റിപ്പബ്ലിക് ദിനത്തിൽ ഡസ്റ്റർ ഇന്ത്യയിൽ തിരിച്ചെത്തും; നൊസ്റ്റാൾജിക് ടീസറുമായി റെനോ | Video

#Auto Desk
photo: Renault india
photo: Renault india

ഇന്ത്യൻ വിപണിയിൽ ഡസ്റ്റർ എസ്യുവി വീണ്ടും അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് റെനോ ഇന്ത്യ. വാഹനത്തിന്റെ പുതിയ തലമുറ പതിപ്പ് ജനുവരി 26-ന് ഇന്ത്യയിൽ അരങ്ങേറും. 2012-ൽ പുറത്തിറങ്ങിയ ഡസ്റ്റർ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനമായിരുന്നു. മിഡ്സൈസ് എസ്യുവി എന്ന സെഗ്മെന്റിന് തുടക്കംകുറിച്ചതിൽ പ്രധാനിയായിരുന്നു ഈ വാഹനം.

എന്നാൽ പിന്നീട്‌ ഇതേ സെഗ്മെന്റിലേക്ക് കടന്നുവന്ന എതിരാളികളുമായി മുട്ടിനിൽക്കാൻ കഴിയാതെ വന്നപ്പോൾ ഡസ്റ്ററിന്റെ ഉത്പാദനം കമ്പനി നിർത്തി. ഇപ്പോൾ ഡസ്റ്ററിനെ റെനോ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതോടെ എതിരാളികൾ ഭയക്കുമെന്ന് ഉറപ്പ്. ലോഞ്ചിന് തയ്യാറെടുക്കുന്ന എസ്.യു.വിയുടെ പുതിയ തലമുറ മോഡലിന്റെ ടീസർ പുറത്തുവിട്ടുകൊണ്ടാണ് കമ്പനി ഡസ്റ്ററിന്റെ വരവറിയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ വീഡിയോയിൽ പഴയ ഡസ്റ്ററിനെയാണ് മുഴുനീളെ കാണാൻ സാധിക്കുന്നത്.കാണുന്നവർക്ക് നോസ്റ്റാൾജിയ സമ്മാനിക്കുന്ന തരത്തിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ടോയ് വാഹനമായും ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ ഓടിക്കുന്ന യഥാർഥ ഡസ്റ്ററിനേയും ഇതിൽ കാണിക്കുന്നു.

അവസാനഭാഗത്ത് ചുവപ്പ് തുണികൊണ്ട് മൂടിപ്പൊതിഞ്ഞ പുതുതലമുറ ഡസ്റ്റർ പ്രത്യക്ഷപ്പെടുന്നു. എസ്.യു.വിയുടെ എൽഇഡി ഡിആർഎല്ലുകളും പിൻ എൽഇഡി ലൈറ്റിങും മാത്രമാണ് ഇതിൽ കാണാനാവുക.

‘Icon is back’ എന്ന് ടീസർ പരാമർശിക്കുന്നു. ഇതോടൊപ്പം 26.01.26 എന്ന തീയതിയും ഉണ്ട്. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുതിയ തലമുറ ഡസ്റ്റർ അവതരിപ്പിക്കുക. വാഹനത്തോടൊപ്പം പൂർണമായ വില വിവരങ്ങളും അവതരിപ്പിക്കുമോ അതോ ഡസ്റ്ററിന്റെ പുതിയ ഡിസൈൻ മാത്രമാണോ ഉണ്ടാവുക എന്നത് വ്യക്തമല്ല.

പുതിയ തലമുറ റെനോ ഡസ്റ്റർ ഇതിനകം ആഗോള വിപണിയിൽ വിൽപ്പനയ്ക്കുണ്ട്. കൂടാതെ ഇന്ത്യയിൽ നിരവധി തവണ പരീക്ഷണയോട്ടം നടത്തിയതായും കാണാം. അന്താരാഷ്ട്ര വിപണിയിലുള്ള മോഡലുമായി വളരെ സാമ്യമുള്ള ഒരു പുതിയ ഡിസൈനാണ് ഇതിനുള്ളത്. വി-ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ, റൂഡ് വീൽ ആർച്ച് ക്ലാഡിങ്, ഷാർക്ക് ഫിൻ ആന്റിന, റൂഫ് റെയിൽസ്, റിയർ വൈപ്പറും വാഷറും, ചെരിഞ്ഞ വിൻഡ്ഷീൽഡ് എന്നിവ ഉൾപ്പെടുന്നു.

മുന്നിൽ, പരിഷ്കരിച്ച വൈ-ഷേപ്പ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബൂൾ ബാറിനോട് സാമ്യമുള്ള ഗ്രിൽ എന്നിവയുണ്ട്. അപ്ഡേറ്റ് ചെയ്ത റെനോ ഡസ്റ്ററിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഷാർപ്പ് വീൽ ആർച്ചുകൾ, ടേൺ സിഗ്നലുകൾ ഉൾക്കൊള്ളുന്ന സൈഡ് മിററുകൾ, ഡാർക്ക് ബി-പില്ലറുകൾ എന്നീ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു.

ലോകമെമ്പാടും ലഭ്യമായ റെനോ ഡസ്റ്റർ വിവിധ പവർട്രെയിൻ ഓപ്ഷനുകൾ നൽകുന്നു. ഇതിൽ 1.2 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 128.2 എച്ച്പി മൊത്തം ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു, 1.6 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ എൻജിൻ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്. പരമാവധി 138 എച്ച്പി പവർ ഔട്ട്പുട്ട് ഇത് നൽകുന്നു. കൂടാതെ 98.6 എച്ച്പി ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ-എൽപിജി എൻജിനും ഉണ്ട്. ഇത് 6-സ്പീഡ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

Content Highlights: Renault Duster is back in India! The new-gen SUV debuts Jan 26. Get ready for the iconic model`s comeback with a fresh design and powerful engines.