രാജ്ദൂത്, ആര്‍.എക്‌സ് 100, യെസ്ഡി, കൈനറ്റിക്; ഓര്‍മയുണ്ടോ ഇവരെയെല്ലാം?

By: സി. സജിത്‌
അന്ന് നമ്മുടെ റോഡുകള്‍ ഇത്ര പുരോഗമിച്ചിട്ടില്ല... കടുക് അടുപ്പിലിട്ടതുപോലുള്ള ശബ്ദവുമായി റോഡുകളെ വിറപ്പിച്ചുപോയിട്ടുണ്ട് ഇവ. കോളേജുകളുടെ ഹരമായിരുന്നു ഈ ശബ്ദം. ദൂരേ നിന്നേ അറിയാം ഇവയുടെ വരവ്. പിന്നീട് കാലത്തിന്റെ ഓട്ടത്തില്‍ ഇവര്‍ പിന്തള്ളപ്പെട്ടു. കാരണങ്ങള്‍ പലതായിരുന്നു. എന്നാല്‍, ഇവയെ മറക്കാന്‍ കഴിയാത്ത ഒരു തലമുറ ഇപ്പോഴുമുണ്ട്. കാരണം ഈ നിരത്തൊഴിഞ്ഞ ഈ വാഹനങ്ങളെ ഒരിക്കല്‍പ്പോലും ആഗ്രഹിക്കാത്തവര്‍ ഇല്ലായിരുന്നു. അത്രയ്ക്ക് നെഞ്ചോട് ചേര്‍ത്തിരുന്നു ഒരു സമൂഹം. ഇപ്പോഴും ഇവയെ സ്‌നേഹിക്കുന്നതിന് തെളിവാണ് ഇവയ്ക്കുള്ള ഡിമാന്‍ഡ്.
# യമഹ ആര്‍.എക്‌സ്. 100
ഇന്ത്യയിലെ ബൈക്കുകളുടെ ചരിത്രം തിരുത്തിക്കുറിച്ചതാണിവന്‍. ഒരുകാലത്ത് ചെറുപ്പക്കാരുടെ ചോരത്തിളപ്പ് നിയന്ത്രിച്ചിരുന്നുവെന്നു വേണമെങ്കില്‍ പറയാം. പൊട്ടുന്ന ശബ്ദവും ഗിയറൊന്നു മാറ്റിയാല്‍ ചാടിക്കുതിക്കുന്ന പിക്കപ്പുമെല്ലാം യുവതയുടെ ഹൃദയം കവര്‍ന്നിരുന്നു. നിര്‍മാണം നിര്‍ത്തിയിട്ടും ഇപ്പോഴും പൊന്നുംവിലയ്ക്ക് വാങ്ങാന്‍ ആളുകള്‍ ക്യൂനില്‍ക്കുന്നതിനും യമഹയുടെ ജനപ്രീതിക്ക് തെളിവാണ്.
1985-ലായിരുന്നു യമഹ ആര്‍.എക്‌സ്. 100 ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിയത്. കാവസാക്കി ബജാജ് കെ.ബി. 100-ന് പിന്നാലെയാണ് യമഹ, ആര്‍.എക്‌സ്. 100-ഉം കൊണ്ടെത്തിയത്. വിപണിയില്‍ കത്തിനില്‍ക്കുമ്പോള്‍ ഇതിന്റെ വകഭേദങ്ങളായി ആര്‍.എക്‌സ്.ജി.യടക്കമുള്ളവ വിപണിയിലെത്തിച്ചു. എന്നാലും ആര്‍.എക്‌സ്. 100-ന്റെ ജനപ്രിയതയെ വെല്ലാന്‍ ഇവര്‍ക്കായില്ല. പിന്നീട് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ശക്തമാക്കിയതോടെയാണ് കമ്പനി ഈ മോഡലിന്റെ നിര്‍മാണം നിര്‍ത്തിയത്.
# രാജ്ദൂത്
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഒരുപക്ഷേ ഏറ്റവുമധികം വിപണിയെ സ്വാധീനിച്ച വാഹനമെന്നു പറയാം. യമഹയുടെ ഈ താരം ഒരുകാലത്ത് ചെറുപ്പക്കാരുടെ സ്വപ്നമായിരുന്നു. യമഹ ആര്‍.ഡി. 350 രാജ്ദൂത്. 1983-ല്‍ ഇറങ്ങിയപ്പോള്‍ ഏറ്റവും കരുത്തേറിയ ഇരുചക്ര വാഹനമായിരുന്നു. (റോയല്‍ എന്‍ഫീല്‍ഡിനെ മറക്കുന്നില്ല.) വില്‍പനയില്‍ അതിവേഗ മുന്നേറ്റമായിരുന്നു രാജ്ദൂതിന്റേത്. എന്നാല്‍, പിന്നീട് വര്‍ധിപ്പിച്ച വിലയും സ്‌പെയര്‍പാര്‍ട്ടുകളുടെ അഭാവവും രാജ്ദൂതിന്റെ മുന്നേറ്റത്തെ തടഞ്ഞു.
