ഇന്ത്യയിൽനിന്ന് ഇന്ത്യക്കും ലോകത്തിനും; ഉയർന്ന കയറ്റുമതിയിൽ അംഗീകാരം നേടി ഫോക്‌സ്‌വാഗൺ- സ്‌കോഡ

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എവിഡബ്ല്യുഐപിഎൽ) കമ്പനിയെ തേടി പുതിയൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. 2025-26 വർഷത്തിലെ ഓട്ടോമൊബൈൽ ടോപ്പ് എക്‌സ്‌പോർട്ടർ ബഹുമതിയാണ് ഈ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ പോർട്ട് അതോറിറ്റിയാണ് എസ്എവിഡബ്ല്യുഐപിഎല്ലിന് ഈ അംഗീകാരം നൽകി ആദരിച്ചിരിക്കുന്നത്.
ആഗോള വാഹന വ്യവസായ മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുന്ന രീതിയിലുള്ള വാഹന കയറ്റുമതി സാധ്യമായത് പരിഗണിച്ചാണ് മുംബൈ പോർട്ട് ഈ അംഗീകാരം നൽകിയിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ മുംബൈ പോർട്ടിലൂടെ മാത്രം 40,000 വാഹനങ്ങളാണ് ഫോക്‌സ്‌വാഗണും സ്‌കോഡയും കയറ്റുമതി ചെയ്തത്. ഇത് വാഹന വ്യവസായ മേഖലയിലെ പ്രധാന നാഴികക്കല്ലാണെന്ന് മുംബൈ പോർട്ട് വിശേഷിപ്പിക്കുന്നു.
ഇന്ത്യയിൽ നിർമിച്ച് ഇന്ത്യക്കും ലോകത്തിനുമെന്ന സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ലക്ഷ്യം കാർ നിർമാണത്തിനും കയറ്റുമതിക്കും ആഗോള ഹബ്ബായി പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ പ്രചോദനമാണെന്നാണ് മുംബൈ പോർട്ട് അഭിപ്രായപ്പെടുന്നത്. മുംബൈ പോർട്ട് തുടർന്നും എസ്എവിഡബ്ല്യുഐപിഎൽ ഗ്രൂപ്പിന്റെ വാഹന കയറ്റുമതിക്കുന്ന സുപ്രധാന കവാടമായി തുടരുമെന്നും പോർട്ട് അധികൃതർ അറിയിച്ചു.
2023-24 വർഷത്തിലും ടോപ്പ് എക്‌സ്‌പോർട്ടർ എന്ന നിലയിൽ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയെ മുംബൈ പോർട്ട് ആദരിച്ചിരുന്നു. ഇന്ത്യയിൽ വാഹനങ്ങൾ നിർമിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ ആദ്യ സ്ഥാനങ്ങളിൽ തങ്ങൾ തന്നെയാണെന്നുള്ളതിന്റെ തെളിവാണ് തുടർച്ചയായി ഈ അംഗീകാരം ലഭിക്കുന്നതെന്നാണ് എസ്എവിഡബ്ല്യുഐപിഎൽ ഇന്ത്യ അവകാശപ്പെടുന്നത്.
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നീ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതുവരെ 7,25,000 ഇന്ത്യൻ നിർമിത വാഹനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് ഫോക്‌സ്‌വാഗണും സ്‌കോഡയും കയറ്റി അയച്ചിട്ടുണ്ടെന്നാണ് എസ്എവിഡബ്ല്യുഐപിഎൽ അറിയിച്ചിരിക്കുന്നത്.
ഫോക്‌സ്‌വാഗണിൽനിന്ന് ഇന്ത്യയിൽ നിർമിക്കുന്ന ടൈഗൂൺ, വിർട്ടസ് എന്നീ മോഡലുകളും സ്‌കോഡയിൽനിന്നും കുഷാഖ്, സ്ലാവിയ എന്നീ വാഹനങ്ങളുമാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതിനുപുറമെ, വാഹനങ്ങളുടെ പാർട്‌സുകളും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ഫോക്‌സ്‌വാഗൺ-സ്‌കോഡ കമ്പനികളുടെ മറ്റ് രാജ്യങ്ങളിലെ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പങ്ക് ഉയർത്തി കാട്ടുന്നുവെന്നും എസ്എവിഡബ്ല്യുഐപിഎൽ പറയുന്നു.
Content Highlights: Awarded Top Automobile Exporter for the 2025-26 fiscal year by Mumbai Port Authority., Successfully exported 40,000 vehicles through Mumbai Port in 2025-26., Total export milestone of 725,000 Indian-made vehicles achieved., Key models exported include Taigun, Virtus, Kushaq, and Slavia., Supporting the 'Make in India' initiative by serving global markets across Asia, Africa, and North America.