ആ പത്തില്‍ നാനോയും?; 200 കിലോമീറ്റര്‍ റേഞ്ചുമായി ടാറ്റ നാനോ ഇലക്ട്രിക് ആയി എത്തിയേക്കും

ഇന്ത്യയിലെ വാഹന നിര്‍മാതാക്കളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ നിരയുള്ളത് ടാറ്റ മോട്ടോഴ്‌സിന് തന്നെയാണ്. നെക്‌സോണ്‍ ഇ.വി, നെക്‌സോണ്‍ ഇ.വി. മാക്‌സ്, ടിഗോര്‍ ഇ.വി എന്നിവ വിപണിയില്‍ എത്തുകയും ടിയാഗോ ഇ.വി. വരവിനൊരുങ്ങുകയും ചെയ്തിട്ടുണ്ട്. കര്‍വ്, അവിന്യ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ കണ്‍സെപ്റ്റും ഇതിനോടകം പ്രദര്‍ശനത്തിനെത്തി കഴിഞ്ഞു. ഈ ഇലക്ട്രിക് വാഹനങ്ങളുടെ നിരയിലേക്ക് നിരത്തൊഴിഞ്ഞ നാനോയും എത്തിയേക്കുമെന്നാണ് പുതിയ വിവരങ്ങള്‍.
എന്നാല്‍, നിരത്തൊഴിഞ്ഞ നാനോ ആയിരിക്കില്ല ഇലക്ട്രിക് ആകുമ്പോഴെന്നാണ് വിവരം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങളോടെയായിരിക്കും നാനോ ഇ.വിയുടെ വരവ്. ഇലക്ട്രിക് പവര്‍ട്രെയിനിന് ഉതകുന്ന പുതിയ പ്ലാറ്റ്‌ഫോം പുതിയ ഡിസൈന്‍, മാറ്റം വരുത്തിയ ടയറുകള്‍, അഴിച്ചുപണിതിട്ടുള്ള ബോഡി എന്നിവയായിരിക്കും ഈ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍. മോഡേണ്‍ ഡിസൈന്‍ ശൈലിയായിരിക്കും ഈ വാഹനത്തെ റെഗുലര്‍ നാനോയില്‍ നിന്ന് വ്യത്യസ്തമാക്കുകയെന്നാണ് സൂചന.
പുറംമോടിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പോലെ അകത്തളത്തിലുമുണ്ടാകും ഏറെ പുതുമകള്‍. ടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളും നിരത്തൊഴിഞ്ഞ നാനോയില്‍ നിന്ന് വ്യത്യസ്തമായ ഡാഷ്‌ബോര്‍ഡും മറ്റുമായിരിക്കും ഇന്റീരിയറില്‍ നല്‍കുന്ന പുതുമകള്‍. അതേസമയം, നാനോ ഇലക്ട്രിക് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും, ഇത് സംബന്ധിച്ച് ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ പ്രതികരിക്കാന്‍ തയാറായിട്ടുമില്ലെന്നാണ് റിപ്പോര്‍ട്ട്.
കര്‍വ്, അവിന്യ തുടങ്ങിയ വാഹനങ്ങള്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായായിരിക്കാം നാനോയുടെ ഇലക്ട്രിക് വാഹനവും എത്തിച്ചേക്കുകയെന്നാണ് വിലയിരുത്തലുകള്‍. പ്രധാനമായും വലിയ നഗരങ്ങളെ ലക്ഷ്യമാക്കിയായിരിക്കും ഈ വാഹനം എത്തിക്കുക. ഒറ്റത്തവണ ചാര്‍ഡ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരുചക്ര വാഹന ഉപയോക്താക്കളെ ലക്ഷ്യമിട്ട് 2008-ലാണ് ടാറ്റ നാനോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ കാര്‍ എന്ന വാഗ്ദാനവുമായാണ് ഈ വാഹനം എത്തിയത്. എന്നാല്‍, പിന്നീട് വില വര്‍ധിപ്പിക്കാന്‍ ടാറ്റ നിര്‍ബന്ധിതരാകുകയായിരുന്നു. ഡിമാന്റില്‍ വന്‍ ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് 2018-ല്‍ നാനോയുടെ ഉത്പാദനം അവസാനിപ്പിച്ചപ്പോള്‍ 2.97 ലക്ഷം രൂപ വരെയായിരുന്നു നാനോയുടെ വില. 624 സിസി രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ടാറ്റ നാനോ നിരത്തിലെത്തിച്ചത്. 37 ബിഎച്ച്പി കരുത്തും 51 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്നത്.
Source: The Times Of India
Content Highlights: Tata Motors to launch electric avathar of nano, Tata Nano, Tata Electric cars, Tata Motors, Nano EV