നിരത്തില്‍ മുന്‍ഗണന ആര്‍ക്ക്; പോലീസ് വാഹനത്തിനോ ആംബുലന്‍സിനോ...?

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

നിരത്തുകളില്‍ പോലീസ് വാഹനത്തെക്കാള്‍ പരിഗണന ആംബുലന്‍സിനു നല്‍കണമെന്നാണ് നിയമം. 2017-ലെ ഡ്രൈവിങ് റെഗുലേഷനില്‍ നിരത്തില്‍ മുന്‍ഗണന നല്‍കേണ്ട വാഹനങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ആംബുലന്‍സെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാമത് അഗ്‌നിരക്ഷാവിഭാഗം, രണ്ടാമത് ആംബുലന്‍സ്, മൂന്നാമത് പോലീസ് എന്നിങ്ങനെയാണ് മുന്‍ഗണനാ പട്ടിക.

കൊട്ടാരക്കരയില്‍ ഓക്സിജന്‍ സിലിന്‍ഡര്‍ ഘടിപ്പിച്ച രോഗിയുമായി സൈറണ്‍ മുഴക്കി കടന്നെത്തിയ ആംബുലന്‍സിനേക്കാള്‍ പരിഗണന മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനത്തിനാണു കൊട്ടാരക്കര പോലീസ് നല്‍കിയത്. ഇതാണ് അപകടത്തിനു കാരണമായതും. കഴിഞ്ഞ ബുധനാഴ്ചയാണ് പുലമണ്‍ ജങ്ഷനില്‍ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞത്.

ഏതു സാഹചര്യത്തിലും പാത തെറ്റിച്ചു സഞ്ചരിക്കാന്‍ ആംബുലന്‍സിനും അവകാശമില്ല. സുരക്ഷിതമായ വേഗത്തിലും സുരക്ഷിതമായ പാതയിലും സഞ്ചരിക്കണമെന്നാണ് വ്യവസ്ഥ. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് അനുമതിനല്‍കുന്നപക്ഷം അടിയന്തരഘട്ടങ്ങളില്‍ പാതതെറ്റിച്ചും കടന്നുവരാം. എങ്കിലും അപകടമുണ്ടായാല്‍ ഡ്രൈവര്‍ കുറ്റക്കാരനാകും. 

പുലമണില്‍ ഒരേസമയം മന്ത്രി വാഹനവും ആംബുലന്‍സും കടന്നുവന്നപ്പോള്‍ ജങ്ഷനില്‍ ജോലിയിലുണ്ടായിരുന്ന പോലീസുകാരില്‍ ആശയക്കുഴപ്പമുണ്ടായതായും വിലയിരുത്തലുണ്ട്. അപകടത്തില്‍പ്പെടുന്ന ആംബുലന്‍സ് വാഹനങ്ങളില്‍ അധികവും മിനി വാനുകളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെറുതും ഭാരക്കുറവുമുള്ള വാഹനമായതിനാല്‍ അപകടസാധ്യതയും ആളപായവും ഏറെയാണ്.

കൊട്ടാരക്കരയിലുണ്ടായ അപകടത്തില്‍ മോട്ടോര്‍വാഹനവകുപ്പിനും നടപടിയെടുക്കാം. അലക്ഷ്യമായും പാതതെറ്റിച്ചുമാണ് ഇരുവാഹനങ്ങളും കടന്നുവന്നതെന്ന് പോലീസ് എഫ്.ഐ.ആറിലുള്ളതിനാലും ആംബുലന്‍സിലുണ്ടായിരുന്നവര്‍ക്ക് പൊട്ടലുള്‍പ്പെടെ ഗുരുതര പരിക്കുള്ളതിനാലും മോട്ടോര്‍വാഹനവകുപ്പ് നിയമപ്രകാരവും നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

Content Highlights: ambulances to be given priority over police vehicles on the roads, Driving regulations