റേസ് ട്രാക്കില്‍ മാത്രമല്ല, ഈ ഫോര്‍മുല വൺ റേസ് കാര്‍ റോഡിലും ചീറിപ്പായും

By: കെ.കെ
സ്വന്തമായി ഫോര്‍മുല വൺ കാറുകള്‍ റേസ് ട്രാക്കിലിറക്കുന്ന വമ്പന്‍ കാര്‍ കമ്പനികളെല്ലാം നടത്തുന്ന അവകാശവാദമുണ്ട്: റേസ് ട്രാക്കിലോടുന്ന ഫോര്‍മുല വൺ ശേഷിയുള്ള റോഡ് കാര്‍ തങ്ങള്‍ സൃഷ്ടിക്കുമെന്ന്. എന്നാല്‍ ഇവരെല്ലാം റോഡിലോടുന്ന തങ്ങളുടെ നല്ല കാറുകളുടെ സാങ്കേതികവിദ്യകള്‍ റേസ് കാറുകളിലും ഉപയോഗിക്കും എന്നല്ലാതെ നേരെ മറിച്ച് പൊതുവെ സംഭവിക്കാറില്ല.
ഈ പതിവ് മാറ്റുകയാണ് മെഴ്സിഡീസ്-എഎംജി. ഈ വര്‍ഷത്തെ ഫ്രാങ്ക്ഫർട്ട് ഓട്ടോ ഷോയില്‍ അവര്‍ അവതരിപ്പിച്ച പ്രൊജക്ട് വണ്‍ സ്പോര്‍ട്സ് കൂപ്പെ റോഡിലിറക്കി ഓടിക്കാവുന്ന സാദാ സ്പോര്‍ട്സ് കാറിന്റെ പുറംതോലണിഞ്ഞ ഒന്നാംതരം ഫോര്‍മുല വൺ കാര്‍ തന്നെ. ഫ്രാങ്ക്ഫർട്ടിലെത്തിയ കാര്‍പ്രേമികളെ കോരിത്തരിപ്പിച്ച ലൂയിസ് ഹാമില്‍ട്ടന്റെയും വാല്‍ട്ടെരി ബോള്‍ട്‌സിന്റെയുമെല്ലാം പ്രിയപ്പെട്ട റേസ് കാറായ ഡബ്ലിയു 08 ഇക്യൂ പവര്‍+എഫ് വണ്ണിന്റെ പിന്‍ഗാമിയാണ്. ഏകവ്യത്യാസം പ്രൊജക്ട് വണ്‍ ഹൈബ്രിഡ് ആണെന്നതാണ്.
1000 എച്ച്പിയിലേറെ കരുത്തുള്ള കാറിന്റെ പിന്‍ചക്രങ്ങളെ കറക്കുന്നത് 1.6-ലിറ്റര്‍ വി 6 പെട്രോള്‍ എഞ്ചിനാണെങ്കില്‍ ലിഥിയം അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മുന്‍ചക്രങ്ങളുടെ തുണ. മെഴ്സിഡീസ്-എഎംജി പെട്രോനാസ് ഫോര്‍മുല വൺ റേസ് കാറിന്റെ എഞ്ചിന്‍ തന്നെ പ്രൊജക്ട് വണ്ണിലും ഉപയോഗിച്ചിരിക്കുന്നത്. പവര്‍ ട്രെയിനും ഫോര്‍മുല വൺ കാറിന്റേതാണെന്ന് എഎംജി പറയുന്നു. കൃത്യമായും റേസ് കാര്‍ അല്ലാത്തതിനാല്‍ എഞ്ചിന്റെ പ്രകടനത്തില്‍ ചില മയപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്: ഫോര്‍മുല വൺ എഞ്ചിന്റെ ഐഡലിങ് സ്പീഡ് 3800 മുതല്‍ 4000 ആര്‍പിഎം ആണെങ്കിലും പ്രൊജക്ട് വണ്ണില്‍ അത് 1100 ആണ് (എന്നാലും ഇന്ന് നിരത്തിലോടുന്ന ഏത് സ്പോര്‍ട്സ് കാറിനേക്കാളും കൂടുതലാണിത്), റേസ് കാറിന് പരമാവധി 13800 വരെയെത്തുമെങ്കിലും റോഡ് കാറില്‍ അത് 11000 ആര്‍പിഎം മാത്രമായിരിക്കും.
Courtesy; Mercedes
ആറ് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 200 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന പ്രൊജക്ട് വണ്ണിന്റെ പരമാവധി വേഗം 350 കിലോമീറ്ററാണ്. കാറിന് റേസ് ഫ്യൂവല്‍ വേണ്ട, സ്റ്റാര്‍ട്ടാക്കുമ്പോഴും നിര്‍ത്തുമ്പോഴും കാര്യങ്ങള്‍ പരിശോധിക്കാന്‍ ട്രാക്കില്‍ കാണുന്നതുപോലെ ലാപ്പുമായി നടക്കുന്ന റേസ് എഞ്ചിനിയര്‍മാരും സാങ്കേതികവിദഗ്ധരും വേണ്ട, എഎംജി മേധാവിയായ യബിയാസ് മോയെഴ്സ് പറയുന്നു. റേസ് കാറുകളുടെ എഞ്ചിന്‍ ആയുസ്സ് ഏതാനും റേസുകള്‍ വരെ മാത്രമേ നീളൂ. പ്രൊജക്ട് വണ്‍ എഞ്ചിന്റെ ആയുസ്സ് 50,000 കിലോമീറ്ററാണ്. അതിനുശേഷം എഞ്ചിന്‍ റിഫ്രഷ് ചെയ്യണം അല്ലെങ്കില്‍ മാറ്റിവെക്കണം.
Courtesy; Mercedes
ഒക്ടോബറില്‍ നടന്ന ഓട്ടോഷോയില്‍ അനാവരണം ചെയ്യുന്നതിനും മാസങ്ങള്‍ മുമ്പെ ജൂണില്‍ നുര്‍ബര്‍ഗ്രിങ്ങ് 24 മണിക്കൂര്‍ റേസില്‍ ഓടി പ്രൊജക്ട് വണ്‍ അതിന്റെ ശേഷി തെളിയിച്ചതാണ്. 25 ലക്ഷത്തിലേറെ ഡോളര്‍ വിലയിട്ടിട്ടുള്ള ഈ മോഡല്‍ അടുത്ത വര്‍ഷം വിപണിയിലെത്തും. ആകെ 275 യൂനിറ്റുകള്‍ നിര്‍മിക്കാന്‍ മാത്രമെ മെഴ്സിഡീസ് ഉദ്ദേശിക്കുന്നുള്ളു.
Courtesy; Mercedes
Content Highlights: Mercedes AMG Project One, Mercedes Project One, Project One Hybrid Car, AMG Project One Sports Car, Mercedes AMG


VIEW ON mathrubhumi.com