കാലിപീലി ടാക്‌സിയില്‍ ഇനി പ്രീമിയര്‍ പദ്മിനിയില്ല; പതിറ്റാണ്ടുകളുടെ ഓട്ടം അവസാനിക്കുന്നു

അരനൂറ്റാണ്ടിലേറെ മുംബൈ നഗരത്തിന്റെ സന്തോഷത്തിലും സങ്കടങ്ങളിലും കലാപങ്ങളിലും കയറിയിറങ്ങിയ പ്രീമിയര്‍ പദ്മിനി ഓര്‍മയിലേക്ക്. മുംബൈജീവിതത്തിന്റെ യാത്രാമിടിപ്പായ പ്രീമിയര്‍ പദ്മിനി തിങ്കളാഴ്ച മുതല്‍ ഓട്ടം നിര്‍ത്തും. കറുപ്പും മഞ്ഞയും നിറമുള്ള ടാക്‌സിയായ 'കാലി പീലി' വിഭാഗത്തില്‍ എഴുപതുകളും എണ്‍പതുകളുമായിരുന്നു പ്രീമിയര്‍ പദ്മിനിയുടെ സുവര്‍ണകാലം.
മുംബൈ നഗരംമുതല്‍ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍വരെ ഗമയോടെ അതോടി. ആ സമയത്ത് മുംബൈ നഗരത്തിലും പരിസരങ്ങളിലുമായി 63,200 പ്രീമിയര്‍ പദ്മിനി ടാക്‌സികളുണ്ടായിരുന്നു. പുതിയ മോഡല്‍ ടാക്‌സികളെത്തിയതോടെയാണ് പ്രീമിയര്‍ പദ്മിനിയുടെ കിതപ്പാരംഭിച്ചത്. ആപ്പ് അധിഷ്ഠിത കാബ് സേവനങ്ങള്‍ക്കും വഴിതുറന്നതോടെ ഈ വാഹനങ്ങള്‍ക്ക് ഓട്ടം കുറഞ്ഞു.
മുംബൈ ടാക്‌സിമെന്‍സ് യൂണിയന്‍ പ്രീമിയര്‍ പദ്മിനിയുടെ ഒരു കാലിപീലിയെങ്കിലും സംരക്ഷിക്കണമെന്ന് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. മുംബൈയില്‍ ഇപ്പോള്‍ 40,000 ത്തിലധികം കറുപ്പും മഞ്ഞയും കലര്‍ന്ന കാബുകള്‍ ഉണ്ട്. 1964-ല്‍ ഫിയറ്റ് 1100 ഡിലൈറ്റ് എന്ന മോഡലില്‍നിന്നാണ് പ്രീമിയര്‍ പദ്മിനിയുടെ ടാക്‌സി യാത്ര ആരംഭിച്ചതെന്ന് മുംബൈ ടാക്‌സിമെന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.എല്‍. ക്വാഡ്രോസ് പറയുന്നു.
1970-കളില്‍, ഈ മോഡല്‍ 'പ്രീമിയര്‍ പ്രസിഡന്റ്' എന്നും തുടര്‍ന്ന് 'പ്രീമിയര്‍ പദ്മിനി' എന്ന പേരിലും പുനര്‍നാമകരണം ചെയ്യപ്പെട്ടു. അടുത്തിടെ സ്‌പെയര്‍ പാര്‍ട്സുകളുടെ ലഭ്യതക്കുറവ് പ്രധാന പ്രശ്‌നമായി മാറുകയായിരുന്നു.
Content Highlights: Mumbai iconic premier padmini Kaali Peeli Taxi go off from roads, Six decades of premier padmini