അവസാന നാനോ, ശന്തനുവിന്റെ ലില്ലി; അത് ടാറ്റ വാഗ്ദാനം പാലിച്ചതിന്റെ കഥയാണ്

Photo: Instagram/socktalks.tv, ANI
Photo: Instagram/socktalks.tv, ANI

ടാറ്റ നാനോ എന്ന വാഹനം പിറന്നതിന് പിന്നില്‍ ഏറെ വൈകാരികമായ ഒരു കാരണമുണ്ടെന്ന് ടാറ്റ ഗ്രൂപ്പിന്റെ മേധാവിയായിരുന്ന രത്തന്‍ ടാറ്റ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ടാറ്റയുടെ വാഹനനിരയില്‍ എത്തിയിട്ടുള്ള വാഹനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ നാനോ ഒരു മികച്ച മോഡല്‍ ആയിരിക്കണമെന്നില്ല. എന്നാല്‍, തീര്‍ത്തും സാധാരണക്കാരായ ആയിരക്കണക്കിന് ആളുകളുടെ കാര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ വാഹനമായിരുന്നു ടാറ്റ നാനോ എന്ന കുഞ്ഞന്‍ ഹാച്ച്ബാക്ക്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തൊഴിഞ്ഞ ഈ വാഹനത്തെ കുറിച്ച് വീണ്ടും ഓര്‍മപ്പെടുത്തിയിരിക്കുകയാണ് രത്തന്‍ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ശന്തനു എന്ന യുവാവ്. ടാറ്റ മോട്ടോഴ്‌സ് നിര്‍മിച്ച ഏറ്റവും ഒടുവിലത്തെ നാനോയുടെ ചിത്രങ്ങള്‍ ശന്തനു സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് നാനോയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ഏറ്റവും ഒടുവില്‍ നിര്‍മിച്ച നാനോ ശന്തനുവിന്റെ കൈവശമാണുള്ളത്. ലില്ലി എന്ന് ശന്തനു പേരിട്ടിട്ടുള്ള ഈ വാഹനം ആറ് വര്‍ഷം പിന്നിട്ടതിന്റെ വൈകാരികമായ കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 

ലില്ലിക്ക് ഇന്ന് ആറുവയസ്. അവര്‍ കാഴ്ചയില്‍ ചെറുതായിരിക്കും പക്ഷേ, എന്റെ ജീവിതത്തിലെ തകര്‍ച്ചകളുടെയും നേട്ടങ്ങളുടെയും പ്രണയത്തിന്റെയും നഷ്ടങ്ങളുടെയും ഭാരം വഹിച്ചവളാണിവള്‍. ഒരു ഓര്‍മ സൂക്ഷിപ്പുകാരിയാണ് അവള്‍, വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടതിന്റെ സാക്ഷ്യമാണ്, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു എന്‍ജിനീയറിങ് പാരമ്പര്യത്തിന്റെ തെളിവാണ്. ലില്ലി, നിങ്ങളുടെ സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും നന്ദി. അവസാനത്തെ നാനോയ്ക്ക് ആറാം വാര്‍ഷികാശംസകള്‍ എന്നാണ് കുറിപ്പ്.

ഇന്ത്യയുടെ വാഹനമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച വാഹനങ്ങളിലൊന്നാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ നാനോ കാര്‍. സാധാരണക്കാരനെയും കുറഞ്ഞ വരുമാനമുള്ളവരെയും കാര്‍ എന്ന സ്വപ്നം കാണാന്‍ പ്രാപ്തമാക്കിയ വാഹനം. ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍-സ്‌കൂട്ടര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് നാനോ എന്ന കോംപാക്ട് സിറ്റി കാര്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരുന്നത്. 

2008-ല്‍ ആദ്യമായി നാനോ അവതരിപ്പിക്കുമ്പോള്‍ ഒരു ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍, 2018- ആയപ്പോഴേക്കും 2.05 ലക്ഷം രൂപ മുതല്‍ 2.97 ലക്ഷം രൂപ വരെയായിരുന്നു ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പെട്രോള്‍-സി.എന്‍.ജി. ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകളുമുണ്ടായിരുന്നു. 2018ന്റെ അവസാനത്തോടെയാണ് നാനോയുടെ ഉത്പാദനം ടാറ്റ മോട്ടോഴ്‌സ് അവസാനിപ്പിക്കുന്നത്. അവസാന കാലയളവില്‍ ഇന്ത്യയിലെ വാഹന വിപണിയില്‍ 300-ല്‍ താഴെ മാത്രം നാനോ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തിട്ടുള്ളതെന്നാണ് വിവരം.

624 സിസി രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ടാറ്റ നാനോ നിരത്തിലെത്തിച്ചത്. 37 ബിഎച്ച്പി കരുത്തും 51 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്നത്. നാല് സ്പീഡ് ട്രാന്‍സ്മിഷന്‍ നല്‍കിയിരുന്ന ഈ വാഹനത്തിന് 22 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമുണ്ടായിരുന്നു. 2018 ജൂണ്‍ മാസത്തില്‍ ഒരു യൂണിറ്റ് മാത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ വാഹനം നിരത്തൊഴിയാന്‍ തീരുമാനിച്ചത്. എങ്കിലും രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2020-ലാണ് ടാറ്റ നാനോ ഉത്പാദനം നിര്‍ത്തുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്.

Content Highlights: Remembering the Tata Nano, a revolutionary compact car that fulfilled the dreams of millions.