കാറുകളില്‍ ആറ് എയര്‍ ബാഗ്; നിര്‍ബന്ധമാക്കാതെ അത് ഉറപ്പാക്കാന്‍ ഐഡിയയുമായി ഗഡ്കരി

ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത് നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ലെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ പുതിയ നിലപാട്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് പ്രാബല്യത്തില്‍ വരുന്നതോടെ നിര്‍മാതാക്കള്‍ ആറ് എയര്‍ബാഗില്‍ കൂടുതല്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഭാരത് എന്‍ക്യാപിന്റെ മാനദണ്ഡം അനുസരിച്ച് ക്രാഷ് ടെസ്റ്റില്‍ ഫോര്‍, ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കണമെങ്കില്‍ വാഹനത്തില്‍ ആറ് എയര്‍ബാഗ് ആവശ്യമാണ്. അതുകൊണ്ട് ആറ് എയര്‍ബാഗ് നല്‍കണമെന്നത് നിര്‍ബന്ധമാക്കേണ്ട സാഹചര്യം ഇനിയില്ല. വാഹനത്തിന് മികച്ച റേറ്റിങ്ങ് ലഭിക്കാന്‍ നിര്‍മാതാക്കള്‍ സ്വമേധയ ആറ് എയര്‍ബാഗ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓട്ടോമോട്ടീവ് കോമ്പോണെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.സി.എം.എ) സമ്മേളനത്തില്‍ നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.
ആറ് എയര്‍ബാഗിന്റെ സുരക്ഷ ഉറപ്പാക്കുന്ന വാഹനങ്ങള്‍ വലിയ സ്വീകാര്യത നേടുകയും നിര്‍മാതാക്കള്‍ കൂടുതല്‍ വിപണി വിഹിതം സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ ഓഫര്‍ നല്‍കുന്നതില്‍ വിമുഖത കാണിക്കുന്ന കമ്പനികള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം 2022 ജനുവരിയിലാണ് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മുന്നോട്ട് വെച്ചത്.
2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, വാഹന നിര്‍മാതാക്കളില്‍ നിന്നും മറ്റും ഉയര്‍ന്ന എതിര്‍പ്പുകളുടെ പശ്ചാത്തലത്തില്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു. ആദ്യം നിര്‍ദേശിച്ച സമയത്തിനുള്ളില്‍ ആറ് എയര്‍ബാഗ് നല്‍കണമെങ്കില്‍ 10 ലക്ഷത്തോളം അധികം എയര്‍ബാഗ് അധികമായി വേണ്ടിവരുമെന്നും ഇത് നിര്‍മിക്കാനുള്ള ശേഷി ഇല്ലെന്നുമായിരുന്നു വാഹന നിര്‍മാതാക്കള്‍ കാരണമായി അറിയിച്ചിരുന്നത്. ഈ ഒക്ടോബറില്‍ ഇത് പ്രാബല്യത്തില്‍ വരുത്താനായിരുന്നു നീക്കം.
അതേസമയം, ഓഗസ്റ്റ് 22-ന് ഉദ്ഘാടനം ചെയ്ത ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റ് ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ വാഹന നിര്‍മാതാക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്തേണ്ടതില്ലെന്നാണ് മന്ത്രിയുടെ പുതിയ നിലപാട്. ഭാരത് എന്‍ക്യാപ് ക്രാഷ്ടെസ്റ്റ് അനുസരിച്ച് വാഹന നിര്‍മാതാക്കള്‍ക്ക് യാത്രാവാഹനങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കായി ഹാജരാക്കാന്‍ സാധിക്കും. കുട്ടികള്‍ക്ക് ഉറപ്പാക്കുന്ന സുരക്ഷ, മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വാഹനത്തിന് കൃത്യമായി റേറ്റിങ്ങും നല്‍കും.
Content Highlights: We did not make six airbag mandatory says Union minister Nitin Gadkari