വീട്ടുകാര്‍ അറിയാതെ സഹോദരിയുമായി 10 വയസ്സുകാരന്റെ കാര്‍ യാത്ര; സഞ്ചരിച്ചത് 320 കി.മി

Photo: WFLA News Channel 8
Photo: WFLA News Channel 8

മാതാപിതാക്കള്‍ ഉറങ്ങി കിടക്കുമ്പോള്‍ അവര്‍ അറിയാതെ വാഹനവുമായി കുട്ടികള്‍ കറങ്ങാന്‍ പോകുന്നതും, പോലീസ് പരിശോധനയില്‍ ഇത്തരം കുട്ടികള്‍ കുടങ്ങിയിട്ടുള്ളതുമെല്ലാം വാര്‍ത്തകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കേട്ടറിഞ്ഞിട്ടുള്ളതാണ്. സമാനമായ സംഭവമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പത്ത് വയസുള്ള കുട്ടിയാണ് തന്റെ സഹോദരിക്കൊപ്പം 320 കിലോമീറ്ററോളം കാറോടിച്ച് പോയത്.

അമേരിക്കയിലെ നോര്‍ത്ത് ഫ്‌ളോറിഡയിലാണ് സംഭവം നടക്കുന്നത്. കുസൃതി കാണിച്ചതിനെ തുടര്‍ന്ന് 11 വയസുകാരിയായ കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണം അമ്മ വാങ്ങി വെച്ചതാണ് ഈ യാത്രയ്ക്കിടയാക്കിയ സംഭവം. തന്റെ സഹോദരി വിഷമിച്ചിരിക്കുന്നത് കണ്ടതോടെ സമാധാനിപ്പിക്കുന്നതിനായി സഹോദരനായ 10 വയസ്സുകാരന്‍ ചേച്ചിയേയും കൂട്ടി അമ്മയുടെ തന്നെ കാര്‍ എടുത്ത് യാത്ര തിരിക്കുകയായിരുന്നു. 

പിന്നീട് മക്കളെ കാണാതായതോടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫ്‌ലോറിഡയിലെ നോര്‍ത്ത് പോര്‍ട്ടില്‍നിന്ന് തന്റെ കാര്‍ മോഷണം പോയെന്നും നാലു മണിക്കൂറായി മക്കളെ കാണാനില്ലെന്നുമായിരുന്നു അമ്മ പോലീസിനെ അറിയിച്ചത്. ഇതേസമയം, ഫ്‌ളോറിഡയിലെ വീട്ടില്‍നിന്ന് കാറില്‍ കാലിഫോര്‍ണിയയിലേക്കായിരുന്നു ഈ കുട്ടികളുടെ യാത്ര. ഗെയിന്‍സ്വിലിനടുത്തുള്ള അന്തസ്സംസ്ഥാനപാത-75ല്‍ പ്രാദേശികസമയം വ്യാഴാഴ്ച പുലര്‍ച്ചെ നാല്മണിയോടെ കാര്‍ പോലീസ് പിടികൂടി.

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരച്ചിലിനിറങ്ങിയ പോലീസാണ് റോഡിലൂടെ പരാതിയില്‍ പറഞ്ഞിട്ടുള്ള നമ്പറിലുള്ള കാര്‍ വരുന്നത് കണ്ടത്. മോഷ്ടാക്കളാണെന്നു കരുതി തോക്കുചൂണ്ടിയാണ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതും അകത്തുള്ളവരോട് പുറത്തിറങ്ങാന്‍ പോലീസ് അറിയിപ്പ് നല്‍കിയതും. അപ്പോഴാണ് പോലീസുകാരെ അമ്പരപ്പിച്ച് ഡ്രൈവിങ്ങ് സീറ്റില്‍ നിന്ന് പത്ത് വയസ്സുകാരനും പാസഞ്ചര്‍ സീറ്റില്‍ നിന്ന് സഹോദരിയും പുറത്തിറങ്ങിയത്. 

വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടികളോട് വീട് വിട്ടിറങ്ങാനുള്ള കാരണം പോലീസ് ആരാഞ്ഞു. അമ്മയോ വീട്ടുകാരോ മോശമായി പെരുമാറിയതിന്റെ പേരിലല്ല ഒളിച്ചോട്ടമെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി. തുടര്‍ന്ന് പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ വാഹനമോടിച്ചാണ് കുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് അവരുടെ മാതാവ് എത്തിയത്. എന്നാല്‍, കൂടുതല്‍ നടപടികള്‍ സ്വീകരിക്കാതെ കുട്ടികളെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്.

Content Highlights: 10 year old boy and her 11 year old sister run away with mother’s car for 320 km