പെട്രോളിലേക്കുള്ള മാറ്റം പൂര്‍ത്തിയാക്കാന്‍ വോള്‍വോ; XC90-യുടെ പെട്രോള്‍ പതിപ്പ് വരവിനൊരുങ്ങി

വോള്‍വോ XC90 | Photo: Volvo India
വോള്‍വോ XC90 | Photo: Volvo India

സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പ്രീമിയം എസ്.യു.വി. മോഡലായ XC90-യുടെ പെട്രോള്‍ എന്‍ജിന്‍ മൈല്‍ഡ് ഹൈബ്രിഡ് മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്താനൊരുങ്ങുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചു. ഈ വാഹനത്തിന്റെ വരവോടെ ഇന്ത്യയിലെ വോള്‍വോയുടെ വാഹനനിര പൂര്‍ണമായും പെട്രോള്‍ എന്‍ജിനിലേക്ക് മാറുമെന്നും കമ്പനി അറിയിച്ചു. വോള്‍വോയുടെ മറ്റ് രണ്ട് മോഡലുകളായ S90, XC60 എന്നിവ ഒക്ടോബറില്‍ പെട്രോള്‍ എന്‍ജിനില്‍ പുറത്തിറങ്ങിയിരുന്നു.

വോള്‍വോയുടെ അത്യാധുനിക ഫീച്ചറുകള്‍ ഒത്തിണങ്ങിയിട്ടുള്ള സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ (എസ്.പി.എ) പുറത്തിറങ്ങുന്ന ആദ്യ മോഡലായിരിക്കും XC90. ഏഴ് സീറ്റര്‍ എസ്.യു.വിയായാണ് ഈ വാഹനം എത്തുകയെന്നാണ് വോള്‍വോ അറിയിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന XC90 പെട്രോള്‍ പതിപ്പ് 89.90 ലക്ഷം രൂപയായിരിക്കും ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

പെട്രോള്‍ എന്‍ജിന്‍ സ്ഥാനം പിടിക്കുന്നതിനൊപ്പം ഡ്രൈവര്‍ ഫ്രണ്ട്‌ലി ആകുന്നതിനായി കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. വാഹനത്തിന്റെ വേഗത, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഫോണ്‍ കോളുകള്‍ എന്നിവ ലഭ്യമാക്കുന്ന ഹെഡ്-അപ്പ്-ഡിസ്‌പ്ലേയാണ് ഇതില്‍ പ്രധാനം. നാവിഗേഷന്‍ സംവിധാനവും ഇന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും അകത്തളത്തിന്റെ സവിശേഷതയാണ്.

പ്രീമിയം ഭാവമാണ് ഈ വാഹനത്തിന്റെ ക്യാബിനിനുള്ളത്. വുഡന്‍, ക്രിസ്റ്റല്‍, മെറ്റല്‍ തുടങ്ങിയ ഉയര്‍ന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് അകത്തളം ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇത് അത്യാഡംബര ഭാവമാണ് അകത്തളത്തിന് നല്‍കുന്നത്. ക്യാബിനുള്ളില്‍ ശുദ്ധവായു ഉറപ്പാക്കുന്നതിനായി സെന്‍സറുകള്‍ നല്‍കിയിട്ടുള്ള പുതിയ അഡ്വാന്‍സ്ഡ് എയര്‍ ക്ലീനല്‍ സാങ്കേതികവിദ്യയും ഈ വാഹനത്തിന്റെ അകത്തളത്തിനെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്. മറ്റ് ഫീച്ചറുകള്‍ നിലവിലുള്ള മോഡലിന് സമമാണ്.
 
വോള്‍വോ XC90-യില്‍ നല്‍കിയിരുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരമായായിരിക്കും പെട്രോള്‍ എന്‍ജിന്‍ സ്ഥാനം പിടിക്കുക. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ഡ്ജ് പെട്രോള്‍ എന്‍ജിനായിരിക്കും XC90-യില്‍ പുതുതായി നല്‍കുക. ഇതിനൊപ്പം 48 വോള്‍ട്ട് ജനറേറ്റര്‍ മോട്ടോറും നല്‍കുന്നുണ്ട്. ഈ എന്‍ജിന്‍ 300 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമേകും. ഡീസല്‍ മോഡലിനെക്കാള്‍ 65 ബി.എച്ച്.പി. പവര്‍ പെട്രോള്‍ എന്‍ജിന്‍ അധികമായി ഉത്പാദിപ്പിക്കും. അതേസമയം, ടോര്‍ക്ക് കുറയുന്നുണ്ട്.

Content Highlights: Volvo XC90 Petrol Hybrid Engine Model, Volvo Cars, Volvo XC90 SUV, Volvo XC90, Petrol Engine, Mild Hybrid

Content Highlights: