ബോംബാക്രമണത്തില്‍ പോലും തകരില്ല, സൈന്യത്തിന് മെയ്ഡ് ഇന്‍ ഇന്ത്യ കവചിത വാഹനം കൈമാറി മഹീന്ദ്ര

മഹീന്ദ്രയുടെ കവചിത വാഹനം ആര്‍മഡോ സൈന്യത്തിന് കൈമാറുന്നു | Photo: Twitter
മഹീന്ദ്രയുടെ കവചിത വാഹനം ആര്‍മഡോ സൈന്യത്തിന് കൈമാറുന്നു | Photo: Twitter

ന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ച കവചിത വാഹനമായ ആര്‍മഡോ ഇന്ത്യന്‍ സൈന്യത്തിന് കൈമാറി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയാണ് ഈ അഭിമാന നിമിഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മറ്റ് സുരക്ഷാസേനകൾക്കായി മാര്‍ക്‌സ്മാന്‍, എ.എസ്.എല്‍.വി. തുടങ്ങിയ കവചിത വാഹനങ്ങള്‍ മഹീന്ദ്ര മുമ്പും നല്‍കിയിട്ടുണ്ട്.

പ്രാദേശികമായി നിര്‍മിച്ചിട്ടുള്ള രാജ്യത്തെ ആദ്യ ആര്‍മേഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനമാണ് ആര്‍മഡോ എന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെയും നമ്മുടെ സായുധസേനയുടെയും അഭിമാനം ഉയര്‍ത്തി പിടിച്ച് നിര്‍മിച്ചിരിക്കുന്ന വാഹനമാണിതെന്നും, രാജ്യത്ത് ആദ്യമായി ഒരുങ്ങിയ ഈ വാഹനം സൈന്യത്തിന് കൈമാറുകയാണമെന്നുമാണ് വാഹനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെ മഹീന്ദ്ര ഗ്രൂപ്പ് മേധാവിയായ ആനന്ദ് മഹീന്ദ്ര കുറിച്ചത്. 

ഈ വാഹനത്തിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റം മേധാവി എസ്.പി. ശുക്ല, സുഖ്‌വീന്ദര്‍ ഹായര്‍ തുടങ്ങിയവര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. സൈന്യത്തില്‍ 25 വര്‍ഷത്തെ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് സുഖ്‌വീന്ദര്‍ എന്നാണ് റിപ്പോര്‍ട്ട്. 2007-ലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് മഹീന്ദ്രയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനമാണ് മഹീന്ദ്ര ഒരുക്കിയ ആര്‍മഡോ. വാഹനത്തിന്റെ അടിസ്ഥാന ഭാരവാഹക ശേഷിയായ 1000 കിലോഗ്രാമിന് പുറമെ, അധികമായി 400 കിലോഗ്രാമിന്റെ സ്‌റ്റോറേജ് കപ്പാസിറ്റിയും ഈ വാഹനത്തിനുണ്ട്. രഹസ്യാനേഷണ ദൗത്യങ്ങള്‍, മരുഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഓപ്പറേഷനുകളും തിരച്ചിലുകളും സൈനിക പ്രതിരോധനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന വാഹനമാണിതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 

സ്‌ഫോടനങ്ങളെയും ഫയറിങ്ങിനെയും ചെറുക്കാനുള്ള കരുത്താണ് ഈ വാഹനത്തിന്റെ ബോഡിക്ക് നല്‍കിയിട്ടുള്ളത്. ഒരു സ്‌ഫോടനമുണ്ടായാലും വാഹനത്തിനും അതിലുള്ളവര്‍ക്ക് പരിരക്ഷ ഒരുക്കുന്നതിനായി ആര്‍മഡോയുടെ നാല് വശങ്ങളിലും പ്രത്യേകം കവചങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കൾ അവകാശപ്പെടുന്നത്. ഇതുപോലെ ഒരു കവചിത വാഹനത്തിന് സുരക്ഷ ഒരുക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളുടെയും അകമ്പടിയോടെയാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നത്. 

3.2 ലിറ്റര്‍ ശേഷിയുള്ള മള്‍ട്ടി ഫ്യുവല്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 216 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വിവിധ ടെറൈനുകളില്‍ യാത്രായോഗ്യമാക്കുന്നതിനായി ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ നല്‍കുന്നുണ്ട്. 12 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണിത്.

Content Highlights: Mahindra handover first made in india Armoured vehicle Armado to Indian Military