ത്രീ സീരീസിനെക്കാള്‍ വളര്‍ന്ന് ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ എത്തി; വില 51.50 ലക്ഷം രൂപ മുതല്‍

ബി.എം.ഡബ്ല്യു. ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ | Photo: BMW India
ബി.എം.ഡബ്ല്യു. ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ | Photo: BMW India

ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ പ്രീമിയം സെഡാന്‍ മോഡലായ ത്രീ സീരീസിന്റെ ഗ്രാന്‍ ലിമോസിന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 330 Li ലക്ഷ്വറി ലൈന്‍, 330Li എംസ്‌പോര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഗ്രാന്‍ ലിമോസിന്‍ പെട്രോളിന് 51.50 ലക്ഷം രൂപ മുതല്‍ 53.90 ലക്ഷം രൂപ വരെയും ഡീസലിന് 52.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 

നിലവില്‍ ബി.എം.ഡബ്ല്യു നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ത്രീ സീരീസ് മോഡലുകളുടെ ലോങ്ങ് വീല്‍ ബേസ് പതിപ്പാണിത്. അതിനാലാണ് വേരിയന്റിന്റെ പേരില്‍ എല്‍ എന്ന് നല്‍കിയിട്ടുള്ളത്. ബി.എം.ഡബ്ല്യുവിന്റെ ത്രീ സീരീസ് ജി.ടി. പതിപ്പിന് പകരക്കാരനായാണ് ഈ ഗ്രാന്‍ ലിമോസിന്‍ എത്തിയിട്ടുള്ളതുമെന്നാണ് റിപ്പോര്‍ട്ട്. 

റെഗുലര്‍ ത്രീ സീരീസ് മോഡലിനെക്കാള്‍ 110 എം.എം. അധിക വീല്‍ബേസാണ് ഈ വാഹനത്തില്‍ അധികമായി നല്‍കിയിട്ടുള്ളത്. 2961 എം.എം. ആണ് ഗ്രാന്‍ ലിമോസിന്റെ വീല്‍ബേസ്. 4819 എം.എം. നീളവും 1827 എം.എം. വീതിയും 1463 എം.എം. ഉയരവുമാണ് പുതിയ ഗ്രാന്‍ ലിമോസിന്റെ അളവുകള്‍. റെഗുലല്‍ മോഡലിനെക്കാള്‍ നീളമുണ്ടെങ്കിലും ഉയരത്തില്‍ 28 എം.എം. കുറവാണ് ഈ മോഡല്‍. 

എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ടെയ്ല്‍ലാമ്പ്, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുതിയ ഹെഡ്റെസ്റ്റ്, വീതിയുള്ള ആംറെസ്റ്റ് എന്നിവയായിരിക്കും ഈ വാഹനത്തില്‍ മാറ്റമൊരുക്കുന്നത്. ബി.എം.ഡബ്ല്യു ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്ങ്, ത്രീഡി നാവിഗേഷന്‍ എന്നിവ സാങ്കേതിക മികവ് തെളിയിക്കും.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനമെത്തിയേക്കും. പെട്രോള്‍ എന്‍ജിന്‍ 255 ബി.എച്ച്.പി. പവറും 400 എന്‍.എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 188 ബി.എച്ച്.പി പവറും 400 എന്‍.എം ടോര്‍ക്കുമേകും. ത്രീ സീരീസിന്റെയും ഫൈവ് സീരീസിന്റെയും മധ്യത്തിലായിരിക്കും ഗ്രാന്‍ ലിമോസിന്റെ സ്ഥാനമെന്നാണ് സൂചന.

Content Highlights: The new BMW 3 Series Gran Limousine launched in India

Content Highlights: