പുതുവര്‍ഷത്തിലെ ഇന്ത്യയിലെ ആദ്യ പ്രീമിയം വാഹനം; ഔഡി A4 2021 അവതരിപ്പിച്ചു

പുതിയ ഔഡി A4 | Photo: Audi India
പുതിയ ഔഡി A4 | Photo: Audi India

ഇന്ത്യയിലെ ആഡംബര വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന പ്രീമിയം സെഡാന്‍ വാഹനമായ ഔഡി A4-ന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 42.34 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയുള്ള ഈ വാഹനം ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. ഔഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഡീലര്‍ഷിപ്പുകളിലും ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 

പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വേരിയന്റുകളിലാണ് 2021 ഔഡി A4 വിപണിയില്‍ എത്തുന്നത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 42.34 ലക്ഷവും 46.67 ലക്ഷം രൂപയുമാണ് വില. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഔറംഗാബാദിലെ പ്ലാന്റിലാണ് പുതിയ A4 നിര്‍മിക്കുന്നത്. ഔഡിക്ക് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള രണ്ടാമത്തെ മോഡലാണ് A4 സെഡാന്‍. 2019-ലും ഈ വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചിരുന്നു. 

പുറംമോടിയേക്കാള്‍ മെക്കാനിക്കലായുള്ള മാറ്റമാണ് 2021 A4-ല്‍ വരുത്തിയിട്ടുള്ളത്. മുമ്പുണ്ടായിരുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് പകരം കൂടുതല്‍ കരുത്തനായ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് പുതിയ മോഡലിലുള്ളത്. ഇത് 190 ബി.എച്ച്.പി.പവറും 320 എന്‍.എം.ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 7.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

2020 ഏപ്രിലിലില്‍ ഇന്ത്യയോട് വിടപറഞ്ഞ മുന്‍തലമുറ A4-നോട് സാമ്യമുള്ള ഡിസൈനിലാണ് പുതിയ മോഡലും എത്തിയിട്ടുള്ളത്. വീതിയുള്ള സിംഗിള്‍ ഫ്രെയിം ഗ്രില്ല്, പുതിയ ഡിസൈനില്‍ നിര്‍മിച്ചിട്ടുള്ള എല്‍.ഇ.ഡി.ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ഡിസൈന്‍ മാറ്റം വരുത്തിയ ബംമ്പറുകള്‍, പുതുമയുള്ള ടെയ്ല്‍ലൈറ്റ്, അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍ എന്നിവയാണ് പുതിയ A4-ന്റെ പുറംമോടിയെ പുതുമയുള്ളതാക്കുന്നത്. 

പുതിയ A4-ന്റെ അകത്തളത്തിന്റെ ഡിസൈനും മുന്‍ഗാമിക്ക് സമാനമാണ്. അതേസമയം, കണക്ടിവിറ്റി ഫീച്ചറുകള്‍ നല്‍കിയുള്ള 10.1 ഇഞ്ച് വലിപ്പമുള്ള ഫ്ളോട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫിസിക്കള്‍ സ്വിച്ചുകള്‍ നല്‍കിയിട്ടുള്ള മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, വെര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ലൈറ്റിങ്ങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറില്‍ അധികമായി നല്‍കിയിട്ടുണ്ട്.

Content Highlights: The tech-laden new Audi A4 is now on sale in India

Content Highlights: