ഇന്ത്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ സ്‌കോഡ ഇനി പകുതി ഇന്ത്യക്കാരൻ; JSW-വുമായി ധാരണപത്രം ഒപ്പുവെച്ചു

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയിൽ പങ്കാളികളെ തേടുന്നുവെന്നത് സ്‌കോഡയുടെ മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. ജെ.എസ്.ഡബ്ല്യുവുമായി സഹകരണത്തിനുള്ള സാധ്യത പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. പുതിയ വിവരങ്ങൾ അനുസരിച്ച് സംയുക്ത സംരംഭം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും ഉപാധികളില്ലാത്ത ധാരണാപത്രത്തിൽ (non-binding MoU) ഒപ്പുവെച്ചതായി സൂചന.
ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ജെ.എസ്.ഡബ്ല്യു. ഗ്രീൻ മൊബിലിറ്റി ലിമിറ്റഡുമായാണ് സ്‌കോഡ-ഫോക്‌സ്‌വാഗൺ സംയുക്ത സംരംഭത്തിന് ശ്രമിക്കുന്നത്. സ്‌കോഡ-ഫോക്‌സ്‌വാഗൺ കമ്പനിയുടെ എൻജിനീയറിങ്, പ്രൊഡക്ഷൻ സംവിധാനങ്ങളെ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മാനുഫാക്ചറിങ് ശേഷിയുമായി സംയോജിപ്പിക്കാനാണ് ഇരുകമ്പനികളും തമ്മിലുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തലുകൾ.
ഇരുകമ്പനികളും തമ്മിലുള്ള ധാരണ അനുസരിച്ച് ഇന്റേണൽ കംബസ്റ്റ്യൻ എൻജിൻ, ഇലക്ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡ്, ഹൈബ്രിഡ് എന്നീ പവർട്രെയിനുകളിലുള്ള വാഹനങ്ങൾ നിർമിച്ച് ഇന്ത്യയിൽ വിൽക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലേക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ നിര വികസിപ്പിക്കുന്നതും പ്രാദേശികമായി വാഹനങ്ങൾ നിർമിക്കുന്നതും ഉൾപ്പെടെയുള്ളവയും ഈ സഹകരണത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.
പ്രത്യേകം ഉപാധികളില്ലാത്ത ധാരണാപത്രത്തിലാണ് ഇപ്പോൾ ഇരുകമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. ഇരുകമ്പനികളും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അന്തിമ കരാറുകളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. സഹകരണം സംബന്ധിച്ച് കൂടുതൽ ചർച്ചകളും ആഭ്യന്തര അനുമതികളും റെഗുലേറ്ററി ക്ലിയറൻസുകളും ആവശ്യമാണ്. ഇവ ലഭിച്ച ശേഷമായിരിക്കും അന്തിമ കരാറിന് രൂപം നൽകുകയെന്നാണ് ജെ.എസ്.ഡബ്ല്യുവിനെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്തത്.
സംയുക്ത നിയന്ത്രണം ഉറപ്പാക്കുന്ന ടൂ പാർട്ടി പാർട്ണർഷിപ്പാണ് ഞങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രദേശികവത്കരണം, മത്സാരാഥിഷ്ഠിത ഉത്പന്നങ്ങൾ എത്തിക്കുന്നതിന് പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ പങ്കുവയ്ക്കുക, ഇന്ത്യൻ വാഹന വിപണിയിലെ ലാഭ വിഹിതം വർധിപ്പിക്കുക എന്നിവയാണ് ഇരുകമ്പനിയും തമ്മിലുള്ള സഹകരണത്തിന്റെ കാതലായ ലക്ഷ്യമെന്നാണ് സ്‌കോഡ വക്താവ് ഓട്ടോകാർ പ്രൊഫഷണലിനോട് പറഞ്ഞത്.
വാഹനനിര വിപുലമാക്കുന്നതിനും പ്രാദേശികവത്കരണം ഉയർത്തുന്നതിനും ഇന്ത്യയിലെ റിസേർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സംവിധാനങ്ങൾ ശക്തമാക്കുന്നതിലുമായിരിക്കും പുതിയ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ സഹകരണം യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിൽ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ മൂന്നാമത്തെ ഓട്ടോമൊബൈൽ സംരംഭമായി മാറിയേക്കാം. ജെ.എസ്.ഡബ്ല്യു എം.ജി.മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ല്യു മോട്ടോഴ്‌സ് എന്നിവയാണ് നിലവിലെ സംരംഭങ്ങൾ.
Content Highlights: Skoda-Volkswagen and JSW Green Mobility signed a non-binding MoU for a joint venture in India., The partnership aims to combine engineering and manufacturing capabilities for ICE, electric, and hybrid vehicles., Focuses on deep localization, expanding the vehicle lineup, and boosting market share in India and abroad.