സ്‌കൂൾ-കോളേജ് ടൂർ സീസൺ: വാഹനങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്ക, പരിശോധന അടുത്ത ആഴ്ച മുതൽ

കോഴിക്കോട്:ആലപ്പുഴ കളക്കോട് കാറപകടത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ-കോളേജ് ടൂർട്രിപ്പ് വാഹനങ്ങളുടെ ഫിറ്റ്നസ് ചർച്ചയാകുന്നു. അലങ്കാരങ്ങളും ആർഭാടങ്ങളും കൂടുതലുള്ള ബസുകളാണ് വിദ്യാർഥികൾക്ക് പ്രിയം. എന്നാൽ, അവ മോട്ടോർവാഹന വകുപ്പ് മുന്നോട്ടുവെക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവയാണോയെന്ന ആശങ്കയാണ് രക്ഷിതാക്കളും സ്ഥാപനനടത്തിപ്പുകാരും മുന്നോട്ടുവെക്കുന്നത്.
ലേസർ ലൈറ്റ്, സ്മോക്ക് സ്റ്റോക്ക്, സൗണ്ട് ബ്ളോക്സുകൾ തുടങ്ങി നിയമം അനുശാസിക്കാത്ത പലതും ഇത്തരം ടൂറിസ്റ്റ് ബസുകളിൽ ഇടംപിടിക്കും. ഇത് പലപ്പോഴും ബസ് ഡ്രൈവറുടെ ശ്രദ്ധയെ ബാധിക്കുകയുംചെയ്യും. വിനോദസഞ്ചാരസീസൺ തുടങ്ങുമ്പോൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ കാര്യത്തിൽ അധികൃതർ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് മന്ത്രിതലത്തിലും മോട്ടോർവാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥതലത്തിലും നിർദേശമുണ്ട്.
പരിശോധന അടുത്തയാഴ്ചമുതൽ
എല്ലാ സ്കൂൾബസുകളും അടുത്തയാഴ്ചമുതൽ പരിശോധിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർക്കാണ് ഇതിന്റെ ചുമതല. സ്കൂൾ മാനേജ്മെന്റിനാണ് അവരവർ ഉപയോഗിക്കുന്ന വാഹനം പരിശോധനയ്ക്കെത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം.
അവരവരുടെ പരിധിയിലെ ആർ.ടി.ഒ. ഓഫീസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തേണ്ടത്. ആദ്യമെത്തുന്നവർക്ക് ആദ്യം പരിശോധന എന്നരീതി അവലംബിക്കണമെന്നും നിർദേശേം നൽകിയിട്ടുണ്ട്. -ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.
Content Highlights: concern about vehicle fitness on School college tour season