ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക് മോഡൽ, 'ഇടിപരീക്ഷ'യിൽ 5-സ്റ്റാർ

ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (ഭാരത് NCAP) 5-സ്റ്റാർ റേറ്റിങ് നേടി ടാറ്റ മോട്ടോഴ്സിൻ്റെ പ്രീമിയം ഹാച്ച്ബാക്ക് അൽട്രോസ്. മുതിർന്നവരുടെ സുരക്ഷയിൽ (അഡൾട്ട് ഒക്കുപ്പൻ്റ് പ്രൊട്ടക്ഷൻ, AOP) 32-ൽ 29.65 പോയിൻ്റുകളും കുട്ടികളുടെ സുരക്ഷയിൽ (ചൈൽഡ് ഒക്കുപ്പൻ്റ് പ്രൊട്ടക്ഷൻ COP) 49-ൽ 44.90 എന്ന മികച്ച പോയിൻ്റും അൽട്രോസ് സ്വന്തമാക്കി. ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളിലൊന്നായി അൽട്രോസിനെ മാറ്റി.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), കാൽനടയാത്രക്കാർക്കുള്ള സംരക്ഷണ സംവിധാനങ്ങൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ (SBR), പിൻവശത്തെ ഔട്ട്‌ബോർഡ് സീറ്റുകൾക്കായി ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകൾ എല്ലാ അൽട്രോസ് വേരിയന്റുകളിലും ടാറ്റ മോട്ടോഴ്‌സ് നൽകുന്നുണ്ട്.
പെട്രോൾ, ഡീസൽ, സിഎൻജി പവർട്രെയിനുകളിലുടനീളം നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ സ്ഥിരമായി നൽകുന്നതിൽ ടാറ്റയുടെ സമീപനത്തെയാണ് ഈ ഫീച്ചറുകൾ എടുത്തു കാണിക്കുന്നത്. ഭാരത് NCAP-ലെ പ്രകടനത്തിലൂടെ, ഇന്ത്യയിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളിലൊന്ന് എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം ടാറ്റ അൽട്രോസ് അരക്കിട്ടുറപ്പിക്കുകയാണ്.
ഇക്കഴിഞ്ഞ മേയിലാണ് സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഫീച്ചറുകളുമായി പുത്തൻ അൽട്രോസ് എത്തിയത്. 88 ബിഎച്ച്പി കരുത്തും 115 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 90 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ ഡീസൽ എൻജിൻ, ട്വിൻ-സിലിണ്ടർ ടെക്നോളജിയോടുകൂടിയ 73.5 ബിഎച്ച്പി കരുത്തും 103 എൻഎം ടോർക്കും നൽകുന്ന 1.2-ലിറ്റർ സിഎൻജി വേരിയന്റ് എന്നിവയാണ് വാഹനത്തിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവൽ, പുതിയ 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (DCA) എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
Content Highlights: The Tata Altroz hatchback earns a 5-star Bharat NCAP rating