ചെളി മുതല്‍ ക്രാഷ്ഗാര്‍ഡ് വരെ നമ്പര്‍പ്ലേറ്റ് മറയ്ക്കും; ക്യാമറ കണ്ണില്‍ പൊടിയിടാന്‍ പല നമ്പറുകള്‍

മോട്ടോര്‍ വാഹന വകുപ്പും പോലീസും നിയമലംഘകര്‍ക്ക് പൂട്ടിടാനായി സ്ഥാപിച്ച ക്യാമറകളില്‍ പിടിവീഴാതെ രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടുകയാണ് ചിലര്‍. ബൈക്കുകാരും ലോറിക്കാരുമാണ് ഇതില്‍ ഗവേഷണം നടത്തി പുത്തന്‍ 'കണ്ടുപിടിത്തങ്ങള്‍' നടത്തുന്നവരിലേറെയും. നമ്പര്‍പ്ലേറ്റ് മടക്കിവെച്ചും പിന്നിലത്തേത് ഊരിമാറ്റിയുമുള്ള ന്യൂജനറേഷന്‍ ബൈക്കുകളും നമ്പര്‍പ്ലേറ്റ് വായിക്കാന്‍ കഴിയാത്തവിധം ക്രാഷ് ഗാര്‍ഡ് വെച്ചുമറച്ച ചരക്കുലോറികളും നിരത്തില്‍ ധാരാളമുണ്ട്.
നമ്പര്‍ പ്ലേറ്റില്‍ ചെളിയും മണ്ണും പുരട്ടി അവ്യക്തമാക്കുന്നതില്‍ വിരുതുകാട്ടുന്നത് ടിപ്പറുകളും ടോറസുകളുമാണ്. നമ്പര്‍ ചുരണ്ടിമാറ്റിയ ചില വാഹനങ്ങളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കുമ്പോഴും നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങുമ്പോഴുമാണ് ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടുന്നത്. നമ്പര്‍പ്ലേറ്റ് 'ഇല്ലാത്ത' ഈ വാഹനങ്ങളെ ക്യാമറകളുടെ സഹായത്താല്‍പ്പോലും പലപ്പോഴും തിരിച്ചറിയാന്‍കഴിയാത്ത സ്ഥിതിയാണ്.
സൈഡ് നമ്പര്‍ ഉണ്ടെങ്കില്‍ അത് ചരക്കുപൊതിഞ്ഞ താര്‍പ്പായകൊണ്ട് മറച്ചനിലയിലായിരിക്കും. പിക്കപ്പ് വാനുകളില്‍ ഉള്‍പ്പെടെ ഇതാണ് സ്ഥിതി. മോട്ടോര്‍ വാഹനവകുപ്പും പോലീസും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍വഴിയും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കൈവശമുള്ള ക്യാമറകള്‍ വഴിയും നിയമലംഘനങ്ങള്‍ പതിയുന്നുണ്ടെങ്കിലും വാഹന ഉടമയെ കണ്ടെത്താനോ, നിയമനടപടി സ്വീകരിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്.
നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് അപകടങ്ങള്‍ക്കിടയാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങളെ മഫ്തിയില്‍ പിന്തുടര്‍ന്ന് എവിടെയങ്കിലും നിര്‍ത്തിയിടുന്ന സമയത്ത് കൈയോടെ പിടികൂടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ടു കോടതിയിലേക്ക് കൈമാറും. പിന്നീട് കോടതിവിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ.
ഇതിനൊപ്പം നമ്പര്‍പ്ലേറ്റ് വികലമാക്കുന്നവര്‍ക്ക് 5000 രൂപ വരെ പിഴ ചുമത്തും. യാത്രാവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ഉള്‍പ്പെടെ ഇടിച്ചിട്ട് കടന്നുപോകുന്നതും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും എല്ലാ വാഹനങ്ങളുടെയും മുന്നിലും പിന്നിലും കൃത്യമായി നിശ്ചിത വലുപ്പത്തില്‍ നമ്പര്‍പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം.
Content Highlights: bike riders and truck drivers hide vehicle number plates escape from surveillance camera