ലുക്കില്‍ കുഞ്ഞനാണെങ്കിലും സുരക്ഷയില്‍ വമ്പന്‍; ക്രാഷ് ടെസ്റ്റില്‍ തിളങ്ങി മാരുതി എസ്-പ്രെസോ

മാരുതി എസ്-പ്രെസോ ക്രാഷ് ടെസ്റ്റ് | Photo: Global NCAP
മാരുതി എസ്-പ്രെസോ ക്രാഷ് ടെസ്റ്റ് | Photo: Global NCAP

കാഴ്ചയില്‍ വലിയ തലയെടുപ്പ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുഞ്ഞന്‍ കാറാണ് മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിട്ടുള്ള എസ്-പ്രെസോ. എന്നാല്‍, യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ആള്‍ അല്‍പ്പം മുമ്പിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ സെയ്ഫര്‍ കാര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ഗ്ലോബന്‍ എന്‍.സി.എ.പി. ക്രാഷ് ടെസ്റ്റിലാണ് മാരുതി എസ്-പ്രെസോ ഇടിച്ച് ജയിച്ച് കരുത്ത് തെളിയിച്ചിരിക്കുന്നത്. 

ക്രാഷ് ടെസ്റ്റില്‍ ത്രി സ്റ്റാര്‍ സുരക്ഷയാണ് എസ്-പ്രെസോ എന്ന ഈ കുഞ്ഞന്‍ വാഹനം കൈവരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 17-ല്‍ 8.96 മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 49-ല്‍ 15 മാര്‍ക്കുമാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. സ്റ്റാര്‍ റേറ്റിങ്ങില്‍ മുതിര്‍ന്നവര്‍ക്ക് മൂന്ന് സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാറുമാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച എസ്-പ്രെസോയാണ് മാരുതി സുസുക്കി ക്രാഷ് ടെസ്റ്റിനിറക്കിയത്. 

2020 നവംബറില്‍ ഈ വാഹനത്തെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നെങ്കിലും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നടത്തിയ പരീക്ഷണത്തിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്താണ് എസ്-പ്രെസോ ആഫ്രിക്കന്‍ വിപണികളില്‍ എത്തിക്കുന്നത്. ഫൈവ് ഡോര്‍ മിനി എസ്.യു.വി. ശ്രേണിയില്‍ തന്നെയാണ് ഈ വാഹനം ആഫ്രിക്കയിലും വില്‍പ്പനയ്ക്ക് എത്തുന്നത്. 

ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന എസ്-പ്രെസോ തന്നെയാണ് ആഫ്രിക്കയിലും എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വില്‍ക്കുന്ന എസ്-പ്രെസോകള്‍ക്കും ഈ സുരക്ഷ റേറ്റിങ്ങ് ബാധകമാണെന്നാണ് വിലയിരുത്തലുകള്‍. ഡ്യുവല്‍ എയര്‍ബാഗ്, പ്രീടെന്‍ഷനറുകളും ഫോഴ്‌സ് ലിമിറ്റുമുള്ള സീറ്റ്‌ബെല്‍റ്റ് എന്നിവ ഈ വാഹനത്തില്‍ അടിസ്ഥാന സുരക്ഷ ഫീച്ചറുകളായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ മിനി-എസ്.യു.വി ശ്രേണിയില്‍ എത്തിയ വാഹനമാണ് മാരുതിയുടെ എസ്-പ്രെസോ. 2019 സെപ്റ്റംബറിലാണ് ഈ വാഹനം വിപണിയില്‍ എത്തിയത്. 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയ്ക്ക് കരുത്തേകുക. ഇത് 67 ബിഎച്ച്പി പവറും 90 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ എത്തുന്നുണ്ട്. 3.85 ലക്ഷം മുതല്‍ 5.63 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.

Content Highlights: Maruti suzuki S-Presso achieve three star rating in global NCAP crash test, Maruti s-presso