വാഹനശേഖരത്തിലെ രണ്ടാമത്തെ ലംബോര്‍ഗിനി; അഞ്ച് കോടിയുടെ ഉറുസ് എസ്ഇ സ്വന്തമാക്കി രോഹിത് ശര്‍മ

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ വാഹനശേഖരത്തിലെ ലംബോര്‍ഗിനി ഉറുസ് എന്ന സൂപ്പര്‍ എസ്‌യുവി അദ്ദേഹത്തിന് ഏറെ സ്‌പെഷ്യലാണ്. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയുടെ നിറത്തില്‍ എത്തിയ ഈ വാഹനത്തിന് 264 എന്ന നമ്പറായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ ആയിരുന്നു 264 എന്നത്. ഏറെ വൈകാരിക ബന്ധമുള്ള ഈ ലംബോര്‍ഗിനിക്ക് പുറമെ, രണ്ടാമത് ഒരു ലംബോര്‍ഗിനി ഉറുസ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
രോഹിത് ശര്‍മയുടെ ഗ്യാരേജില്‍ ആദ്യമെത്തിയത് റെഗുലര്‍ ഉറുസ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹം സ്വന്തമാക്കിയത് ഉറുസ് എസ്ഇ എന്ന ഹൈബ്രിഡ് മോഡലാണ്. പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനത്തില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 4.57 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഓണ്‍റോഡ് വില അഞ്ച് കോടിക്ക് മുകളിലാകും. ലംബോര്‍ഗിനിയുടെ വാഹന നിരയിലെ രണ്ടാമത് ഹൈബ്രിഡ് വാഹനമാണ് ഉറുസ് എസ്ഇ. റൂവുള്‍ട്ടോയാണ് ആദ്യമായി പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ ഒരുങ്ങിയ ലംബോര്‍ഗിനി മോഡല്‍.
വാഹനം അദ്ദേഹത്തിന് കൈമാറുന്നതിനായി വാഹനം കൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ള ഉറുസാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. റെഗുലര്‍ ഉറുസില്‍ നിന്ന് ഏതാനും ഡിസൈന്‍ മാറ്റങ്ങളും ഉറുസ് എസ്ഇയില്‍ വരുത്തിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള മാട്രിക് എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതുമയുള്ള ബമ്പര്‍ കൂടുതല്‍ അഗ്രസീവ് ഭാവമുള്ള ഗ്രില്ലുമാണ് എസ്ഇയില്‍ നല്‍കിയിട്ടുള്ളത്.
ഡിജിറ്റല്‍ കോക്പിറ്റ് എന്ന കൃത്യമായി വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളാണ് ഇന്റീരിയറിലുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണ്‍ട്രോള്‍ പാനല്‍ എന്നിങ്ങനെ മൂന്ന് സ്‌ക്രീനുകളാണ് ഇന്റീരിയറിലുള്ളത്. 12.3 ഇഞ്ച് വലിപ്പത്തിലാണ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ തീര്‍ത്തിരിക്കുന്നത്. ഷിഫ്റ്റ് സെലക്ടറിന്റെ രണ്ട് വശങ്ങളിലായി ഇലക്ട്രിക് കരുത്തിലേക്ക് മാറുന്നതിനുള്ളതും ഡ്രൈവിങ് മോഡലുകള്‍ മാറ്റുന്നതിനുമുള്ള രണ്ട് പെഡലുകള്‍ നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീലിന്റെ ഡിസൈന്‍ റെഗുലര്‍ ഉറുസിലേത് പിന്തുടര്‍ന്നാണ് എത്തുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനമെന്നാണ് ഉറുസിനെ വിശേഷിപ്പിക്കുന്നത്. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 620 ബി.എച്ച്.പി. പവറും 800 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് കൂടി ചേരുന്നതോടെ 800 ബി.എച്ച്.പി. പവറും 950 എന്‍.എം. ടോര്‍ക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഉറുസ് എസ്.ഇയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഉറുസ് എസ്.ഇയിലെ സുപ്രധാന സവിശേഷത. അതുകൊണ്ടുതന്നെ ഇ.വി.ഡ്രൈവ്, ഹൈബ്രിഡ്, റീചാര്‍ജ്, പെര്‍ഫോമെന്‍സ് എന്നീ നാല് മോഡുകള്‍ ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. മുന്‍ മോഡലില്‍ നല്‍കിയിരുന്ന കോര്‍സ, സ്ട്രാഡ, സ്പോര്‍ട്ട്, നീവ്, സാബിയ, ടെറ എന്നീ മോഡുകള്‍ ഈ വാഹനത്തിലും കൊണ്ടുവന്നിട്ടുണ്ട്. 25.9 കിലോവാട്ട് ബാറ്ററി പാക്കുള്ള ഈ വാഹനം ഇലക്ട്രിക് കരുത്തില്‍ 60 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.
Content Highlights: Rohit Sharma Acquires Lamborghini Urus S Hybrid-A Look at the Cricketer's Latest Luxury SUV