ബോംബ് ഇട്ടാല്‍ പോലും തകരില്ല, ഇന്ത്യന്‍ സൈന്യത്തിന് രണ്ട് വാഹനങ്ങള്‍ ഒരുക്കി മഹീന്ദ്ര

ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര സൈന്യത്തിനായി മാര്‍ക്‌സ്മാന്‍, എ.എസ്.എല്‍.വി, ആര്‍മഡോ തുടങ്ങി പല വാഹനങ്ങളും ഇതിനോടകം നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. കരുത്തരില്‍ കരുത്തരും അങ്ങേയറ്റം സുരക്ഷിതവുമായാണ് ഈ വാഹനങ്ങളെല്ലാം ഒരുക്കിയിട്ടുള്ളത്. ഇവയ്‌ക്കൊപ്പം രണ്ട് പുതിയ വാഹനങ്ങള്‍ കൂടി മഹീന്ദ്രയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനവും ഒരു ഓള്‍ ടെറൈന്‍ വാഹനവുമാണ് ഇത്തവണ എത്തിയിരിക്കുന്നത്.
മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ എയറോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് വിഭാഗം മേധാവി വിനോദ് സഹായ് ആണ് പുതുതായി രണ്ട് മോഡലുകള്‍ കൂടി ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വാഹനങ്ങളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നമ്മുടെ സേനയ്ക്കായി മഹീന്ദ്ര അഭിമാനത്തോടെ നിര്‍മിച്ച വാഹനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ ശക്തമാക്കുന്നതിനായി ഈ വാഹനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചിരിക്കുന്നത്.
സൈന്യത്തിനുള്ള വാഹനങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതിനായി 2021-ല്‍ രാജ്യത്തിന്റെ പ്രതിരോധന വകുപ്പും മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡും കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത് അനുസരിച്ച് 1300 കവചിത വാഹനങ്ങളാണ് മഹീന്ദ്ര സൈന്യത്തിന് കൈമാറേണ്ടത്. യുദ്ധത്തിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കിയും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനുമുള്ള ശേഷിയും നല്‍കിയാണ് മഹീന്ദ്ര സൈന്യത്തിനുള്ള ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനം നിര്‍മിച്ചിട്ടുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രൂപത്തിലാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം 1600 കിലോഗ്രാം പേ ലോഡ് കപ്പാസിറ്റിയും 80 ലിറ്റര്‍ ഇന്ധന ടാങ്കും ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷയാണ് ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. സ്‌ഫോടനത്തില്‍ നിന്ന് പോലും പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം 7.62 എം.എം. ബുള്ളറ്റുകളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശേഷിയും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
3.2 ലിറ്റര്‍ ശേഷിയുള്ള മള്‍ട്ടി ഫ്യുവല്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 212 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വിവിധ ടെറൈനുകളില്‍ യാത്രായോഗ്യമാക്കുന്നതിനായി ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ നല്‍കുന്നുണ്ട്. 12 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണിത്.
Content Highlights: Mahindra develops two specialised Armoured vehicle for Indian army, Special vehicle