500 കിലോമീറ്റര്‍ റേഞ്ച്, മിന്നല്‍ വേഗം; ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് തുടക്കത്തിന് സ്‌കോഡ

ഇന്ത്യന്‍ വാഹന വിപണിയിലെ ട്രെന്റ് തിരിച്ചറിഞ്ഞാണ് സ്‌കോഡയുടെ ഒരോ വാഹനങ്ങളും എത്തിക്കുന്നത്. പ്രീമിയം വാഹനങ്ങള്‍ മാത്രം എത്തിച്ചിരുന്നതില്‍ നിന്ന് കുഷാക്, സ്ലാവിയ പോലെ താരതമ്യേന കുറഞ്ഞ വിലയിലെ വാഹനങ്ങള്‍ അവതരിപ്പിച്ച് തുടങ്ങിയതോടെ വലിയ സ്വീകാര്യതയും സ്‌കോഡയ്ക്ക് ലഭിച്ചിട്ടുണ്ട്. ഐസ് എന്‍ജിന്‍ വാഹനങ്ങളില്‍ വിപണി പിടിച്ചുതുടങ്ങിയ സ്‌കോഡ ഇന്ത്യന്‍ നിരത്തുകളില്‍ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ എത്തിക്കാനൊരുങ്ങുകയാണ്.
യൂറോപ്യന്‍ വിപണികളില്‍ സ്‌കോഡ ഇതിനോടകം പ്രദര്‍ശിപ്പിച്ച എന്‍യാക് ഐ.വി. എന്ന ഇലക്ട്രിക് മോഡലാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ മൂന്നുവരെ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ലാണ് സ്‌കോഡയുടെ ആദ്യ ഇലക്ട്രിക് വാഹനം പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ പ്രദര്‍ശനത്തിന് ശേഷം രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്‍യാക് ഐ.വിയുടെ ഉയര്‍ന്ന വേരിയന്റായ 80എക്‌സ് മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 77 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും ഇരട്ട മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് ആക്‌സിലുകളിലായി നല്‍കിയിട്ടുള്ള മോട്ടോറുകള്‍ 265 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. 513 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ഈ വാഹനം 6.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്.
ഫോക്സ്വാഗണ്‍ കുടുംബത്തില്‍ നിന്നുള്ള എം.ഇ.ബി. മോഡുലാര്‍ ബോണ്‍ ഇലക്ട്രിക് ആര്‍കിടെക്ചറിലാണ് എന്‍യാക് ഐ.വി. ഒരുങ്ങിയിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഐ.ഡി.4, ഔഡി ക്യൂ4 ഇ-ട്രോണ്‍ എന്നീ വാഹനങ്ങളും ഈ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. 4648 എം.എം. നീളം, 1879 എം.എം. വീതി, 1616 എം.എം. ഉയരം 2765 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എന്‍യാക്കിന്റെ അളവുകള്‍. സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവ്, ഡബിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ഒരുക്കാനാകും.
പുനരുപയോഗിക്കാനാകുന്ന വസ്തുകള്‍ ഉപയോഗിച്ചാണ് ഈ വാഹനത്തിന്റെ ഇന്റീരിയറിലെ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. കണക്ടഡ് ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇ-സിം സപ്പോര്‍ട്ട് ചെയ്യുന്ന 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, നാല് ലേഔട്ടുകളിലുള്ള 5.3 ഇഞ്ച് വലിപ്പത്തിലെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്‍, ആംബിയന്റ് ലൈറ്റിങ്ങ്, ലെതറിലും മൈക്രോഫൈബര്‍ ഫാബ്രിക്കിലും തീര്‍ത്തിട്ടുള്ള ഡാഷ്‌ബോര്‍ഡ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.
130 എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള തിളങ്ങുന്ന ഗ്രില്ലാണ് എന്‍യാക്കിനെ പ്രധാനമായും അലങ്കരിത്തുന്നത്. ഷാര്‍പ്പ് ഡിസൈനിലുള്ള എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, റേസര്‍ ഷാര്‍പ്പ് ഡിസൈനിലുള്ള സ്‌പോര്‍ട്‌സ് എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റ് എന്നിവയും ഈ വാഹനത്തെ അലങ്കരിക്കുന്നുണ്ട്. 19 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. റിയര്‍ വ്യൂ മിറര്‍, റൂഫ് റെയില്‍, റൂഫ് സ്‌പോയിലര്‍, സ്‌കോഡ ബാഡ്ജിങ്ങ് തുടങ്ങിയവയ്ക്ക് കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്.
Source: Autocar India
Content Highlights: Skoda Enyaq iV electric suv to unveil in india during bharat mobility show