമെന്ന് പ്രധാനമന്ത്രി, വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ യാത്ര ചെയ്ത് ഫഡ്നാവിസ്

ആഗോള വിപണിയിലെ ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ, തന്റെ വാഹനവ്യൂഹം ഒഴിവാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിളിലാണ് അദ്ദേഹം നിയമസഭാ മന്ദിരമായ വിധാൻ ഭവനിലേക്ക് എത്തിയത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം ഔദ്യോഗിക വസതിയിൽ നിന്ന് ബൈക്കിൽ യാത്ര ചെയ്തത്. ബിജെപി നേതാവും മന്ത്രിയുമായ ആശിഷ് ഷെലാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പോലീസിന്റെ ഫ്ലീറ്റിന്റെ ഭാഗമായ സുരക്ഷാ ഉദ്യോഗസ്ഥർ ബജാജ് പൾസർ 220 ബൈക്കുകളിലാണ് അദ്ദേഹത്തെ അനുഗമിച്ചത്.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി തന്റെ 15 കാറുകളുടെ വ്യൂഹം പ്രധാനമന്ത്രി രണ്ട് എസ്‌യുവികളായി (റേഞ്ച് റോവറും ടൊയോട്ട ഫോർച്യൂണറും) അടുത്തിടെ വെട്ടിച്ചുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ ഈ നടപടി.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന് വേണ്ടിയുള്ള എന്റെ ചെറിയൊരു കാൽവെപ്പാണിത്. എല്ലാവരും തങ്ങളുടെ ജീവിതശൈലിയിൽ സാധ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു" എന്ന് ഫഡ്നാവിസ് എക്സിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
റോയൽ എൻഫീൽഡ് ക്ലാസിക് 350 - വാഹന സവിശേഷതകൾ
ഇന്ത്യൻ വിപണിയിലെ റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയമായ മോട്ടോർസൈക്കിളുകളിലൊന്നാണിത്. 1.85 ലക്ഷം രൂപ മുതൽ 2.21 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. ബ്രാൻഡിന്റെ ജെ-സീരീസ് പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഈ ബൈക്കിൽ 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എൻജിനാണുള്ളത്. 20 എച്ച്പി കരുത്തും 27 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു.
ഇതാദ്യമായല്ല ഒരു രാഷ്ട്രീയ നേതാവ് റോയൽ എൻഫീൽഡ് ബൈക്കിൽ യാത്ര ചെയ്യുന്നത് കാണുന്നത്. 2025-ൽ ബിഹാറിൽ നടന്ന ഒരു റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ക്ലാസിക് 350 ബൈക്കിൽ സഞ്ചരിച്ചത് വാർത്തയായിരുന്നു.
Content Highlights: Following PM Modi's call to reduce fuel consumption, Maharashtra CM Devendra Fadnavis ditched his official convoy to ride a Royal Enfield Classic 350 to the Vidhan Bhavan for the MLC swearing-in ceremony.