പോര്‍ഷെ മകാന്‍ നിരയിലെ എസ്, ജിടിഎസ് മോഡലുകള്‍ നിരത്തൊഴിയും; ഇനി മേല്‍കൈ മാകാന്‍ ഇലക്ട്രിക്കിന്

Photo: Porsche India
Photo: Porsche India

ന്ത്യയിലെ പ്രീമിയം വാഹനശ്രേണിയിലെ കരുത്തന്‍ സാന്നിധ്യമാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ. ഇലക്ട്രിക് വാഹനമുള്‍പ്പെടെ ഏഴ് മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്ന പോര്‍ഷെയുടെ വാഹന നിരയിലെ കരുത്തന്‍ എസ്‌യുവിയായ മകാന്റെ ഏതാനും പെട്രോള്‍ വേരിയന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. മകാന്‍ എസ്, ജിടിഎസ് എന്നീ വേരിയന്റുകളാണ് വിപണിയില്‍ നിന്നും പോര്‍ഷെയുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കിയിരിക്കുന്നത്.

രണ്ട് വേരിയന്റുകള്‍ ഒഴിവാക്കിയെങ്കിലും മകാന്റെ ഒരു പെട്രോള്‍ പതിപ്പും മൂന്ന് ഇലക്ട്രിക് വേരിയന്റും തുടര്‍ന്നും വിപണിയിലെത്തുമെന്നാണ് പോര്‍ഷെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നുവെന്ന് അറിയിച്ചിട്ടുള്ള മകാന്‍ വേരിയന്റുകള്‍ രാജ്യാന്തര വിപണികളില്‍ നിന്ന് മുമ്പുതന്നെ പിന്‍വലിച്ചിട്ടുള്ളവയാണ്. പോര്‍ഷെയുടെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കരുത്ത് പകരുന്ന 265 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന എന്‍ജിനിലുള്ള മകാന്‍ പതിപ്പായിരിക്കും വിപണിയില്‍ തുടരുന്നത്. 

മകാന്‍ നിരയില്‍ നിന്ന് നീക്കിയ എസ്, ജിടിഎസ് വേരിയന്റുകളില്‍ 2.9 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിനായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതിലെ എസ് വേരിയന്റ് 380 എച്ച്പി പവറും 520 എന്‍എം ടോര്‍ക്കും ജിടിഎസ് വേരിയന്റ് 440 എച്ച്പി പവറും 550 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. മകാന്‍ എസിന് 1.45 കോടി രൂപയും ജിടിഎസിന് 1.53 കോടി രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. വിപണിയില്‍ വില്‍പ്പന തുടരുന്ന മകാന്‍ മോഡലിന് 96.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 

മൂന്ന് വേരിയന്റുകളിലാണ് പോര്‍ഷെ മകാന്റെ ഇലക്ട്രിക് മോഡല്‍ എത്തുന്നത്. അടിസ്ഥാന വകഭേദമായ മകാന്‍ ഇലക്ട്രിക്കിന് 1.22 കോടി രൂപയും 4എസ് ഇലക്ട്രിക് പതിപ്പിന് 1.39 കോടി രൂപയും ടര്‍ബോ ഇലക്ട്രിക് വേരിയന്റിന് 1.69 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില, മകാന്‍ എസ്‌യുവിയുടെ വേരിയന്റുകള്‍ പിന്‍വലിച്ചതിന് പുറമെ, പോര്‍ഷെ നിരയിലെ മറ്റ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 911 കരേര മുതല്‍ ടൈകാന്‍ ടര്‍ബോ വരെയുള്ള മോഡലുകള്‍ക്ക് വില വര്‍ധനവ് ബാധകമാണ്.

Content Highlights: Porsche discontinues Macan S and GTS petrol variants in India