അതേസമയം, കമ്പനി തങ്ങളുടെ ആര്‍.എക്‌സ്. 100-ല്‍ ശ്രദ്ധചെലുത്തി. വിലക്കുറവും സൗന്ദര്യവും കരുത്തും ആര്‍.എക്‌സ്. 100-നെ മുന്നോട്ടു നയിച്ചപ്പോള്‍ കമ്പനി തന്നെ രാജ്ദൂതിനെ വിപണിയില്‍ നിന്ന് പിന്നോട്ട് വലിച്ചു. 1989-ല്‍ ആയിരുന്നു രാജ്ദൂതിന്റെ നിര്‍മാണം കമ്പനി നിര്‍ത്തിയത്. എന്നാല്‍, ഒരിക്കല്‍ രാജ്ദൂതില്‍ കൈവച്ചവര്‍ ഇപ്പോഴും ഇതിന്റെ ആരാധകരായി തുടരുകയാണ്.
# യെസ്ഡി
മെല്ലെ കാല്‍കൊടുത്ത്, പതുക്കെ ഒരു തലോടല്‍, പടക്കം പൊട്ടുന്ന ശബ്ദത്തോടെ അവന്‍ ഉണരും. പിന്നെ, നാടുമുഴുവന്‍ അറിയും അവന്റെ എഴുന്നള്ളത്ത്്. അതായിരുന്നു യെസ്ഡി. അറുപതുകളിലും എഴുപതുകളിലും ഇന്ത്യന്‍ റോഡുകളില്‍ മുഴങ്ങിക്കേട്ടിരുന്ന ഒരു ശബ്ദമായിരുന്നു അത്. യുവജനങ്ങള്‍ക്കിടയില്‍ ഹരമായിരുന്നു യെസ്ഡി. ആദ്യം 'ജാവ'യായിരുന്നു പിന്നീട് യെസ്ഡിയായി മാറി. ഇവയില്‍ യെസ്ഡി 'റോഡ് കിങ്ങ്' ആയിരുന്നു ഏറ്റവും മുന്നിലെത്തിയത്. രണ്ട് എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുമായി ടു സ്‌ട്രോക് 250 സി.സി. എന്‍ജിന്‍ യഥാര്‍ഥത്തില്‍ താരമായി മാറുകയായിരുന്നു.
1978-ല്‍ ആയിരുന്നു റോഡ്കിങ് വില്‍പ്പനയാരംഭിച്ചത്. ശബ്ദവും കിക്കര്‍ ഗിയറാക്കി മാറ്റുന്ന അത്ഭുതവിദ്യയുമൊക്കെ യെസ്ഡിയെ താരമാക്കി മാറ്റി. എന്നാല്‍, ജപ്പാന്‍ വാഹന നിര്‍മാതാക്കളുടെ വരവോടെ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു. അതിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ കമ്പനിക്കായില്ല. അങ്ങനെ 1996-ല്‍ കമ്പനി പൂട്ടുകയായിരുന്നു. എന്നാല്‍, യെസ്ഡിയുടെ ആരാധകര്‍ ഇപ്പോഴും അവയെ കൊണ്ടുനടക്കുന്നുണ്ട്.
# ബജാജ് ചേതക്
ഹമാരാ ബജാജ്' ഒരുകാലത്ത് ഇന്ത്യക്കാരുടെ കാതുകളില്‍ അലയടിച്ചിരുന്നതായിരുന്നു ഈ പരസ്യവാചകം. അതിലെ നായകനായിരുന്നു റാണാ പ്രതാപ് സിങ് എന്ന വീരയോദ്ധാവിന്റെ കുതിരയായിരുന്ന 'ചേതകി'ന്റെ പേര് നല്‍കിയ സ്‌കൂട്ടര്‍. ഒരുകാലത്ത് ഇന്ത്യയിലെ കുടുംബങ്ങളുടെ വാഹനമായിരുന്നു അത്. രാവിലെ സ്റ്റാര്‍ട്ടായില്ലെങ്കില്‍ ഒന്നു ചെരിച്ച് മെല്ലെ കിക്കറിലൊന്നു ചവിട്ടിയാല്‍ കുതിക്കാന്‍ ഉഷാറാവുന്ന 'ചേതക്' ഇന്ത്യന്‍ കുടുംബങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത അംഗമായിരുന്നു. വര്‍ഷങ്ങളോളം തുടര്‍ന്നു ആ അപ്രമാദിത്വം.
ഇന്ത്യയിലെ കോടിക്കണക്കിന് വീടുകളിലെ അംഗമായി മാറാന്‍ ചേതകിന് അധികകാലമൊന്നു മെടുത്തില്ല. 1972-ല്‍ ആയിരുന്നു 'വെസ്പ സ്പ്രിന്റി'ന്റെ രൂപത്തില്‍ നിന്ന് കടംകൊണ്ട് ചേതക് പിറവിയെടുക്കുന്നത്. 1980-ല്‍ ടൂ സ്ട്രോക് എന്‍ജിനുമായി ചേതക്ക് പുതുരൂപമെടുത്തു. തുടര്‍ന്നായിരുന്നു ചേതക് വളര്‍ച്ചയുടെ പടികള്‍ കയറാനാരംഭിച്ചത്.
ജപ്പാന്‍ ബൈക്കുകളുടേയും സ്‌കൂട്ടറുകളുടേയും വരവോടെയായിരുന്നു ചേതക്കിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുതുടങ്ങിയത്. എന്നാല്‍, ഒരുതവണ ഉപയോഗിച്ചവര്‍ യാത്രാസുഖം അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ വിടാറില്ലായിരുന്നു. രണ്ടായിരമാണ്ട് ആയപ്പോഴേക്കും ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിലെ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ 2006-ല്‍ ചേതക് വിടപറയുകയായിരുന്നു.
# എല്‍.എം.എല്‍. വെസ്പ
ബജാജിന്റെ ചേതക്കിന്റെ പടയോട്ട സമയത്താണ് പിയാജിയോ 'എല്‍.എം.എല്‍. വെസ്പ'യുമായി എത്തുന്നത്. ചേതക്കിന്റെ അടിസ്ഥാന രൂപത്തിന് കാരണക്കാരനായത് വെസ്പയുടെ സ്പ്രിങ് ആയിരുന്നു. എന്നാല്‍, 1971-ല്‍ പിയാജിയോയും ബജാജും തമ്മില്‍ വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് പിയാജിയോ ഇന്ത്യയില്‍ സ്‌കൂട്ടര്‍ നിര്‍മാണത്തിനായി ലോഹിയ മെഷീനറി ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെടുന്നത്. അങ്ങിനെ, 1983-ല്‍ വെസ്പ സ്‌കൂട്ടര്‍ ഇന്ത്യയിലെത്തി. കാണാനുള്ള ഭംഗിയും സുഖകരമായ യാത്രയും വാഗ്ദാനം ചെയ്ത വെസ്പ, എതിരാളിയായ ചേതക്കിന് ശരിക്കും വെല്ലുവിളിയുയര്‍ത്തി. 1999-ല്‍ എല്‍. എം.എല്ലും പിയാജിയോയും തമ്മിലുള്ള ബന്ധം മുറിഞ്ഞു. എല്‍.എം.എല്‍. ഇന്ത്യയില്‍ സ്‌കൂട്ടറുണ്ടാക്കി വില്‍പ്പന തുടര്‍ന്നു. എന്‍.വി, സെലക്ട് 2 എന്നീ മോഡലുകള്‍ എല്‍.എം.എല്‍. നിര്‍മിച്ചു. എന്നാല്‍, പുതു തലമുറ സ്‌കൂട്ടറുകള്‍ എത്തിയതോടെ വെസ്പയുടെ കാലവും അസ്തമിച്ചു.
# കൈനറ്റിക് ഹോണ്ട
ഗിയറില്ലാത്ത സ്‌കൂട്ടറുകളെ'ന്ന വിപ്ലവം ഇന്ത്യയിലേക്ക് കൊണ്ടുവന്നതില്‍ പ്രമുഖനായിരുന്നു 'കൈനറ്റിക് ഹോണ്ട'. തുമ്പിയെപ്പോലെ മൂളിപ്പറക്കുന്ന കുഞ്ഞു വണ്ടി കോളേജ് കുമാരികളുടെ ഇഷ്ടവാഹനമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. കാരണം, ഗിയറില്ലെന്നതു തന്നെ. കൈനറ്റിക് ഇന്ത്യയും ജപ്പാനിലെ ഹോണ്ടയും തമ്മിലുള്ള കൂട്ടുകെട്ടിലായിരുന്നു കൈനറ്റിക് ഹോണ്ടയുടെ ജനനം.
കിക്കറില്ലാത്ത സ്‌കൂട്ടര്‍ അന്ന് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. അങ്ങനെ 1984-ലായിരുന്നു കൈനറ്റിക് ഹോണ്ട ഇന്ത്യയില്‍ ജനിച്ചത്. ടി സ്‌ട്രോക് സ്‌കൂട്ടറുകളുെട കൂട്ടത്തില്‍ എന്നും ഇന്ത്യക്കാര്‍ ഓര്‍ക്കും ഈ കുഞ്ഞനെ. 2005-ല്‍ നിര്‍മാണം നിറുത്തുന്നതുവരെ ആറു മോഡലുകളാണ് കൈനറ്റിക് ഹോണ്ടയുടേതായി പുറത്തുവന്നത്. 1995-ല്‍ ഇന്ത്യയിലെ മികച്ച സ്‌കൂട്ടറായി ഇത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


VIEW ON mathrubhumi.com