SUV-കളിലും മുന്നേറി CNG മോഡലുകൾ; പെട്രോൾ -ഡീസൽ ആധിപത്യം കുറഞ്ഞുവരുന്നു, മാറ്റത്തിന് പിന്നിലെന്ത്?

രാജ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹന (എസ്.യു.വി) വിപണിയിലും മുന്നേറ്റി സിഎൻജി (ദ്രവീകൃത പ്രകൃതി വാതകം) മോഡലുകൾ. ചെറിയ കാറുകളുടെ വിപണിയിൽ ജനപ്രീതി ആർജിച്ചിരുന്ന സിഎൻജിയാണ് ഇപ്പോൾ ചെറു എസ്.യു.വി വിപണിയിലേക്കും കടന്നുകയറ്റം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പരമ്പരാഗതമായി ഡീസൽ വാഹനങ്ങളാണ് എസ്.യു.വി വിപണിയിൽ ആധിപത്യം പുലർത്തിയിരുന്നത്. ഇതിലാണ് ക്രമാനുഗതമായ മാറ്റം കാണുന്നത്.
നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത എസ്.യു.വികളിൽ 15.3 ശതമാനവും സിഎൻജിയിൽ പ്രവർത്തിക്കുന്നവയാണെന്ന് ഓട്ടോമോട്ടീവ് കൺസൾട്ടൻസി സ്ഥാപനമായ ജാട്ടോ ഡൈനാമിക്സിന്റെ (Jato Dynamics) കണക്കുകൾ വ്യക്തമാക്കുന്നു.
ഡീസൽ എസ്യുവികളുടെ (28%) പകുതിയോളവും, ബാറ്ററി ഇലക്ട്രിക് വാഹങ്ങളായ ബിഇവികളുടെ (9.9%) ഒന്നര മടങ്ങുമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം സിഎൻജിയുടെ പങ്ക് 13.2 ശതമാനമായിരുന്നു. മാരുതി സുസുക്കി ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുള്ള എസ്.യു.വിയായ ബ്രെസ്സയും, പിന്നാലെ ഗ്രാൻഡ് വിറ്റാര എസ്-സിഎൻജിയും പുറത്തിറക്കിയ 2023 സാമ്പത്തിക വർഷത്തിൽ അതായത് അഞ്ച് വർഷം മുമ്പ് ഇത് വെറും 0.2 ശതമാനം മാത്രമായിരുന്നു.
വലിയ എസ്.യു.വികൾ വാങ്ങുന്നവർ ഇപ്പോഴും ഡീസൽ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ എസ്.യു.വി വിൽപ്പനയിൽ ഡീസലിന്റെ പങ്ക് 38.9 ശതമാനമായിരുന്നു. എന്നാൽ പെട്രോളും ഡീസലും ചേർന്നുള്ള വിഹിതം ഈ സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനുള്ളിൽ 98.6 ശതമാനത്തിൽ നിന്ന് 73.1 ശതമാനമായി കുറഞ്ഞു.
ന്യൂഡൽഹി, പുണെ, അഹമ്മദാബാദ്, മുംബൈ, സൂറത്ത് എന്നിവയാണ് സിഎൻജി എസ്.യു.വികളുടെ പ്രധാന വിപണികളെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷവും സിഎൻജി മോഡലുകളുടെ എണ്ണം വർധിച്ചിട്ടില്ലെങ്കിൽ പോലും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സിഎൻജി എസ്.യു.വികളുടെ വിൽപ്പനയിൽ വളർച്ചയുണ്ടായി. വില കുറഞ്ഞതും മലിനീകരണം കുറവുള്ളതുമായ ഈ ഇന്ധനം എസ്.യു.വി വാങ്ങുന്നവർക്കിടയിൽ കൂടുതൽ ജനപ്രിയമാകുന്നു എന്നാണ് ഇത് കാണിക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: CNG accounted for 15.3% of SUV registrations in the first half of the current fiscal year., CNG sales surpassed battery-electric vehicles (BEVs) at 9.9% and are closing in on diesel at 28%., Top markets for CNG SUVs include New Delhi, Pune, Ahmedabad, Mumbai, and Surat., Growing popularity is driven by the need for economically viable SUV ownership.