സ്‌കോഡയുടെ സെഡാൻ സൗന്ദര്യം മുഖംമിനുക്കുന്നു; സ്ലാവിയയുടെ പുതിയ മോഡൽ ഓഗസ്റ്റ് 18-നെത്തും

#Auto Desk
സ്‌കോഡ സ്ലാവിയ മോണ്ടേ കാര്‍ലോ എഡിഷന്‍ | Photo: Skoda India
സ്‌കോഡ സ്ലാവിയ മോണ്ടേ കാര്‍ലോ എഡിഷന്‍ | Photo: Skoda India

സ്‌കോഡ എന്ന ചെക്ക് വാഹന നിർമാതാക്കൾക്ക് ഇന്ത്യയിൽ ഒരു മേൽവിലാസം നേടി കൊടുത്തത് അവരുടെ സെഡാൻ മോഡലുകളായിരുന്നു. ഒക്ടാവിയ, ലോറ, സൂപ്പർബ്, റാപ്പിഡ് തുടങ്ങി ഇന്ത്യയിലെത്തിയ ഓരോ സെഡാനുകളും ജനശ്രദ്ധ നേടിയവയായിരുന്നു. എസ്‌യുവികൾ വിപണിയിൽ പിടിമുറുക്കിയതോടെ ഓരോ മോഡലുകളായി വിപണി വിട്ടെങ്കിലും ഇവരുടെ പിന്മുറക്കാരനായി കരുത്തോടെ നിരത്തുകളിൽ നിൽക്കുന്ന മോഡലാണ് സ്‌കോഡ സ്ലാവിയ.

2022 ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തിയ ഈ വാഹനം നാല് വർഷം നീണ്ട കുതിപ്പിനൊടുവിൽ ഒരു മുഖംമിനുക്കലിന് ഒരുങ്ങുകയാണ്. മിഡ്‌സൈസ് സെഡാൻ ശ്രേണിയിലുള്ള സ്ലാവിയയുടെ മുഖംമിനുക്കിയ പതിപ്പ് ഓഗസ്റ്റ് 18-ന് വിപണിയിൽ അവതരിപ്പിക്കും. മെക്കാനിക്കലായി മാറ്റം വരുത്താതെ കൂടുതൽ ഫീച്ചറുകളും സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള കൂട്ടിച്ചേർക്കലുകളും വരുത്തിയായിരിക്കും സ്ലാവിയയുടെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കുക.

എൽഇഡി ഹെഡ്‌ലാമ്പ്, ഡിസൈൻ മാറ്റം വരുത്തിയിട്ടുള്ള ടെയ്ൽലാമ്പ്, പുതുമയുള്ള ഗ്രില്ല്, കുഷാഖിലും കോഡിയാക്കിലും നൽകിയിട്ടുള്ളതിന് സമാനമായി നൽകുന്ന ലൈറ്റുകളുടെ അലങ്കാരങ്ങൾ റീ ഡിസൈൻ ചെയ്ത മുന്നിലേയും പിന്നിലേയും ബമ്പറുകൾ, പുതുമയുള്ള അലോയി വീലുകൾ എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയർ ഡിസൈനിൽ വരുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റീരിയറിലെ ഡിസൈനിൽ കാര്യമായ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. എന്നാൽ, ഫീച്ചറുകളിൽ വലിയ വർധനവും പ്രതീക്ഷിക്കുന്നുണ്ട്. 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് അകത്തളത്തിൽ പ്രതീക്ഷിക്കാവുന്ന പ്രധാന പുതുമ. പുതിയ സീറ്റ് അപ്‌ഹോൾട്രി, സെൻസറുകൾ, കുഷാഖിലേത് പോലെ റിയർ സീറ്റ് മസാജർ എന്നിവയും അകത്തളത്തിൽ ഒരുങ്ങും.

മെക്കാനിക്കലായുള്ള മാറ്റം ഈ മുഖംമിനുക്കലിൽ പ്രതീക്ഷിക്കേണ്ടതില്ല. 115 എച്ച്പി പവറും 178 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ ടിഎസ്‌ഐ ടർബോ എൻജിനായിരിക്കും എൻജിൻ ഓപ്ഷനുകളിൽ ഒന്ന്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഇതിനൊപ്പം നൽകും. 150 പിഎസ് പവറും 250 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോളാണ് മറ്റൊരു എൻജിൻ. ഏഴ് സ്പീഡ് ഡിഎസ്ജിയാണ് ഇതിലെ ട്രാൻസ്മിഷൻ.

Content Highlights: Official launch scheduled for August 18, 2026., Exterior upgrades include new LED headlamps, redesigned bumpers, and alloy wheels., Interior enhancements feature a 10.25-inch digital driver display and rear seat massager., Retains reliable 1.0L TSI and 1.5L TSI turbo engine options., No mechanical changes expected in this mid-life update.