നാനോ കാര്‍ പ്ലാന്റ് പൂട്ടിയത് വന്‍ നഷ്ടമുണ്ടാക്കി; ടാറ്റയ്ക്ക് ബംഗാള്‍ 765 കോടി നഷ്ടപരിഹാരം നല്‍കണം

പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍നിര്‍മാണശാല പൂട്ടാന്‍ നിര്‍ബന്ധിതമായതിന് സംസ്ഥാനസര്‍ക്കാര്‍ ടാറ്റ മോട്ടോഴ്സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ വിധിച്ചു. 2016 സെപ്റ്റംബര്‍മുതല്‍ 11 ശതമാനം പലിശസഹിതമാണ് മൂന്നംഗ ട്രിബ്യൂണല്‍ നഷ്ടപരിഹാരം അനുവദിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് സിംഗൂരില്‍ തങ്ങളുടെ ചെറുകാര്‍പദ്ധതിയുടെ പ്‌ളാന്റ് അടയ്‌ക്കേണ്ടിവന്നത് ഭീമമായ നഷ്ട്രത്തിന് ഇടയാക്കിയെന്നുകാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ടാറ്റ മോട്ടോഴ്‌സിന് അനുകൂലമായ സുപ്രധാനവിധി.
വെസ്റ്റ് ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രിബ്യൂണലിന്റെ ഏകകണ്ഠമായ വിധിയില്‍ പറയുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഭൂമി ഏറ്റെടുത്തതിനെച്ചൊല്ലിയുള്ള തര്‍ക്കവും പ്രക്ഷോഭവുംകാരണം 2008 ഒക്ടോബറില്‍ ടാറ്റ മോട്ടോഴ്‌സിന് സിംഗൂരില്‍നിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് നാനോ കാര്‍നിര്‍മാണശാല മാറ്റേണ്ടിവന്നു. അപ്പോഴേക്കും സിംഗൂരില്‍ 1000 കോടി രൂപയിലധികം മുതല്‍മുടക്കിയിരുന്നെന്നാണ് കമ്പനി പറയുന്നത്.
34 വര്‍ഷത്തെ ഇടതുഭരണത്തെ അട്ടിമറിച്ച് 2011-ല്‍ ബംഗാളില്‍ അധികാരത്തിലേറാന്‍ മമതാ ബാനര്‍ജിയെ സഹായിച്ച ഘടകങ്ങളിലൊന്ന് സിംഗൂര്‍ പ്രക്ഷോഭമാണ്. സി.പി.എം. നേതൃത്വത്തിലുള്ള അന്നത്തെ ഇടതുമുന്നണിസര്‍ക്കാര്‍ പദ്ധതിക്കായി 1000 ഏക്കറോളം കൃഷിഭൂമി ഏറ്റെടുത്തിരുന്നു. മമത മുഖ്യമന്ത്രിയായശേഷം കോടതി ഉത്തരവിനെത്തുടര്‍ന്ന് ടാറ്റയില്‍നിന്ന് ഭൂമി തിരിച്ചെടുത്തു. ഉടമസ്ഥര്‍ക്ക് ഭാഗികമായി തിരികെനല്‍കി.
Content Highlights: Bengal government give 765 crore rupees compensation to tata motors, Nano plant shut down