പേരിട്ടു, ഇനി പിറവി; പുതിയ 7-സീറ്റർ SUV-യുടെ പേര് പ്രഖ്യാപിച്ച് റെനോ, ഇന്ത്യയിൽ എന്നെത്തും?

photo:Renault
photo:Renault

ന്ത്യയിൽ ഇന്നു കാണുന്ന കോംപാക്ട് എസ്.യു.വി വിപ്ലവത്തിന് തുടക്കമിട്ടവരിൽ പ്രധാനി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, റെനോ ഡസ്റ്റർ. മിഡ് സൈസ് അല്ലെങ്കിൽ കോംപാക്ട് എസ്.യു.വികൾക്ക് ഇന്ത്യയിൽ എത്രത്തോളം സാധ്യതയുണ്ടെന്ന് മനസ്സിലാക്കിത്തന്ന മോഡലാണ് ഡസ്റ്റർ. ഡസ്റ്റർ തെളിച്ച പാതയിലൂടെയാണ് മറ്റു വാഹനനിർമാതാക്കളെല്ലാം ഇപ്പോൾ തങ്ങളുടെ വിപണി കെട്ടിപ്പടുക്കുന്നത്. നിരത്തിൽനിന്ന് കമ്പനി പിൻവലിച്ചെങ്കിലും ആ രൂപവും പ്രകടനവും സസ്പെൻഷനും ഇന്നും ത്രസിപ്പിക്കുന്നതാണ്. പുത്തൻ ഡസ്റ്ററിന്റെ വരവിനായി വാഹനപ്രമികൾ കാത്തിരിക്കുമ്പോൾ, എതിരാളികൾക്ക് അതൊരു പേടി സ്വപ്നം കൂടിയാണ്. 

പുതു തലമുറ ഡസ്റ്ററും അതിന്റെ 7സീറ്റർ മോഡലും ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ 7സീറ്റർ പതിപ്പിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ. ബോറിയൽ എന്നാണ് ഫ്രഞ്ച് കാർ നിർമാതാക്കൾ വാഹനത്തിന് നൽകിയിരിക്കുന്ന പേര്. വരും മാസങ്ങളിൽ എസ്‌യുവി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യം ലാറ്റിൻ അമേരിക്കയിലും തുടർന്ന് യൂറോപ്പിന് പുറത്തുള്ള 70 രാജ്യങ്ങളിലും വാഹനം പ്രദർശിപ്പിക്കും. ബ്രസീലിലാകും എസ്‌യുവി അരങ്ങേറ്റം കുറിക്കുക. റെനോയുടെ ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027-ന്റെ ബോറിയൽ എസ്‌യുവി ഭാഗമാണ്.

ബോറിയൽ എന്ന പേരിന് പിന്നിൽ വലിയ ആലോചന നടന്നിട്ടുണ്ടെന്നാണ് റെനോ പറയുന്നത്. ഗ്രീക്ക് പുരാണത്തിലെ കാറ്റിന്റെ ദേവനായ ബോറിയാസിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞതെന്ന്  കമ്പനി വ്യക്തമാക്കുന്നു. കരുത്തും പദവി ഉയർത്തുന്ന ഡിസൈനും സൂചിപ്പിക്കുന്നതിനാൽ ബോറിയൽ എന്നത് ഒരു എസ്‌യുവിക്ക് അനുയോജ്യമായ പേരാണെന്നാണ് റെനോയുടെ നെയിമിങ്ങ് സ്ട്രാറ്റജി മാനേജർ സിൽവിയ ഡോസ് സാന്റോസ് പറഞ്ഞത്. സാങ്കേതികവിദ്യ, പദവി, സുഖസൗകര്യം എന്നിവയെ ഈ പേര് കൃത്യമായി ഉൾക്കൊള്ളുന്നുവെന്ന് റെനോ പറയുന്നു. 2026-ഓടെ ബോറിയൽ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2027 ഏപ്രിലോടെ ഇന്ത്യയിൽ അഞ്ച് പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റെനോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പുതിയ മോഡലുകളും നിലവിലുള്ള മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പുകളും ഉൾപ്പെടുന്നു. അടുത്ത തലമുറ ഡസ്റ്റർ, അതിന്റെ 7 സീറ്റർ പതിപ്പ്, എസ്‌യുവികൾ, പ്രാദേശികമായി നിർമിക്കുന്ന ഒരു ഇലക്ട്രിക് വാഹനം, കൈഗർ, ട്രൈബർ എന്നിവയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ എന്നിവ പുതിയ നിരയിൽ ഉൾപ്പെടുമെന്നായിരുന്നു റിപ്പോർട്ട്. 

മൂന്നാം തലമുറ ഡസ്റ്റർ 2026-ലാകും എത്തുക. തൊട്ടുപിന്നാലെ 7സീറ്റർ വേരിയന്റും വരും. 2021-ൽ പുറത്തിറങ്ങിയ ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ രണ്ട് എസ്‌യുവികളും. റെനോയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്ന് CMF-A പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഡാസിയ സ്പ്രിങ് ഇവിയുടെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കാനാണ് സാധ്യത. 

ഡാസിയ സ്പ്രിങ്ങിന്റെ ഐസിഇ പതിപ്പാണ് ഇന്ത്യയിൽ റെനോ ക്വിഡ് എന്ന പേരിൽ റീബ്രാൻഡ് ചെയ്തിരിക്കുന്നത്. ഇലക്ട്രിക് പതിപ്പിനെ ഇന്ത്യയിൽ ക്വിഡ് ഇവി എന്ന് വിളിക്കാനാണ് സാധ്യത. അടുത്ത തലമുറ കൈഗർ, ട്രൈബർ എന്നിവയ്ക്ക് മെച്ചപ്പെടുത്തിയ ഇന്റീരിയറുകൾക്കൊപ്പം ഡിസൈനിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ഡിസൈനിങ് സ്റ്റുഡിയോ ദിവസങ്ങൾക്കു മുൻപാണ് ചെന്നൈയിൽ കമ്പനി  ആരംഭിച്ചത്. യൂറോപ്പിന് പുറത്തുള്ള റെനോയുടെ ഏറ്റവും വലിയ ഡിസൈനിങ് കേന്ദ്രമാണിത്. 2005-ൽ പുണെയിലായിരുന്നു റെനോ ആദ്യം ഡിസൈനിങ് സ്റ്റുഡിയോ സ്ഥാപിച്ചത്.  15,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ കേന്ദ്രം ഇന്ത്യക്ക് വേണ്ടി മാത്രമല്ല, യൂറോപ്പ് ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര വിപണികൾക്കായും പുതിയ കാറുകൾ രൂപകൽപ്പന ചെയ്യുന്നതിനായാണ് സജ്ജമാക്കിയത്. 
 

Content Highlights: Renaults new 7 seater SUV Boreal