മത്സരം കടുക്കും; ഇന്ത്യ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് വിയറ്റ്‌നാമില്‍ നിന്നും കരുത്തന്‍ എത്തുന്നു

വിന്‍ഫാസ്റ്റ് പ്രദര്‍ശനത്തിന് എത്തിച്ച ഇലക്ട്രിക് എസ്.യു.വി. മോഡലുകള്‍ | ഫോട്ടോ: മാതൃഭൂമി
വിന്‍ഫാസ്റ്റ് പ്രദര്‍ശനത്തിന് എത്തിച്ച ഇലക്ട്രിക് എസ്.യു.വി. മോഡലുകള്‍ | ഫോട്ടോ: മാതൃഭൂമി

ഇന്ത്യയിലെ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൈവരിച്ചിട്ടുള്ള കുതിപ്പ് ലോകരാജ്യങ്ങള്‍ പോലും ഉറ്റുനോക്കുന്നതാണ്. രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക് കൂടി ശ്രദ്ധ തിരിച്ചതിനൊപ്പം തന്നെ വിദേശ നിരത്തുകളില്‍ കരുത്തന്‍ സാന്നിധ്യമായ ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യയിലേക്ക് വരവിനൊരുങ്ങുകയാണ്. വിയറ്റ്‌നാമിസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റാണ് ഇതിലൊന്ന്.

2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് വിന്‍ഫാസ്റ്റ് കമ്പനിയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ തൊടുന്നത്. വാഹന നിരയിലെ ഭൂരിഭാഗം മോഡലുകളും അന്ന് വിന്‍ഫാസ്റ്റിന്റെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയുടെ 2025 ഉത്സവ സീസണിലേക്കുള്ള സമ്മാനമായായിരിക്കും വിന്‍ഫാസ്റ്റ് ഇലക്ട്രിക് മോഡലുകള്‍ എത്തുക. വരവിന് മുന്നോടിയായി തകൃതിയായുള്ള പരീക്ഷണയോട്ടങ്ങളിലാണ് വിന്‍ഫാസ്റ്റിന്റെ ഇലക്ട്രിക് എസ്‌യുവികള്‍. 

വിഎഫ്6 എന്ന മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവി മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ റോഡുകളിലാണ് വിഎഫ്6 എസ്‌യുവി പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിന്‍ഫാസ്റ്റിന്റെ മറ്റൊരു എസ്‌യുവി മോഡലായ വിഎഫ്7-ന്റെ പരീക്ഷണയോട്ട ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്കായിരിക്കും വി.എഫ്.6 എത്തുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ-വിത്താര, മഹീന്ദ്ര ബി.ഇ.6, ടാറ്റ കര്‍വ് ഇ.വി. എന്നീ മോഡലുകളുമായി മത്സരിക്കാനാണ് വി.എഫ്.6 വിപണിയില്‍ എത്തിക്കുന്നത്. വി മോട്ടീഫ് ഡിസൈന്‍ ഫിലോസഫിയില്‍ നേര്‍ത്ത ഗ്രില്ലും ഫുള്‍ വിഡ്ത്ത് ഡി.ആര്‍.എല്ലും എല്‍.ഇ.ഡി. ഹെഡ്ലാമ്പും നല്‍കിയാണ് വി.എഫ്.6 അലങ്കരിച്ചിരിക്കുന്നത്. 17 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകളാണ് ഈ ഇലക്ട്രിക് മോഡലില്‍ നല്‍കിയിരിക്കുന്നത്. 

ഇക്കോ, പ്ലസ് എന്നീ വേരിയന്റുകളിലാണ് വിഎഫ് 6 എത്തുന്നത്. ഇക്കോ വേരിയന്റ് 399 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 59.6 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്. ഇതിലെ മോട്ടോര്‍ 178 എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. പ്ലസ് വേരിയന്റില്‍ റേഞ്ച് 381 കിലോമീറ്ററായി കുറയുന്നുണ്ട്. എന്നാല്‍, കൂടുതല്‍ കരുത്തേറിയ പതിപ്പാണ് പ്ലസ് വേരിയന്റ്. 204 എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്.

Source

Content Highlights: VinFast's Electric SUV VF6: Testing in India, Poised for 2025 Launch