KSRTC-യില്‍ ഫ്‌ലെക്‌സി നിരക്കാണ്, വാരാന്ത്യമായാല്‍ അമിതനിരക്ക്; ബെംഗളൂരുവില്‍നിന്ന് നാടെത്താന്‍ ട്രെയിന്‍തന്നെ ശരണം

#സുനീഷ് ജേക്കബ് മാത്യു
photo:KB Ganesh Kumar/facebook
photo:KB Ganesh Kumar/facebook

ബെംഗളൂരു: വാരാന്ത്യങ്ങളും ഓണം പോലെയുള്ള ഉത്സവകാലങ്ങളും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകാര്‍ക്ക് ചാകരക്കാലമാണ്. തീവണ്ടി സര്‍വീസ് കുറവായതിനാല്‍ നിരക്ക് എത്ര വര്‍ധിപ്പിച്ചാലും ബസുകളില്‍ യാത്രക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതിനാല്‍തന്നെ കഴുത്തറപ്പന്‍ നിരക്കാണ് ഇവര്‍ ഈടാക്കുന്നത്. കെഎസ്ആര്‍ടിസിയും ഫ്‌ലെക്‌സി നിരക്ക് എന്നപേരില്‍ ഉത്സവകാലങ്ങളിലും വാരാന്ത്യങ്ങളിലും അമിതനിരക്ക് ഈടാക്കുന്നുണ്ട്.

തീവണ്ടി സര്‍വീസുകളുടെ അപര്യാപ്തത അമിതനിരക്കിലൂടെ സ്വകാര്യബസുകള്‍ മുതലാക്കുമ്പോള്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കെഎസ്ആര്‍ടിയുടെ ഫ്‌ലെക്‌സി നിരക്കും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. തീവണ്ടിയില്‍ മൂന്നുപേര്‍ക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്യുന്നതിന് ഈടാക്കുന്ന നിരക്ക് കെഎസ്ആര്‍ടിസി ബസില്‍ ഒരാള്‍ക്ക് നല്‍കേണ്ടിവരുന്നു. ഇതിന്റെ പല മടങ്ങാണ് സ്വകാര്യബസുകളില്‍ ഈടാക്കുന്നത്.

തെക്കന്‍ കേരളത്തിനെ അപേക്ഷിച്ച് ബെംഗളൂരുവില്‍നിന്ന് മലബാര്‍ മേഖലയിലേക്ക് പതിവ് തീവണ്ടി സര്‍വീസുകള്‍ കുറവായതിനാല്‍ ബസ് സര്‍വീസുകളുടെ ചൂഷണം ഏറെ നേരിടേണ്ടിവരുന്നത് ഈ മേഖലയിലേക്കുള്ളവരാണ്. ഉത്സവകാലങ്ങളില്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതിലും മലബാര്‍മേഖലയോട് ചിറ്റമ്മ നയമാണ് റെയില്‍വേകാട്ടുന്നത്. ഇത്തവണ ഓണത്തിന് തെക്കന്‍ കേരളത്തിലേക്ക് ഒരുമാസം മുന്‍പ് രണ്ടുപ്രത്യേക തീവണ്ടിസര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഇതേസമയം മലബാര്‍ മേഖലയിലേക്ക് പ്രഖ്യാപിക്കാന്‍ ആദ്യം തയ്യാറായില്ല. എന്നാല്‍, ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ ഓണത്തിന് ഒരാഴ്ചപോലും ബാക്കിയില്ലാത്തപ്പോഴായിരുന്നു മലബാറിലേക്ക് പ്രത്യേകതീവണ്ടി സര്‍വീസ് പ്രഖ്യാപിച്ചത്. ഇതില്‍ ഒരു സര്‍വീസ് ഓണം ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്ക് സൗകര്യപ്രദവുമായിരുന്നില്ല. സ്ഥിരം സര്‍വീസ് കുറവായതിനാല്‍ പ്രത്യേക സര്‍വീസ് നടത്തുമ്പോള്‍ മലബാര്‍ മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് യാത്രക്കാര്‍ആവശ്യപ്പെടുന്നത്.

വാരാന്ത്യങ്ങളിലെ തിരക്ക് ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ പ്രതിദിന തീവണ്ടി ആരംഭിക്കാന്‍ കഴിയാതെ വന്നാല്‍ അടിയന്തരമായി മലബാറിലേക്ക് വാരാന്ത്യ സര്‍വീസ് നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം ഈ ആവശ്യം ഉന്നയിച്ചു നിവേദനംനല്‍കിയിട്ടുണ്ട്. ഇത് എത്രയുംവേഗം പ്രാവര്‍ത്തികമാക്കിയാല്‍ ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികളായ ആയിരങ്ങള്‍ക്ക് അനുഗ്രഹമാകും.

Content Highlights: High fares on KSRTC & private buses from Bengaluru to Kerala during weekends & festivals. Train travel is the only viable option for many. Learn more.