KB ഗണേഷ്‌കുമാർ നേരിട്ടു വിളിച്ചിട്ടും ഫോണെടുത്തില്ല, KSRTC കൺട്രോൾറൂമിലെ 6 കണ്ടക്ടർമാരെക്കൂടി മാറ്റി

തിരുവനന്തപുരം: കെഎസ്ആർടിസി തിരുവനന്തപുരം ആസ്ഥാനമന്ദിരത്തിലെ കൺട്രോൾറൂം ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് കണ്ടക്ടർമാരെക്കൂടി സ്ഥലംമാറ്റി. അരുൺപ്രകാശ് (ആറ്റിങ്ങൽ), ദിവ്യ എസ്. നായർ (കണിയാപുരം), ആർ. മഹേഷ് (കിളിമാനൂർ), ജെ.എൻ. റിയാസ് മുഹമ്മദ് (പാലോട്), എസ്. സ്മിത (നെടുമങ്ങാട്), കെ.എസ്. സന്ദീപ് (നെടുമങ്ങാട്) എന്നിവരെയാണ് പേരിനൊപ്പമുള്ള യൂണിറ്റുകളിേലക്കു മാറ്റിയത്. കഴിഞ്ഞ ദിവസം ഒൻപതുപേരെ സ്ഥലംമാറ്റിയതിന്റെ തുടർച്ചയാണിത്. ഇതോടെ കൺട്രോൾറൂം ഡ്യൂട്ടിയിലുണ്ടായിരുന്ന 15 പേരെയും വിവിധ യൂണിറ്റുകളിലേക്കു തിരിച്ചയച്ചു.
മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നേരിട്ടു വിളിച്ചിട്ടും കൺട്രോൾറൂമിലെ ഫോൺ എടുക്കാത്തതിനെത്തുടർന്നാണ് നടപടി. യാത്രക്കാരിൽനിന്നുള്ള അന്വേഷണവും പരാതികളും സ്വീകരിക്കുന്നതിനു വേണ്ടിയുള്ളതാണ് ചീഫ് ഓഫീസിലെ കൺട്രോൾറൂം. പത്ത് ടെലിഫോൺ ലൈനുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതി വ്യാപകമാണ്.
മോശം ഡ്രൈവിങ്ങിനെതിരേ പരാതിപ്പെടാനുള്ള വാട്സാപ്പ് സംവിധാനവും കൺട്രോൾറൂമിലുണ്ട്. ഇവ ഫലപ്രദമല്ലെന്നു പരാതി ലഭിച്ചതിനെത്തുടർന്നാണ് മന്ത്രി നേരിട്ട് ഫോൺ ചെയ്തത്. കൺട്രോൾറൂമിലേക്കു വരുന്ന ഫോൺകോളുകൾ റെക്കോഡ് ചെയ്യാൻ സംവിധാനമില്ലാത്തതും ക്രമക്കേടിനു സഹായകരമായി.
ഓഫീസ് ജോലിയുടെ സ്വഭാവമുള്ള ഈ ഡ്യൂട്ടിയിലാണ് കണ്ടക്ടർമാരെ വിന്യസിച്ചിരുന്നത്. ആവശ്യത്തിന് കണ്ടക്ടർമാരില്ലാത്തതിനാൽ താത്കാലിക ജീവനക്കാരെ നിയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ അദർഡ്യൂട്ടി സംവിധാനം നിലനിർത്തിയിരുന്നത്. കൺട്രോൾറൂം സംവിധാനം വിപുലീകരിച്ച് കോൾസെന്ററാക്കി പുറംകരാർ നൽകാനുള്ള നീക്കവും പുരോഗമിക്കുകയാണ്. ഒരുമാസത്തിനു മുൻപേ കരാർ നൽകാൻ ടെൻഡർ വിളിച്ചിരുന്നു.
ശാരീരികാവശത കാരണം ബസിൽ ജോലിചെയ്യാൻ കഴിയാത്തവരെ ഇനി കൺട്രോൾറൂമിൽ നിയോഗിക്കും. അപകടവും മറ്റു ശാരീരിക അവശതകളും കാരണം കണ്ടക്ടർ ജോലി തുടരാൻ കഴിയാത്തതിനാൽ തസ്തികമാറ്റം ആവശ്യപ്പെട്ടവരാകും കൺട്രോൾറൂമിൽ പുതുതായി നിയോഗിക്കപ്പെടുക.
മെഡിക്കൽ ബോർഡ് ചേർന്ന് പട്ടിക തയ്യാറായിക്കിട്ടും ഇവർക്ക് ശാരീരികാധ്വാനം കുറഞ്ഞ ജോലികൾ നൽകിയിരുന്നില്ല. മിക്കവരും ശമ്പളമില്ലാത്ത അവധിയിലാണ്. അർഹതയുള്ളവരെ തഴഞ്ഞുകൊണ്ട് തൊഴിലാളിസംഘടനാനേതാക്കളും അവരുടെ ബന്ധുക്കളുമാണ് ഇതുവരെ കൺട്രോൾറൂം ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിരുന്നത്. ബസിൽ ജോലിചെയ്യാൻ താത്പര്യമില്ലാത്ത കണ്ടക്ടർമാരുടെ ലാവണമാണ് കൺട്രോൾറൂമെന്ന് ആക്ഷേപമുണ്ടായിരുന്നു.
Content Highlights: 6 more KSRTC conductor transferred from control room